Wednesday 18 November 2020 04:28 PM IST

നമ്മുടെ ഇഷ്ടങ്ങളിൽ നിന്ന് പ്രോഫിറ്റ് ഉണ്ടാക്കാൻ പഠിക്കാം ; എൻജീനീയർ ജോലി രാജിവച്ചു കൃഷി തുടങ്ങിയ സുമി ശ്യാംരാജിന്റെ വിജയകഥ

Shyama

Sub Editor

dffdf

അച്ഛന്റേയോ അമ്മയുടേയോ ഭർത്താവിന്റേയോ കൈയിൽ നിന്ന് പണം വാങ്ങുന്നത് ബുദ്ധിമുട്ടുള്ള ആളാണ് ഞാൻ. വളരെ ചെറുപ്പം തൊട്ടേ ട്യൂഷനെടുത്തും മറ്റുമൊക്കെ ചെറിയ തോതിലുള്ള വരുമാനം നേടിയതു കൊണ്ടും വെറുതേയിരിക്കാൻ ഇഷ്ടമല്ലാത്തതു കൊണ്ടും കൂടിയാണ് സ്വന്തമായി കൃഷി ചെയ്യാൻ തീരുമാനിക്കുന്നത്. പല തരം പ്രതിസന്ധിക്ൾ നേരിട്ടെങ്കിലും ആ ഒരു തീരുമാനമാണ് ഇന്നെന്റെ ഐഡന്റിറ്റി!’’ സുമി ശ്യാംരാജിന്റെ തളരാത്ത മനക്കരുത്തിന്റെ ഫലമാണ് അവർക്ക് പ്രതിമാസം കിട്ടുന്ന വരിമാനവും തേടിയെത്തുന്ന അംഗീകാരങ്ങളുമൊക്കെ...

‘‘സിവിൽ എൻജിനീയറിങ്ങ് സൈറ്റ് എൻജിനീയറായി ജോലിയിലിരിക്കെയാണ് മോൾ ഉണ്ടാവാനുള്ള ചികിത്സയും മറ്റും നടന്നത്. ആ സമയത്ത് ജോലിയും ചികിത്സയും ഒരുമിച്ച് കൊണ്ടുപോകാൻ ബുദ്ധിമുട്ടി. അങ്ങനെ ജോലി വിട്ടു. അഞ്ചു വർഷം മുൻപാണ് കൃഷിയിലേക്ക് തിരിയുന്നത്. എന്റെ അമ്മ നന്നായി കൃഷിയും കാര്യങ്ങളുമൊക്കെ നോക്കുന്ന ആളാണ്. ചേർത്തല തുറവൂരുള്ള വീട്ടിൽ മരുന്നടിക്കാത്ത പച്ചക്കറിയൊക്കെ കഴിച്ച് വളർന്ന് എറണാകുളത്തേക്ക് കല്യാണം കഴിഞ്ഞു വന്നു. ഇവിടെ ശുദ്ധമായ പച്ചക്കറിയൊക്കെ കിട്ടാൻ ബുദ്ധിമുട്ടായപ്പോഴാണ് ഇവിടെയും ചെറിയ രീതിയിൽ കൃഷി ചെയ്തു തുടങ്ങിയത്. ആദ്യ കാലത്ത് പച്ചക്കറിയും പശുവും ആടും നൂറോളം കോഴിയുമൊക്കെയുണ്ടായിരുന്നു. പിന്നീട് പ്രളയം വന്ന് കനത്ത നഷ്ടം വന്നതോടെയാണ് മൃഗങ്ങളെ വർത്തുന്നത് ഉപേക്ഷിച്ചത്. ഇപ്പോൾ താമസിക്കുന്ന ആലുവ–ഇടത്തലയിലുള്ള വീട് വെള്ളം കേറുന്ന സ്ഥലത്താണ്. വളർത്തുന്നതൊക്കെ ചത്തുപോകുന്നത് കണ്ടുനിൽക്കാൻ പറ്റാത്തതു കൊണ്ട്, തീർത്തും ഉപേക്ഷിച്ചു. ആദ്യത്തെ പ്രളയത്തിന് ഞാൻ ആശുപത്രിയിലായിരുന്നു. ആ സമയത്ത് മാസങ്ങളോളം വീടടഞ്ഞു കിടന്നതു കൊണ്ട്, സാമ്പത്തിക സഹായങ്ങൾ പോലും കിട്ടിയില്ല. അവിടുന്നൊക്കെ കരകയറി.

dfsfsfas

ആദ്യ കാലത്ത് പച്ചക്കറി വിത്തുകളും തൈകളും മാത്രമാണ് കൈമാറ്റം ചെയ്തിരുന്നത്. ലോക്ഡൗണ്‍ കാലത്ത് പിടിച്ചു നിൽക്കാനൊരു പിടിവള്ളി എന്ന നിലയ്ക്കാണ് കച്ചവടമായി മാറ്റിയത്. ഇപ്പോ കൂടുതലും ഇൻഡോർ –ഔട്ട് ഡോർ ചെടികളിലാണ് ശ്രദ്ധിക്കുന്നത്. കൂടുതലും ഇൻഡോർ പ്ലാന്റ്സിലേക്കാണ് ഫോക്കസ്. സ്ഥലപരിമിധിക്കുള്ളിൽ നിന്നും ആളുകൾ ചെടി വളർത്താൻ ആഗ്രഹിക്കുന്നുണ്ട്. അക്കൂട്ടത്തിലുള്ളവയ്ക്കാണിപ്പോ ഏറ്റവും ഡിമാന്റും.

എനിക്കൊരു ഫെയ്സ്ബുക്ക് ഗ്രൂപ്പുണ്ട്. സുമീസ് ഗാർഡൻ എന്നാണ് പേര്. അതിൽ എന്നും ചെടികളുടെ ചിത്രങ്ങളും കൃഷിസംബന്ധമായ അനുഭവങ്ങളും ഒക്കെ പോസ്റ്റ് ചെയ്യാം. അതിൽ ചിത്രങ്ങൾ ഇടുമ്പോൾ തന്നെ ആവശ്യക്കാർ മെസേജ് അയക്കാറുണ്ട്. തൈകൾ ഉണ്ടെങ്കിൽ അവർ ഓൺലൈനായി തന്നെ പണം അടയ്ക്കും. ‍നമ്മളിവിടുന്ന് ചെടികൾ കൊറിയർ ചെയ്യും. ഓൺലൈനായതു കൊണ്ട് തന്നെ പാക്കിങ്ങ് ആണ് ഞങ്ങൾ ഏറ്റലും ശ്രദ്ധിച്ചു ചെയ്യുന്ന കാര്യം. ചെടിയായതു കൊണ്ട് തന്നെ അവ ഒടിയാനും മറ്റുമുള്ള സാധ്യത ഏറെയാണ്. അതിനനുസരിച്ച് സൂക്ഷിച്ചാണ് പാക്കിങ്ങ്. പാക്കിങ്ങ് മോശമായാൽ ആൾക്കാർ പിന്നെ വാങ്ങില്ലല്ലോ... ഞാൻ കൊടുത്ത ചെടികളെ കുറിച്ചൊന്നും ഇതേവരെ മോശം അഭിപ്രായങ്ങൾ വന്നിട്ടില്ല. ഇന്ത്യയിലെവിടേയ്ക്കും ചെടികൾ അയച്ചു കൊടുക്കാറുണ്ട്. വീടും ചെടികളും ഉള്ളത് മൂന്ന് സെന്റിലാണ്. വീടിന്റെ മട്ടുപ്പാവിലും ടെറസിലും ഒക്കെ ചെടികളുണ്ട്. ഇത് കൂടാതെ എനിക്ക് വേണ്ടി പ്ലാൻ ചെയ്ത് തരുന്ന ഒന്നു രണ്ട് വീട്ടമ്മമാരുണ്ട്. അവർക്ക് നമ്മൾ മദർ പ്ലാന്റ് കൊടുക്കും. ഇവിടെ സ്ഥലപരിമിധിയുള്ളതുകൊണ്ട് അതൊരു ആശ്വാസമാണ്. നമ്മൾ കാരണം കുറച്ച് പേർക്കെങ്കിൽ കുറച്ച് പേർക്ക് വരുമാനമുണ്ടാകുന്നതും സന്തോഷം.

gvvjv

പച്ചക്കറി കൃഷി ചെയ്യുന്നത് വീടിനു പിന്നിലുള്ള മുപ്പത് സെന്റ് സ്ഥലത്താണ്. ഒരു സുഹൃത്തിന്റെ സ്ഥലമാണത്. എന്റെ കൃഷിയോടുള്ള താൽപര്യം കണ്ടിട്ട് കൃഷി ചെയ്യാൻ അനുവാദം തന്നതാണ്. കാടും പടലുമൊക്കെ പിടിച്ചു കിടന്ന ആ സ്ഥലം വെട്ടിത്തെളിച്ച് അവിടിപ്പോൾ നിറയെ പയർ, പാവക്ക, വെണ്ടക്ക കൂടാതെ ശീതകാല പച്ചക്കറികളായ കാബേജും കാരറ്റും ബീറ്റ്റൂട്ടും കോളിഫ്ലവറും ഒക്കെ നട്ടു പിടിപ്പിക്കാറുണ്ട്. ജൈവ കൃഷിയിലൂടെ ഉണ്ടാക്കുന്ന പച്ചക്കറികളൊക്കെ വിൽക്കുന്നത് വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ്. അഞ്ച് വർഷത്തോളമായി എന്റെയടുത്ത് നിന്ന് പച്ചക്കറി വാങ്ങുന്ന കുറേ കൂട്ടുകാരും അയൽക്കാരുമൊക്കെയുണ്ട്. എല്ലാത്തിനും വീട്ടുകാരൊക്കെ നല്ല സപ്പോർട്ടാണ്. ഭർത്താവ് ശ്യാംരാജ് ടയർ ഷോപ്പിൽ ജോലി ചെയ്യുന്നു. മകൾ നിരഞ്ജന രണ്ട് വയസ്സ്.

വാഴക്കുളം ബ്ലോക് പഞ്ചായത്തിന്റേയും ഇടത്തല കൃഷിഭവന്റെയുമൊക്കെ മികച്ച കർഷകയ്ക്കുള്ള അവാർഡ് കിട്ടിയിട്ടുണ്ട്. അനുഭവങ്ങൾ പങ്കുവയ്ക്കാനും കൃഷിയെക്കുറിച്ചും ഓൺലൈൻ വിപണനത്തെക്കുറിച്ചുമൊക്കെ ക്ലാസെടുക്കാനും പോകാറുമുണ്ട്. എല്ലാവരോടും പറയുന്നൊരു പ്രധാനപ്പെട്ട കാര്യം അവരവരുടെ താൽപര്യങ്ങൾ കണ്ടെത്തി അതു വരുമാന മാർഗം ആക്കാൻ നോക്കുക എന്നതാണ്. ഞാൻ കൃഷിയിലേക്കിറങ്ങിയത് അതിനോടുള്ള ഇഷ്ടം കൊണ്ടാണ്. വളരില്ലെന്ന് കരുതി ഉപേക്ഷിക്കുന്ന തൈകളും കമ്പുകളും പോലും എനിക്ക് വളർത്തിയെടുക്കാമെന്നൊരു കോൺഫിഡൻസ് ഉണ്ട്. പലർക്കും ഇങ്ങനൊരു കോൺഫിഡൻസ് പല കാര്യങ്ങളിലാകാം.... പാചകം, തയ്യൽ, ക്രാഫ്റ്റ് അങ്ങനെ... അതിലേക്ക് വേണം നിങ്ങൾ ശ്രദ്ധ കൊടുക്കാൻ. പ്രതിസന്ധികൾ തീർച്ചയായും വരും അതിനപ്പുറം നമുക്ക് നമ്മളിലുള്ള ആത്മവിശ്വാസം വളർത്തിയെടുക്കുക. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ അനന്തമായ സാധ്യതകൾ തുറന്നിടുന്നുണ്ട്. വെറുതേ ഫോണിൽ നോക്കിയും സീരിയൽ കണ്ടും കളയുന്ന സമയത്തിൽ ഒരു പങ്ക് പ്രൊഡക്റ്റീവ് ആക്കി മാറ്റാം. തിരിഞ്ഞു നോക്കുമ്പോ നമുക്ക് തന്നെ അത്ഭുതം തോന്നും.

Tags:
  • Spotlight