Wednesday 12 February 2020 05:16 PM IST : By സ്വന്തം ലേഖകൻ

‘കാശ് തരാവോ അമ്മീ... ദീപ മാം പോകാതിരിക്കാൻ കാണിക്കയിട്ടു പ്രാർത്ഥിക്കാനാണ്’; കുശുമ്പ് തോന്നുന്ന അധ്യാപക സ്നേഹം; കുറിപ്പ്

haaridath

സിലബസുകൾക്കപ്പുറം സ്നേഹത്തിന്റെ ഭാഷ പങ്കുവയ്ക്കുന്ന ചിലരുണ്ട്. ഉയങ്ങളിലേക്ക് പറക്കാൻ ചിറകുകൾ തരുന്ന നമ്മുടെ പ്രിയപ്പെട്ട അധ്യാപകർ. ക്ലാസ്മുറികളിൽ പിറവിയെടുക്കുന്ന മുറിച്ചു മാറ്റാനാകാത്ത അത്തരം സ്നേഹബന്ധങ്ങളുടെ അധ്യായങ്ങൾ ഇന്നും പലരുടേയും ഓർമകളിലുണ്ടാകും. . അധ്യാപക–വിദ്യാർത്ഥി ബന്ധങ്ങളുടെ ഉദാത്ത മാതൃകകളുടെ കൂട്ടത്തിലേക്ക് ഇതാ ഒന്നു കൂടി. പിരിഞ്ഞു പോകുന്ന പ്രിയപ്പെട്ട മലയാളം അധ്യാപികയ്ക്ക് സ്നേഹ സമ്മാനം നൽകിയ ഹരിദത്ത് എന്ന മിടുക്കനാണ് മനസുനിറയ്ക്കുന്നത്. ടീച്ചർ പിരിഞ്ഞു പോകുന്നുവെന്ന് വേദനയോടെ തിരിച്ചറിയുമ്പോൾ കാണിക്കയിട്ടു പ്രാർത്ഥിക്കാനിറങ്ങി തിരിച്ച ഈ മിടുക്കന്റെ കഥ ‘വനിത ഓൺലൈനോട്’ പറ‍ഞ്ഞത് ഹരിദത്തിന്റെ അമ്മയാണ്. നിഷ്ക്കളങ്കതയും സ്നേഹവും ഇഴചേരുന്ന അധ്യാപക സ്നേഹത്തിന്റെ കഥയിങ്ങനെ;

haridath-3

ഹരിദത്തിന്റെ അമ്മ വനിത ഓൺലൈനോട് പങ്കുവച്ച കുറിപ്പിങ്ങനെ;

അമ്മീ... എനിക്ക് കുറച്ചു ദിര്ഹംസ് തരുമോ??മോനാണ്...
എന്തിനാണാവോ??ഞാൻ ...
അതേയ് കാണിക്കവഞ്ചിയിൽ ഇട്ടു പ്രാർത്ഥിക്കണം... ഒരു കാര്യം നടക്കാനുണ്ട്.....
അതെന്താണാവോ??ഞാൻ...
അമ്മീ കൂടി പ്രാർത്ഥിക്കണം ഞങ്ങടെ ദീപ മാം സ്‌കൂളിൽ നിന്നു പോവാതിരിക്കാനാ....

haridath-1

കുറച്ചു നാളുകൾക്കു മുൻപ് എന്റെ മോൻ എന്നോടവശ്യപ്പെട്ട കാര്യമാ.....
..ദീപ ടീച്ചർ..മോന്റെ മലയാളം ടീച്ചർ ആണ്...ടീച്ചറോട് വല്യ ഇഷ്ടമാണ്...അതാണീ ആവശ്യവും പ്രാർഥനയും...
അങ്ങനെ ഞങ്ങള് രണ്ടു പേരും മുട്ടിപ്പായി പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു...ഒന്നു രണ്ടു ആഴ്ച ക്കു മുന്നേ ഒരു ദിവസം എന്നോട് വന്നു പറഞ്ഞു...ദീപ മാം പോകുവാ അമ്മീ...നമ്മുടെ പ്രാർഥന ഒക്കെ വെറുതെ ആയല്ലൊന്നു... ശരിക്കും സങ്കടം ആരുന്നു..മോന്....അന്നെന്നോട് പറഞ്ഞു എനിക്ക് ദീപ മാമിനെ പടം വരച്ചു കൊടുക്കണം എന്നു...ആയിക്കോട്ടെ...exam കഴിഞ്ഞാൽ വരച്ചു കൊടുത്തോ...ന്നും പറഞ്ഞു..മലയാളം exam കഴിഞ്ഞു വന്നിരുന്നു..ഒറ്റയിരുപ്പിൽ വരച്ചു തീർത്തു..പത്തു മിനിറ്റ് കൊണ്ട് കാർഡും റെഡി...സാധാരണ അങ്ങനെ കുത്തിയിരുന്നു ഒന്നും ചെയ്യുന്ന ആളല്ല അവൻ..അവന്റെ ഇരുപ്പും ചെയ്തും കണ്ടപ്പോൾ എനിക്ക് മനസ്സിലായി ദീപ ടീച്ചർ അവനു എത്രത്തോളം പ്രിയങ്കരി ആണെന്ന്...

അഞ്ചാം ക്ലാസ് വരെ ഹിന്ദി ഹമാര രാഷ്ട്രഭാഷ ആരുന്നു....ആറിൽ എത്തിയപ്പോളാണ് നമുക്ക് പറ്റിയത് മാതൃഭാഷ ആണെന്ന് തോന്നൽ ശക്തമായത്...അങ്ങനെ ചില്ലക്ഷരങ്ങളോടും കൂട്ടക്ഷരങ്ങളോടും യാതൊരു സൗഹൃദവും ഇല്ലാതെ സ്വരക്ഷരങ്ങളും വ്യഞ്ചനാക്ഷരങ്ങളും മാത്രം കൈമുതലാക്കിയ എന്റെ മോനെ ഞാൻ ദീപ ടീച്ചറിനെ ഏൽപ്പിക്കുന്നത്..അവിടുന്നിങ്ങോട്ടു ഇന്ന് വരെ...മലയാളത്തിന് ഫുൾ മാർക്കുമായി എന്റെ മോൻ നിക്കുമ്പോൾ.... ഇതിന്റെയെല്ലാം ക്രെഡിറ്റ് വേറെ ആർക്കു കൊടുക്കാനാണ്??? എപ്പോൾ പഠിക്കാൻ പറഞ്ഞാലും മലയാളം പഠിക്കാൻ വല്യ ഇഷ്ടം...ആദ്യം എടുക്കുന്നതും മലയാളം ബുക് ആണ്..ഓരോ വാക്കും വായിക്കുന്നതിനു ഇടയിൽ ഓരോ കഥ എന്നോട് പറയും...ദീപ ടീച്ചർ ക്ലാസ്സിൽ പറഞ്ഞു കൊടുത്തതാണ് പോലും...അല്ലേലും കഥകൾ പണ്ടേ അവനു ഇഷ്ടമാ...
അങ്ങനെ പടം വരേം കഴിഞ്ഞു...കാർഡും റെഡി ആക്കി..ഇനീപ്പോ ടീച്ചർക്ക് കൊടുത്താൽ മതി...ഇതെല്ലാം കണ്ടു അല്പസ്വല്പം കുശുമ്പ് പിടിച്ചിരിക്കുവാരുന്നു ഞാൻ...(ഞാനും ഒരു ടീച്ചർ ആണേ...)എനിക്ക് എന്നാണാവോ ഇങ്ങനെയൊന്നു കിട്ടുക എന്നു ചിന്തിച്ചു അന്തം വിട്ടിരുന്ന എന്നോട്..

അമ്മീ...എപ്പോളും ചിരിച്ചു നല്ല സ്നേഹത്തോടെ കുട്ടികളെ പഠിപ്പിക്കണം എപ്പോളും. ...അമ്മിക്കും കിട്ടും..ന്നു..എന്റെ മനസ്സ് വായിച്ചപോലെ മോന്റെ മറുപടി...കിട്ടും...കിട്ടുമായിരിക്കും..എപ്പോൾ എങ്കിലും... ല്ലേ... അവാർഡുകളോ..പ്രശംസാപത്രങ്ങളോ മൊമെന്റോകളോ ഒന്നുമല്ല ഒരു അധ്യാപകനെ /അധ്യാപികയെ മികച്ചതാക്കുന്നത്..അവര് പഠിപ്പിച്ച കുട്ടികളുടെ മനസ്സിൽ സ്നേഹത്തോടെ ഇങ്ങനെ നിറഞ്ഞു നിൽക്കുമ്പോൾ ആണ്..ബ്ലൂമിന്റെ taxonomy അരച്ചുകലക്കി കുടിച്ചത് കൊണ്ടോ...ഗംഭീര powerpoint പ്രെസെന്റഷൻസ് നടത്തിയത് കൊണ്ടോ..ഒന്നും ആരും മികച്ച അധ്യാപകരാവാൻ പോകുന്നില്ല...അതിനു വേണ്ടത് സ്നേഹം മാത്രമാണ്. ....ഒരു കുട്ടിയെ അവനായി കണ്ടു അറിഞ്ഞു സ്നേഹിക്കണം.. ...ദീപ ടീച്ചറേ ...എത്ര ഭാഗ്യവതി ആണ് ടീച്ചർ...എന്റെ മോൻ ഉൾപ്പെടെ എത്രയോ കുട്ടികളുടെ മനസ്സിലാണ് ടീച്ചർ ഇങ്ങനെ സ്നേഹമായി നിറഞ്ഞു നിൽക്കുന്നത്...