Monday 29 March 2021 05:01 PM IST

ഒരു ഫോട്ടോയിൽ പല വോട്ടുകൾ! 70 ഡോളറിൽ ടെക്നോളജി നൽകാമെന്ന് ഐടി വിദഗ്ധന്‍, തെരഞ്ഞെടുപ്പ് കമ്മിഷൻ കേൾക്കുന്നുണ്ടോ?

Binsha Muhammed

russel

 ഇരട്ടവോട്ടിന്റെ പേരിൽ ഇടതും വലതും പോരടിക്കാൻ തുടങ്ങിയിട്ട് ദിവസം കുറച്ചായിരുക്കുന്നു. തെരഞ്ഞെടുപ്പ് പടിവാതിൽ‌ക്കലെത്തി നിൽക്കേ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ആദ്യവെടി പൊട്ടിച്ചത്. സംസ്ഥാനത്ത് നാല് ലക്ഷത്തി മുപ്പതിനാലായിരത്തിലേറെ ഇരട്ട വോട്ടുകളോ കള്ളവോട്ടുകളോ ഉണ്ടെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ വാദം. ഒരു ഫൊട്ടോയിൽ പിറന്ന പല തിരഞ്ഞെടുപ്പ് ഐഡികളുടെ ചിത്രങ്ങൾ പുറത്തുവന്നതോടെ സംഗതി സത്യമാണെന്ന് തെളിഞ്ഞു. ഒരേ ചിത്രങ്ങളുള്ള പലവിധ ഐഡികളെ കണ്ടെത്തുക എന്നത് ശ്രമകരമാണെന്ന് പറഞ്ഞ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടീക്കാറാം മീണ കൈമലർത്തിയതോടെ രംഗം പിന്നെയും വഷളായി. ഇരട്ടവോട്ട് തടയണമെന്ന പ്രതിപക്ഷ നേതാവിന്റെ ഹർജിയിൽ ഹൈക്കോടതി ഇടപെട്ടതാണ് കഥയിലെ പുതിയ ട്വിസ്റ്റ്. ഒരാൾ ഒരു വോട്ട് മാത്രം ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ ആവശ്യപ്പെട്ടു. പക്ഷേ കള്ളവോട്ട് തടയാനുള്ള പൂട്ടെവിടെ എന്ന ചോദ്യം ബാക്കി...

ഇരട്ടവോട്ട് തടയാൻ പെട്ടെന്ന് വഴിയില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ ടീക്കാറാം മീണയുടെ വാദം പലരും ഏറ്റുപിടിച്ചു. ഇരട്ടവോട്ടുകളും കള്ളവോട്ടുകളും ചെയ്യാൻ എന്ത് ക്രമീകരണം നടത്തുമെന്ന കൊണ്ടുപിടിച്ച ചർച്ചകൾക്കിടയിലേക്കാണ് റസൽ റഹിമെന്ന ഐടി വിദഗ്ധന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് എത്തുന്നത്. ഒരേ ചിത്രങ്ങളുള്ള പലവിധ തിരിച്ചറിയൽ കാർഡുകളെ കണ്ടെത്തുക പ്രയാസമെന്ന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ വാദത്തെ ഖണ്ഡിച്ചു കൊണ്ടായിരുന്നു റസലിന്റെ കുറിപ്പ്. തനിക്ക് 24 മണിക്കൂർ സമയം തന്നാൽ വോട്ടർ പട്ടികയിലെ വ്യാജൻമാരെ കണ്ടുപിടിച്ചു തരുമെന്ന് ടീക്കറാം മീണയെ വെല്ലുവിളിച്ചു റസല്‍. ആ ഒരൊറ്റ വെല്ലുവിളി സോഷ്യൽ ലോകവും പ്രബുദ്ധ ജനതയും ഏറ്റെടുക്കുമ്പോൾ ഫെയ്സ്ബുക്ക് പോസ്റ്റിട്ട ഐടി ബുദ്ധിയെ ‘വനിത ഓൺലൈൻ’ കണ്ടെത്തി. വ്യാജ വോട്ടർമാരെ കണ്ടെത്താൻ എന്ത് സാങ്കേതിക വിദ്യയായിരിക്കും റസലിന്റെ കൈവശമുള്ളതെന്ന അന്വേഷത്തിന് മലേഷ്യയിലെ സ്വകാര്യ കമ്പനിയിലെ ഐടി ഉദ്യോഗസ്ഥനായ റസൽ മറുപടി പറയുന്നു.

വ്യാജൻമാർ കയ്യോടെ കുടുങ്ങും

ഒന്നുകിൽ ഈ ഭൂമുഖത്തു പോലും ഇല്ലാത്ത മനുഷ്യരെ ‘ജീവിപ്പിച്ച്’ ചെയ്യുന്ന കള്ളവോട്ട് അതുമല്ലെങ്കിൽ ഒരു ഫൊട്ടോ ഉപയോഗിച്ച് പല പേരുകളിലും മേൽവിലാസത്തിലും ചെയ്യുന്ന കള്ളവോട്ട്. ആദ്യം പറഞ്ഞത് മുൻകാലങ്ങളിൽ പലപ്പോഴായി പിടിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനെത്തിയ എത്രയോ ‘മരിച്ചവരെ’ നാം കണ്ടിട്ടുണ്ട്. പക്ഷേ രണ്ടാമത് പറഞ്ഞ സംഗതിയാണ് ഇപ്പോൾ വലിയ ചർച്ചാ വിഷയം. ഒരേ ഫൊട്ടോയിലെ പലവിധ ഐഡികൾ. അത്തരം ഐഡി കണ്ടുപിടിക്കാൻ പറ്റില്ല, പ്രയാസമാണെന്ന് പറയുന്നത് എന്തു കൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല. അതും നൂതന സാങ്കേതിക വിദ്യയുടെ ഈ കാലത്ത്.– റസൽ ചോദിക്കുന്നു.

ബൂത്ത് ലെവലിലുള്ള ഓഫിസർമാർക്ക് പലവിധ പേരിലുള്ള വ്യാജ ഐഡികൾ കണ്ടുപിടിക്കുന്നത് എളുപ്പമാണ്. പക്ഷേ രണ്ട് വ്യത്യസ്ത ജില്ലകളിലാണ് ഇങ്ങനെ സംഭവിക്കുന്നതെങ്കിൽ അത് തിരിച്ചറിയാൻ ബൂത്ത് ഓഫിസർക്കോ പോളിങ് ഓഫീസർക്കോ കഴിഞ്ഞുവെന്നു വരില്ല. ആ സങ്കീർണതയെ കുറിച്ചായിരിക്കാം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സൂചിപ്പിച്ചത്. ഉദ്യോഗസ്ഥ തലത്തിൽ വോട്ടർമാരെ കൃത്യമായി ക്രോഡീകരിക്കുക എന്നത് ബുദ്ധിമുട്ടായിരിക്കാം. പക്ഷേ അതൊന്നു ഇല്ലാതെ തന്നെ വ്യാജൻമാരെ കണ്ടുപിടിക്കാൻ എന്തെല്ലാം മാർഗങ്ങളുണ്ട്. ഫൊട്ടോ കംപാരിസൺ പോലുള്ള സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് ഒരേ മുഖവും വിവിധ വിലാസവുമുള്ള വ്യാജൻമാരെ ഈസിയായി കണ്ടുപിടിക്കാം. വെറും 70 ഡോളർ മാത്രം ചെലവാക്കി ഇത്തരത്തിലുള്ള ആപ്ലിക്കേഷനുകൾ പർച്ചേസ് ചെയ്യാവുന്നതാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ഇലക്ഷൻ കമ്മീഷന് അത് സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്.

ബൂത്ത് ലെവലിൽ ഏകദേശം 1200 വോട്ടർമാർ ഉണ്ടെന്നിരിക്കട്ടെ, അവരുടെ വിവരങ്ങളെല്ലാം ക്രോഡീകരിച്ച്, ഒരു സിസ്റ്റം കേന്ദ്രീകരിച്ച് ഡേറ്റാബേസ് തയ്യാറാക്കിയാൽ തന്നെ ഇക്കാര്യത്തിൽ വ്യക്തത നമുക്ക് ലഭിക്കും. അല്ലാതെ കഴിയില്ല, ബുദ്ധിമുട്ടാണ് എന്നൊക്കെ പറയുന്നതിന് പിന്നിൽ മറ്റെന്തെങ്കിലും രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോ എന്ന് സംശയിക്കണം.– റസൽ പറഞ്ഞു നിർത്തി.