Tuesday 24 January 2023 12:36 PM IST : By സ്വന്തം ലേഖകൻ

ഒരു വിദ്യാർഥിക്ക് വേണ്ടി മാത്രമായി ഒരു സ്കൂൾ; എല്ലാ വിഷയവും പഠിപ്പിക്കാന്‍ ഒരേയൊരു അധ്യാപകനും! അടച്ചുപൂട്ടാനാകില്ലെന്ന് അധികൃതര്‍

school864546

ഒരു വിദ്യാർഥിക്ക് വേണ്ടി മാത്രമായി ഒരു സ്കൂൾ. പഠിപ്പിക്കാന്‍ ഒരേയൊരു അധ്യാപകനും. അത്തരത്തിലൊരു സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് വാഷിം ജില്ലയിലെ ഏറ്റവും ചെറിയ ഗ്രാമമായ ഗണേഷ്പൂരിലാണ്. ഇവിടുത്തെ ജില്ലാ പരിഷത്ത് പ്രൈമറി സ്‌കൂളിലാണ് ഒരു വിദ്യാർഥി മാത്രം പഠിക്കുന്നത്. മൂന്നാം ക്ലാസ് വിദ്യാർഥി കാര്‍ത്തിക് ഷെഗോക്കറെയാണ് ഏക വിദ്യാര്‍ഥി.  

സ്‌കൂളിലെ ഏക അധ്യാപകനാണ് കിഷോര്‍ മങ്കര്‍, എല്ലാ ദിവസവും 12 കിലോമീറ്ററിലധികം സഞ്ചരിച്ച് സ്‌കൂളിലെത്തുകയും തന്റെ ഏക വിദ്യാർഥിയായ കാര്‍ത്തിക് ഷെഗോക്കറെ പഠിപ്പിക്കുകയും ചെയ്യുന്നു. രാവിലെ അസംബ്ലിയില്‍ ദേശീയ ഗാനം ആലപിച്ചാണ് അവരുടെ ഒരു ദിവസം ആരംഭിക്കുന്നത്, തുടര്‍ന്ന് കാര്‍ത്തിക്കിനെ അദ്ദേഹം പഠിപ്പിക്കുകയും ചെയ്യുന്നു. 

"കഴിഞ്ഞ രണ്ടു വര്‍ഷമായി ഒരു വിദ്യാർഥി മാത്രമാണ് സ്‌കൂളില്‍. ഇവിടുത്തെ ഏക അധ്യാപകന്‍ ഞാനാണ്. ഞാന്‍ അവനെ എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്നു. ഉച്ചഭക്ഷണം ഉള്‍പ്പെടെ സര്‍ക്കാര്‍ നല്‍കുന്ന എല്ലാ സൗകര്യങ്ങളും വിദ്യാർഥിയ്ക്ക് നല്‍കുന്നുണ്ട്."- കിഷോര്‍ മങ്കര്‍ പറയുന്നു. 

150 ഓളം ജനസംഖ്യയുള്ള വാഷിം ജില്ലയിലെ ഏറ്റവും ചെറിയ ഗ്രാമമാണ് ഗണേഷ്പൂര്‍. വാഷിം ജില്ലയില്‍ നിന്നും 22 കിമി അകലെയുള്ള സ്‌കൂളില്‍ 1 മുതല്‍ 4 വരെയുള്ള ക്ലാസുകള്‍ നടത്താന്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഗ്രാമത്തില്‍ ആ പ്രായത്തിലുള്ളത് ഈ കുട്ടി മാത്രമാണ്. അതേസമയം ഒരു വിദ്യാർഥി മാത്രമേയുള്ളൂ എന്ന കാരണത്താല്‍ സ്ഥാപനം അടച്ചുപൂട്ടാന്‍ സാധിക്കില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ഈ കുട്ടിയുടെ വിദ്യാഭ്യാസത്തെ തടയാന്‍ ഇതൊരു കാരണമല്ലെന്നാണ് അധികൃതര്‍ പറയുന്നത്.

Tags:
  • Spotlight