Saturday 17 November 2018 10:34 AM IST : By ദീപ്തിഷ് കൃഷ്ണ

സിനിമയെ വെല്ലുന്ന കിഡ്നാപ്പിങ്! അന്യമതസ്ഥനെ വിവാഹം ചെയ്ത വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി; നെട്ടോട്ടമോടി ഭര്‍ത്താവ്

nasla-vivek

അന്യമതസ്ഥനെ വിവാഹം ചെയ്തതിന്‍റെ പേരില്‍ എല്‍എല്‍ബി വിദ്യാര്‍ഥിനിയെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി. വേങ്ങര ഊരകം സ്വദേശിയായ നസ്‍ലയെ തിരികെ കിട്ടാനായി പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങുകയാണ് ഭര്‍ത്താവ് വിവേക്. എത്രയും വേഗം ഭാര്യയെ തിരികെ നല്‍കാന‍്‍ തയ്യാറായില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് യുവാവിന്‍റെ തീരുമാനം.

സാഹസികമായ വിവാഹം

ജൂലൈ 12നായിരുന്നു വേങ്ങര ഊരകം സ്വദേശികളായ 24 കാരന്‍ വിവേകും 19 കാരിയായ നസ്‍ലയും വിവാഹിതരായത്. ഹിന്ദു ആചാര പ്രകാരം കോഴിക്കോട് വൈരാഗിമഠത്തിലായിരുന്നു വിവാഹം. തുടര്‍ന്ന് തേഞ്ഞിപ്പാലത്തേയ്ക്ക് ഇരുവരും മാറിതാമസിച്ചു. ആറു മാസം ഒരുമിച്ചു ജീവിച്ചു. പ്രശ്നങ്ങള്‍ക്കും ഭീഷണികള്‍ക്കും നടുവില്‍. ഒടുവിലാണ് തട്ടിക്കൊണ്ട് പോകല്‍ അരങ്ങേറിയത്.

സിനിമയെ വെല്ലുന്ന കിഡ്നാപ്പിങ്

നവംബര്‍ 14– ബുധനാഴ്ച്ച. രാവിലെ 9. 30 ഓടെ രാമനാട്ടുകര, ഇടിമുഴിക്കലുള്ള ഭവന്‍സ് കോളജില്‍ നസ്‍ലയെ വിവേക് ഇറക്കി വിട്ടു. പിന്നാലെ തിരിച്ചു പോയി. തൊട്ടുപിന്നാലെ പെണ്‍കുട്ടിയെ ഒരു സംഘം കാറിലേയ്ക്ക്് ബലം പ്രയോഗിച്ച് വലിച്ചു കയറ്റി. തുടര്‍ന്ന് വാഹനം വേഗത്തില്‍ ഓടിച്ചു പോയി. കരയാനൊരുങ്ങിയ നസ്‍ലയുടെ മുഖവും വായും പൊത്തി ശബ്ദം പുറത്ത് വരുന്നില്ലെന്ന് ഉറപ്പു വരുത്തിയെന്നും ദൃക്സാക്ഷികള്‍ പറയുന്നു. കോളജിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലിസ് ശേഖരിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെയും കൊണ്ട് അന്ന് തന്നെ ബന്ധുക്കള്‍ സംസ്ഥാനം വിട്ടു. എവിടെയാണ് ഇപ്പോഴുള്ളതെന്ന് കൃത്യമായ അറിവില്ലെങ്കിലും തമിഴ്നാട്ടിലെ സേലത്തിനടുത്ത് ഇവരുണ്ടെന്നാണ് നിഗമനം. ഫോണ്‍ നെറ്റ്്വര്‍ക്ക് പരിശോധിച്ചാണ് ഫറോക്ക് പൊലിസ് ഇക്കാര്യം മനസിലാക്കിയത്.

നിരന്തര വധഭീഷണി

വിവാഹം കഴിഞ്ഞ അന്നുമുതല്‍ കത്തി മുനമ്പിലാണ് വിവേകിന്‍റെയും നസ്‍ലയുടെയും ജീവിതം. വധഭീഷണി ഉണ്ടാകാത്ത ഒരു ദിവസം പോലുമില്ല. നസ്‍ലയുടെ പിതാവ് അബ്ദുല്‍ ലത്തീഫാണ് ഭീഷണിയുമായി മുന്നില്‍. എന്തൊക്കെ സംഭവിച്ചാലും തന്‍റെ മകളോടൊപ്പം കഴിയാന്‍ വിവേകിനെ അനുവദിക്കില്ലെന്നാണ് പ്രവാസിയായ ലത്തീഫിന്‍റെ നിലപാട്. ഭീഷണിക്ക് വഴങ്ങില്ലെന്ന് കണ്ടപ്പോള്‍ പെണ്‍കുട്ടിയുടെ അമ്മാവന്മാരും മറ്റു ബന്ധുക്കളും രംഗത്തിറങ്ങി. കൊന്നു കുഴിച്ചുമൂടുമെന്നായിരുന്നു ഭീഷണി. ഇക്കാരണങ്ങള്‍ കൊണ്ട് ജോലി ചെയ്തിരുന്ന സ്വകാര്യ ബാങ്കില്‍ നിന്ന് രാജിവയ്ക്കേണ്ടി വന്നു വിവേകിന്. തൊട്ടുപിന്നാലെ മറ്റൊരു ബാങ്കില്‍ അക്കൗണ്ടന്‍റായി ജോലി ലഭിച്ചെങ്കിലും അവിടയെും തുടരാന്‍ അനുവദിക്കില്ലെന്നാണ് നസ്‍ലയുടെ ബന്ധുക്കളുടെ നിലപാട്.

വികാരഭരിതരായി വിവേകിന്‍റെ അമ്മയും അച്ഛനും

കരച്ചിലിന്‍റെ വക്കോളമെത്തി നില്‍ക്കുകയാണ് വിവേകിന്‍റെ അമ്മ ലക്ഷ്മി ദേവി. കാരണം കഴിഞ്ഞ ആറുമാസം നസ്‍ലയെ സ്വന്തം മോളെ പോലെയാണ് അവര്‍ നോക്കിയത്. തിരിച്ചിങ്ങോട്ടും അങ്ങനെ തന്നെ. സ്വന്തം ഉമ്മയെ പോലെ നസ്‍ലയും കരുതി. ഒട്ടും പ്രതീക്ഷിക്കാതെയാണ് തട്ടിക്കൊണ്ട് പോകല്‍ ഉണ്ടായത്. പല തവണ നസ്‍ലയുടെ ഉമ്മയും എം.ബി.ബി.എസിന് പഠിക്കുന്ന സഹോദരിയും കോളജിലെത്തി കണ്ടിരുന്നു. ഈ വിവാഹത്തില്‍ നിന്ന് പിന്മാറണമെന്ന് പലതവണ ആവശ്യപ്പെട്ടു. വഴങ്ങില്ലെന്ന് തോന്നിയതോടെ കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.

ഇതിലൊന്നും നസ്‍ല പതറിയില്ല. പിടിച്ചു നിന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങളെല്ലാം അവിടെ തീര്‍ന്നുവെന്നാണ് അമ്മ ലക്ഷ്മിദേവി കരുതിയത്. ‌തട്ടിക്കൊണ്ട് പോകുമെന്ന് കരുതിയില്ല. നസ്‍ലയെ തിരികെ ലഭിക്കണേ എന്ന പ്രാര്‍ഥനയിലാണ് ഇപ്പോള്‍ ഈ അമ്മ. വിവേകിന്‍റെ അച്ഛന്‍റെ സ്ഥിതിയും വ്യത്യസ്ഥമല്ല. കഴിഞ്ഞ ആറ് മാസമായി തീ തിന്നുകയാണ് ഈ മനുഷ്യന്‍. സ്വകാര്യ ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാരനാണ് വിജയന്‍. മകനെ മാത്രമല്ല തന്നെയും വിളിച്ച് നസ്്ലയുടെ ബന്ധുക്കള്‍ വധഭീഷണി മുഴക്കിയിരുന്നു. ആദ്യം കല്ല്യാണത്തില്‍ നിന്ന് മകനെ വിലക്കിയെങ്കിലും പിന്നീട് പൂര്‍ണ സമ്മതത്തോടെ നടത്തിക്കൊടുത്തതും എല്ലാത്തിനും മുന്നില്‍ നിന്നതും ഈ അച്ഛനാണ്. നസ്്ലയെ തട്ടിക്കൊണ്ട് പോയതോടെ എല്ലാവരോടും സഹായം അഭ്യര്‍ഥിക്കാനേ വിജയന് ഇപ്പോള്‍ ആകുന്നുള്ളൂ. പൊലിസുദ്യോഗസ്ഥര്‍ നസ്്ലയുടെ വീട്ടുകാര്‍ക്കൊപ്പം നില്‍ക്കുമോ എന്ന ആശങ്കയും വിജയനുണ്ട്.

പിന്‍ബലമായി കോടതിയും

ജൂലൈ ആറിനാണ് വിവേകും നസ്‍ലയും മ‍ഞ്ചേരി കോടതിയെ സമീപിച്ചത്. ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം. ഇരുവരോടും കാര്യങ്ങള്‍ തിരക്കിയ കോടതി ഒരുമിച്ച് ജീവിക്കാന്‍ അനുമതി നല്‍കി. ഇതിന് പിന്നാലെയായിരുന്നു ജൂലൈ 12ന് നടന്ന വിവാഹം. കോടിവിധിയെ എല്ലാം വെല്ലുവിളിച്ചാണ് നസ്്ലയുടെ ബന്ധുക്കള്‍ ഇപ്പോള്‍ പരസ്യമായ കൊലവിളി നടത്തുന്നത്. ഇതിനെതിരെ ഇനി വീണ്ടും കോടതിയെ സമീപിക്കേണ്ടി വരുമോ എന്ന ആലോചനയിലാണ് വിവേകും കുടുംബവും. 

more...