Saturday 17 November 2018 05:22 PM IST

‘ആളുകൾ അങ്ങനെ പലതും പറയും, അതു കേട്ടാർക്കും പരിഭവമരുത്!’; ‘നെഹ്റു’വിനെ തുള്ളലാക്കിയ ടീച്ചർ ഇവിടെയുണ്ട്

Binsha Muhammed

usha-teacher

‘നിന്റെ അമ്മയ്ക്കിതെന്തു പറ്റി, എന്തേ ഇങ്ങനെ കിടന്ന് തുള്ളാൻ, ഇങ്ങനേയും ടീച്ചർമാരുണ്ടോ’. – സോഷ്യൽ മീഡിയയിലെ കുത്തുവാക്കുകളേക്കാൾ ഉഷ ടീച്ചറെ ഒരു പക്ഷേ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് ആ വാക്കുകളായിരുന്നു. തന്റെ വൈറലായ ‘ശിശുദിന വിഡിയോ’ കണ്ട് ചിരിച്ചു മറിഞ്ഞവർ മകളോട് പറഞ്ഞതാണ് മേൽപ്പറഞ്ഞ ‘അരസികൻ കമന്റ്.’

‘എന്നെയെന്ത് വേണമെങ്കിലും പറഞ്ഞാട്ടേ... കളിയാക്കിക്കോട്ടെ. ഞാൻ ഞാനായിരിക്കുന്നിടത്തോളം കാലം, എന്റെ ജോലി അധ്യാപനമാണെന്ന് ബോധ്യമുള്ളിടത്തോളം കാലം ഞാൻ ഇങ്ങിനെയൊക്കെ തന്നെയായിരിക്കും. പക്ഷേ അതിന്റെ പേരിൽ എന്റെ മകൾ വേദനിച്ചു എന്നറിഞ്ഞപ്പോൾ തെല്ല് വിഷമം തോന്നി.’– ഉഷ ടീച്ചറുടെ ആമുഖം ആ വേദന പങ്കു വച്ചു കൊണ്ടായിരുന്നു.

ആത്മഹത്യ അല്ലാതെ മറ്റൊരു വഴിയും അന്നു മുന്നിൽ കണ്ടില്ല! പ്രിയപ്പെട്ട ‘തേപ്പുകാരി’യുടെ വേദനിപ്പിക്കുന്ന കഥ

എം.വി. ഉഷ എന്നു പറഞ്ഞാൽ ചിലപ്പോൾ ആരും മനസ്സിലാക്കണമെന്നില്ല. പക്ഷേ ശിശുദിനത്തിൽ നെഹ്റുവിനെക്കുറിച്ചുള്ള ‘ഓട്ടൻ തുള്ളൽ’ അവതരിപ്പിച്ച ടീച്ചർ എന്നു പറഞ്ഞാൽ എല്ലാവർക്കും മനസ്സിലായേക്കും. സൈബർ ലോകത്തിന്റെ കണ്ണും കാതും ഉടക്കിയ ആ വൈറൽ ടീച്ചറെ തേടി ഒരുപാട് കറങ്ങി. അസാധ്യ പെർഫോമൻസും അമ്പരപ്പിക്കുന്ന എനർജിയും കൊണ്ട് പിള്ളേരെ കൈയ്യിലെടുത്ത ആ ‘ശിശുദിന ടീച്ചറെ’ തേടിയുള്ള യാത്ര ഫുൾസ്റ്റോപ്പിട്ടത് തൃക്കരിപ്പൂർ സെന്റ് പോൾ ജിയുപിഎസിന്റെ സ്റ്റാഫ് റൂമിൽ. അവിടെ സഹപ്രവർത്തകരുടെ അഭിനന്ദനപ്പെരുമഴയുടെ കുളിരേറ്റിരിക്കുകയാണ് നമ്മുടെ കഥാനായിക. അവിടെ പ്രീ പ്രൈമറി അധ്യാപികയാണ് കക്ഷി.

usha-2

‘ആള് ചില്ലറക്കാരിയല്ല കേട്ടോ...സോഷ്യൽ മീഡിയയിലെ സൂപ്പർ സ്റ്റാറാണ്.–സഹ അധ്യാപികയുടെ കമന്റിന് നിഷ്ക്കളങ്കമായ പുഞ്ചിരി മാത്രം. 1000 വോൾട്ട് എനർജിയിൽ പാട്ടുപാടി നൃത്തം ചെയ്ത ടീച്ചറാണോ മുന്നിലിരിക്കുന്നതെന്ന് സംശയിച്ചു പോകും. ആ വൈറൽ പ്രകടനം പിറന്ന കഥയന്വേഷിച്ചപ്പോൾ, ‘വീണ്ടും വൈറലാക്കാനാണോ മാഷേ...’എന്ന് തമാശയോടെ മറു ചോദ്യം. ടീച്ചർക്ക് ദോഷം വരില്ലെന്നറിയിച്ചപ്പോൾ ആ ചിരിമായാതെ പറഞ്ഞു തുടങ്ങി. സിലബസിലില്ലാത്ത ആ ‘വൈറൽ ഓട്ടൻ തുള്ളൽ പ്രകടനത്തിന്റെ കഥ, വനിത ഓൺലൈനിനോട്.

ഞാൻ ആടിയത് എന്റെ മക്കളുടെ മുന്നിൽ

എന്റെ വിദ്യാർത്ഥികൾ മക്കളെപ്പോലെയാണെന്ന് ഞാൻ പറയില്ല. അവരെനിക്ക് മക്കൾ തന്നെയാണ് മാഷേ... അവരിലേക്ക് ഒരു പാഠം അതുമല്ലെങ്കിൽ ഒരു സന്ദേശം എത്തിക്കണമെന്ന് ഞാൻ കരുതിയുറപ്പിച്ചാല്‍ ഞാൻ എത്തിക്കുക തന്നെ ചെയ്യും. ഇനി അതിന് പാട്ട് പാടണമെങ്കിൽ പാട്ടു പാടും നൃത്തം ചെയ്യണമെങ്കിൽ അതു ചെയ്യും കൂടുതലെന്തിന് പറയണം ഇനി അഭിനയിക്കണമെങ്കിൽ ഞാൻ അതിലും ഒരു കൈ നോക്കും.’– നയം വ്യക്തമാക്കി ഉഷ ടീച്ചർ പറഞ്ഞു തുടങ്ങുകയാണ്.

വിവാഹശേഷം ഇതാദ്യമായി ക്യാമറയ്ക്കു മുന്നിൽ; ഭാവനയുടെ വിഡിയോ ഏറ്റെടുത്ത് ആരാധകർ–വിഡിയോ

‘പ്രീ പ്രൈമറി ടീച്ചിങ് രംഗത്ത് 10 വർഷം പൂർത്തിയാക്കിക്കഴിഞ്ഞു. ഇക്കണ്ട നാളിനിടയ്ക്ക് പിള്ളേരുടെ മുന്നിൽ ആടിയും പാടിയും അഭിനയിച്ചും ഒക്കെ തന്നെയാണ് പാഠം ചൊല്ലിക്കൊടുത്തിട്ടുള്ളത്. എന്റെ മക്കളാണ് മുന്നിലിരിക്കുന്നത്. അന്നേരം അയ്യേ... ഇതൊക്കെ നാണക്കേടല്ലേ...അതല്ലെങ്കിൽ നാട്ടുകാർ കണ്ടാൽ എന്തു വിചാരിക്കും വൈറലാകുമോ എന്നൊന്നും ചിന്തിക്കാറില്ല. ഞാനെന്നെ മറക്കും, എന്റെ ശരീരം മറക്കും സർവ്വതും മറന്ന് പഠിപ്പിക്കും. കുട്ടികളിൽ അത് എത്തണമെന്ന് മാത്രം. ഞാനിങ്ങനാണ് മാഷേ...’

usha-1-final

ചാച്ചാജി തന്ന ഐഡിയ

‘ശിശുദിനത്തിൽ ചാച്ചാജിയെക്കുറിച്ച് കുട്ടികൾക്ക് എന്തെങ്കിലും മനസിലാകുന്ന തരത്തിൽ എന്തെങ്കിലും ചെയ്യണമെന്നേ ഐഡിയ ഇട്ടുള്ളൂ. അതിങ്ങനെയാകുമെന്ന് ആരു കണ്ടൂ... സോഷ്യൽ മീഡിയ പറയും പോലെ ഞാൻ ഓട്ടൻ തുള്ളൽ കലാകാരിയൊന്നുമല്ല കേട്ടോ. ആകെയുള്ള ബന്ധം, എന്റെ മകൾ ഓട്ടൻ തുള്ളൽ അഭ്യസിച്ചിട്ടുണ്ട് അത്രമാത്രം. ഓട്ടൻ തുള്ളലിന്റെ ശീലുകൾക്കൊപ്പിച്ച് നെഹ്‍റുവിനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ മിക്സ് ചെയ്തത് പക്ഷേ ഞാനാണ്. ക്ലാസിൽ അവതരിപ്പിക്കുന്ന മാതിരി ശിശുദിനത്തിലെ സ്പെഷ്യൽ അസംബ്ലിയിലും അതങ്ങ് അവതരിപ്പിച്ചു. പക്ഷേ ആ വിഡിയോ ആരെങ്കിലും എടുക്കുമെന്നോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്നോ കരുതിയില്ല.’–ടീച്ചർ പറയുന്നു.

കളിയാക്കുന്നവരോട് പിണക്കമില്ല

ടീച്ചർക്ക് ബാധ കയറിയോ... നെഹ്‍റു കേട്ടാൽ സഹിക്കുമോ എന്നിങ്ങനെയുള്ള കമന്റുകൾ കേട്ടു. അത്തരം സമയം കൊല്ലി കമന്റുകളുടെ പേരിൽ ഞാനെന്തിന് ടെൻഷനടിക്കണം. കളിയാക്കുന്നവർ കളിയാക്കട്ടേ. ഞാൻ പറഞ്ഞല്ലോ ഇത് വൈറലായാലും ഇല്ലെങ്കിലും ഞാൻ ഇങ്ങനെയൊക്കെ തന്നെയാണ്. ഉദാഹരണത്തിന് സിംഹരാജന്റെ കഥ പറയാനാണ് എന്റെ ഭാവമെങ്കില്‍ ഞാൻ സിംഹമാകും... കുട്ടിക്കഥകളിലെ മല്ലനും മാതേവനുമായി ഞാൻ എത്രയോ വട്ടം വേഷം കെട്ടിയിരിക്കുന്നു.

usha-4

ഇംഗ്ലീഷിലും തമിഴിലും മനോഹരമായി സംസാരിച്ച് സദസ്സിനെ കയ്യിലെടുത്ത് മഞ്ജു വാരിയർ; ചിത്രങ്ങൾ, വിഡിയോ

പിന്നെ പറയാനുള്ളത്, നിങ്ങൾക്ക് കളിയാക്കാൻ ഈയൊരൊറ്റ വിഡിയോയെ മാത്രമേ കിട്ടിയുള്ളൂ എന്ന്മാത്രം. എന്റെ സ്കൂളിൽ അന്വേഷിച്ചു നോക്കൂ. കഴിഞ്ഞ 10 വർഷമായി ഞാൻ കുട്ടികളെ ഇങ്ങനെയാണ് പഠിപ്പിക്കുന്നത്. അതൊക്കെ ഈ സോഷ്യൽ മീഡിയക്കാർ കണ്ടിരുന്നെങ്കിൽ ഞാനിത്തിരിക്കൂടി വൈറലായേനെ.– ടീച്ചറുടെ മുഖത്ത് കള്ളച്ചിരി.

സ്റ്റാഫ് അംഗങ്ങളിൽ ആരോ ആണ് ആ വിഡിയോ എടുത്തത് എന്ന് മാത്രം അറിയാം. പക്ഷേ അതാര് വൈറലാകാൻ പാകത്തിന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുവെന്ന് എനിക്കറിയില്ല.

വേദനിച്ചത് എന്റെ മകൾ

വിഡിയോ വൈറലായ വഴിയോ അതിന് കാരണക്കാരായവരെയോ ഞാൻ അന്വേഷിച്ച് ചെന്നിട്ടില്ല. ഞാനിങ്ങനെ ആയിരിക്കുന്നിടത്തോളം കാലം എനിക്ക് അതിന്റെ ആവശ്യവുമില്ല. പക്ഷേ ഇതിന്റെ പേരിൽ എന്റെ മകളോട് ചിലർ കുത്തുവാക്കുകൾ പറഞ്ഞു. ‘നിന്റെ അമ്മയ്ക്കിതെന്ത് പറ്റി, എന്തേ ഇങ്ങനെ കിടന്ന് തുള്ളാൻ എന്നിങ്ങനെ ചിലർ ചോദിച്ചു.’ അവളത് എന്നോട് പറഞ്ഞപ്പോൾ വിഷമം തോന്നി. പക്ഷേ ആരംഭത്തിൽ കളിയാക്കിയവർ അഭിനന്ദനവുമായെത്തിയപ്പോൾ അവളും ഹാപ്പിയായി. ഗൾഫിലുള്ള ഭർത്താവ് രാമകൃഷ്ണനും എന്നെ നന്നായി അറിയാം. നിന്നെയെനിക്കറിയാം..ഒരു കളിയാക്കലുകളുടേയും പേരിൽ വിഷമിക്കരുത് എന്നാണ് ചേട്ടൻ എന്നോട് പറഞ്ഞത്. കളിയാക്കലുകള്‍ അസഹ്യമായപ്പോൾ സഹ ടീച്ചർമാരും ആശ്വസിപ്പിക്കാനെത്തി. ശ്ശെടാ...ഒന്നു വൈറലായെന്നു കരുതി ജോലി ചെയ്യാണ്ടിരിക്കാനൊക്കോ– ടീച്ചറുടെ മുഖത്ത് കള്ളച്ചിരി.

‘ശരീരം എന്ന തടവറയിൽ നിന്നും മോചിപ്പിക്കപ്പെട്ട നിങ്ങൾക്ക് അഭിവാദ്യങ്ങൾ’; ശിശുദിന അധ്യാപികയ്ക്ക് പിന്തുണ; കുറിപ്പ്

അടുത്ത വൈറൽ വിഡിയോ എപ്പോ കാണാനൊക്കുമെന്ന് ചോദിച്ചാണ് ടീച്ചറുമായുള്ള അഭിമുഖം അവസാനിപ്പിച്ചത്. ‘ഒന്നും ആലോചിക്കേണ്ട നേരെ ക്ലാസിലേക്ക് പോരെന്ന്’ അതേ നാണയത്തിൽ മറുപടി. ഒന്നോർത്താൽ സന്തോഷമുണ്ട് ഞാൻ വൈറലാകാൻ ഒടുവിൽ ചാച്ചാജി തന്നെ വേണ്ടി വന്നല്ലോ...–നിഷ്ക്കളങ്കമായ ചിരിയോടെ ടീച്ചർ വാക്കുകൾക്ക് ഫുൾസ്റ്റോപ്പിട്ടു.

സിനിമയെ വെല്ലുന്ന കിഡ്നാപ്പിങ്! അന്യമതസ്ഥനെ വിവാഹം ചെയ്ത വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി; നെട്ടോട്ടമോടി ഭര്‍ത്താവ്

കല്യാണപ്പെണ്ണിനുള്ള പൊന്ന് നൽകാനെത്തി; കണ്ടറിഞ്ഞത് അതിലും വലിയ ദുരിതം; രണ്ടരലക്ഷം തേടി ഫിറോസ്–വിഡിയോ

കുഞ്ഞുവാവയുടെ പേരിടൽ ചടങ്ങിന് കസവുസാരിയിൽ സുന്ദരിയായി കാവ്യ; ചിത്രം വൈറൽ

അക്ഷരയുടെ ചിത്രങ്ങൾ ചോർത്തിയത് പ്രമുഖ നടിയുടെ മകൻ?; അന്വേഷണം മുൻകാമുകനിലേക്ക്; നാടകീയം