Tuesday 14 January 2020 06:38 PM IST : By സ്വന്തം ലേഖകൻ

ചെറിയ കാറ്റ് വീശിയാൽ പോലും പൊടി മുറ്റത്ത്; കോൺക്രീറ്റ് മാലിന്യങ്ങൾ കാരണം പൊറുതിമുട്ടി മരട് നിവാസികൾ!

ernakulam-maradu-flat-waste-1

പ്രതീക്ഷിച്ച പോലെ മരടിലെ അനധികൃത ഫ്ലാറ്റുകൾ വിജയകരമായി പൊളിച്ചു. എന്നാൽ അതിനുശേഷം ഉണ്ടായ കോൺക്രീറ്റ്  മാലിന്യങ്ങൾ ഇതുവരെ നീക്കം ചെയ്തിട്ടില്ല. പൊടിശല്യം കാരണം പൊറുതിമുട്ടുകയാണ്‌ സമീപവാസികൾ. രണ്ടുനില കെട്ടിടത്തിന്റെ ഉയരത്തിലാണ് എച്ചടുഒ ഫ്ലാറ്റിന്റെ അവശിഷ്ടങ്ങള്‍ കുന്നുകൂടി കിടക്കുന്നത്. ചെറുതായൊരു കാറ്റടിച്ചാല്‍ തന്നെ ഇവിടെ പൊടിശല്യം രൂക്ഷമാകും. 

ഇതോടെ സമീപവാസികളുടെ പ്രതിഷേധത്തെ തുടന്ന് മരടില്‍ പൊളിഞ്ഞ ഫ്ലാറ്റുകളിലെ പൊടിശല്യം കുറയ്ക്കാനുള്ള നടപടികള്‍ തുടങ്ങി. എച്ച്ടുഒ ഫ്ലാറ്റിന്റെ അവശിഷ്ടങ്ങളില്‍ ശക്തിയായ പമ്പുകള്‍ ഉപയോഗിച്ച് വെള്ളം ചീറ്റുന്നത് തുടരുകയാണ്. പരിസരവാസികള്‍ക്കായി ആരോഗ്യവകുപ്പ് സംഘടിപ്പിച്ച മെഡിക്കല്‍ ക്യാംപും തുടങ്ങി.

ശക്തി കൂടിയ പമ്പുകള്‍ രാവിലെ ഫ്ലാറ്റിനടുത്ത് എത്തിച്ച് കായലില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് അവശിഷ്ടങ്ങളിലേക്ക് ചീറ്റുന്നത്. ദിവസത്തില്‍ മൂന്ന് നേരം ഈ പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുമെന്ന് അവശിഷ്ടങ്ങള്‍ ഏറ്റെടുക്കുന്ന കമ്പനി ഉറപ്പ് നല്‍കുന്നു. പ്രശ്നപരിഹാരത്തിന് നഗരസഭ ഇടപെടുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ ചെയര്‍പേര്‍സണെ ഉപരോധിച്ചിരുന്നു.

ഉച്ചയോടെ ആല്‍ഫാ സെരിന്‍ ഫ്ലാറ്റിന്റെ അവശിഷ്ടങ്ങളിലും വെള്ളം പമ്പ് ചെയ്ത് തുടങ്ങി. ശേഷം ആരോഗ്യവകുപ്പിന്റെ ഡോക്ടര്‍മാരടങ്ങുന്ന സംഘം ഫ്ലാറ്റിനടുത്ത് പരിസരവാസികള്‍ക്കായി പരിശോധന തുടങ്ങി. ശ്വാസതടസം നേരിടുന്നുണ്ടോ എന്നും ത്വക്ക് രോഗങ്ങള്‍ ബാധിച്ചിട്ടുണ്ടോ എന്നുമാണ് പ്രധാന പരിശോധന. നാല്‍പതോളം കുടുംബങ്ങളാണ് ആല്‍ഫാ ഫ്ലാറ്റിനു ചുറ്റും താമസിക്കുന്നത്.

Tags:
  • Spotlight