Thursday 11 July 2019 12:32 PM IST

ചെറുകഥകളുടെ സാഹിത്യകാരന്റെ ജീവിതം ഒരു ദുരന്ത കഥ! അക്കാദമി അവാർഡ് ജേതാവിനെ സഹായിക്കണമെന്ന് അഭ്യർഥിച്ച് സാഹിത്യകാരൻമാർ

V.G. Nakul

Sub- Editor

t1

മലയാളിയുടെ വായനാനുഭവങ്ങളിൽ തോമസ് ജോസഫിന്റെ രചനകൾ നവീനമായ ഒരു അനുഭവമായിരുന്നു. സ്വപ്നസമാനമായ ഒരു അപരലോകത്തേക്കാണ് ഈ പ്രതിഭാധനനായ സാഹിത്യകാരൻ വായനക്കാരെ കൂട്ടിക്കൊണ്ടു പോയത്.

എന്നാല്‍, കഴിഞ്ഞ 10 മാസമായി മസ്തിഷ്കാഘാതം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. ശരീരം തളർന്ന്, ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപ്പാലത്തിലൂടെ, ‘ദൈവത്തിന്റെ പിയാനോയിലെ പക്ഷികളും’ ‘ചിത്രശലഭങ്ങുടെ കപ്പലും’ ‘പരലോക വാസസ്ഥലങ്ങളും’ മലയാളികൾക്കു സമ്മാനിച്ച ആ മഹാനായ എഴുത്തുകാരന്റെ ജീവിതം ദിശയറിയാതെ സഞ്ചരിക്കുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയും കടങ്ങളും നിറഞ്ഞ ചുറ്റിപാടിൽ, മകന്റെ ചെറു വരുമാനത്തിലും സുഹൃത്തുക്കളുടെ സഹായത്തിലും ജീവിതവും ചികിത്സാ ചെലവുകളും മുന്നോട്ടു കൊണ്ടു പോകാനാകാതെ, ദിവസങ്ങൾ തള്ളി നീക്കുകയാണ് കേരള സാഹിത്യ അക്കാദമി ജേതാവു കൂടിയായ അദ്ദേഹത്തിന്റെ കുടുംബം.

t5

തോമസ് ജോസഫിന്റെ രോഗത്തെക്കുറിച്ചും ജീവിതപ്രതിസന്ധികളെക്കുറിച്ചും വെളിപ്പെടുത്തി അദ്ദേഹത്തിന്റെ മകൻ ജസെ ‘വനിത ഓൺലൈനു’മായി സംസാരിക്കുന്നു.

‘‘കഴിഞ്ഞ സെപ്റ്റംബർ 15നാണ് പപ്പയ്ക്ക് സ്ട്രോക്ക് വന്നത്. രാത്രി, ഉറക്കത്തിനിടയിലായിരുന്നതിനാൽ അറിയാൻ വൈകി. ഇടത് വശം പൂർണമായും തളർന്നു. അഞ്ച് മാസത്തോളം ആശുപത്രിയിലായിരുന്നു. കാര്യമായ പുരോഗതി ഉണ്ടായില്ല. ഇപ്പോൾ വീട്ടിലാണ്. പപ്പയെ പരിചരിക്കാൻ ഒപ്പം നിൽക്കേണ്ടി വന്നതിനാൽ അമ്മയുടെ ചെറിയ ജോലിയും നഷ്ടമായി. ഇപ്പോൾ എന്റെ വരുമാനം മാത്രമാണ് ഏക ആശ്രയം. ആലുവയിൽ, ഒരു സുഹൃത്തിന്റെ യൂസ്ഡ് കാർ ഷോറൂമിലാണ് ഞാൻ ജോലി ചെയ്യുന്നത്. ഇപ്പോഴത്തെ ചിലവുമായി തട്ടിച്ചു നോക്കുമ്പോൾ എന്റെ ശമ്പളം പപ്പയുടെ മരുന്നിനു പോലും തികയില്ല’’. – ജസെ പറയുന്നു.

‘‘പപ്പ പ്രൂഫ് റീഡറായിരുന്നു. പല മാധ്യമ സ്ഥാപനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. പക്ഷേ പപ്പയ്ക്ക് ജീവിതം എഴുത്തിനു വേണ്ടിയുള്ളതായിരുന്നു. എഴുത്തും ജീവിതവും പപ്പ രണ്ടായി കണ്ടിട്ടില്ല. 4 വർഷമായി പപ്പ ജോലിക്കൊന്നും പോയിരുന്നില്ല. എഴുത്തു മാത്രമായിരുന്നു. എഴുത്തു മാത്രമായി ജീവിക്കുന്നവരുടെ സാഹചര്യം അറിയാമല്ലോ. അമ്മയുടെയും എന്റെയും വരുമാനം കൊണ്ടാണ് കാര്യങ്ങൾ നടന്നിരുന്നത്. അതിനെയാണ്...’’.– വാക്കുകൾ പൂർത്തിയാക്കാതെ ജെസെ കുറച്ചു നേരം നിശബ്ദനായി.

t4

‘‘സമ്പാദ്യമൊന്നുമുണ്ടായിരുന്നില്ല. ഒന്നര വർഷം മുമ്പായിരുന്നു സഹോദരിയുടെ വിവാഹം. അതിനു വേണ്ടി 10 ലക്ഷം രൂപ ലോണെടുത്തിരുന്നു. എല്ലാവരും ചേർന്നാണ് അത് അടച്ചുകൊണ്ടിരുന്നത്. ഇപ്പോൾ താമസിക്കുന്ന, ആലുവയിലെ 10 സെന്റും വീടും വച്ചാണ് ലോൺ എടുത്തത്. ലോൺ കൃത്യമായി അടയ്ക്കാൻ സാധിക്കാത്തതിൽ പപ്പയ്ക്ക് വലിയ വിഷമമുണ്ടായിരുന്നു. അതിന്റെ ടെൻഷനും കൂടിയൊക്കെയായപ്പോൾ....’’.– ജെസെയുടെ വാക്കുകൾ വീണ്ടും മുറിഞ്ഞു.

‘‘5 മാസം ആശുപത്രി ചെലവ് മാത്രം 17 ലക്ഷം രൂപയായി. പപ്പയുടെ സുഹൃത്തുക്കളാണ് സഹായിച്ചത്. ഒടുവിൽ ഡിസ്ചാർജ് ചെയ്യുമ്പോൾ ഒരു ലക്ഷത്തി ഒൻപതിനായിരം രൂപയുടെ ചെക്ക് കൊടുത്തിരുന്നു. അതും അടച്ചിട്ടില്ല. അവധി നീട്ടിയെടുത്തിരിക്കുകയാണ്. ഇപ്പോൾ ഹോസ്പിറ്റലിൽ കൊണ്ടു പോകുന്നതിനനുസരിച്ചാണ് ചെലവ്. ഞാൻ ജോലിക്കു പോകുന്നതിനാൽ അമ്മയ്ക്ക് മാത്രമായി പപ്പയെ നോക്കാനാകില്ല. എപ്പോഴും പപ്പയുടെ അടുത്ത് ഒരാൾ വേണം. കഴുത്തിലും വയറ്റിലും ട്യൂബ് ഇട്ടിരിക്കുകയാണ്. വയറ്റിലേക്ക് നേരിട്ട് ഭക്ഷണം ട്യൂബ് വഴി കൊടുക്കുകയാണ്. ഒരു ഹോം നേഴ്സിനെ വച്ചിട്ടുണ്ട്. ഒപ്പം ഫിസിയോ തെറപ്പിയും ചെയ്യുന്നു’’.– ജെസെ തുടർന്നു.

‘‘പപ്പയുടെ ഇടതു വശം പൂർണമായും തളര്‍ന്ന അവസ്ഥയിലാണ്. തലച്ചോറിന്റെ വലതു വശത്തേക്കുള്ള രക്തയോട്ടം നിലച്ചു. ഞങ്ങളെ തിരിച്ചറിയുന്നുണ്ട്. സംസാരിക്കാനോ, ചലിക്കാനോ സാധിക്കാത്തതിനാൽ ഓർമയുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വ്യക്തമല്ല. വലതു കയ്യും കാലും ചെറുതായി അനക്കുന്നുണ്ട്. ഇനിയും ചികിത്സയ്ക്ക് വലിയ തുക വേണം. ഹോം നഴ്സിന് മാസം 2000 രൂപയാണ് ശമ്പളം. ഫിസിയോ തെറപ്പിക്ക് മാത്രം ദിവസം 500 രൂപ വേണം. ഒപ്പം മരുന്നും ചികിത്സയുടെ ആവശ്യങ്ങളും വീട്ടു ചെലവും ലോണിന്റെ തിരിച്ചടവും എല്ലാം കൂടി ചേരുമ്പോൾ കയ്യിൽ നിൽക്കില്ല’’.– ജെസെ പറഞ്ഞു നിർത്തി.

ബി.എസ്.ഡബ്ലു ബിരുദധാരിയാണ് 27 വയസ്സുകാരനായ ജെസെ. ഈ പ്രായത്തിൽ ജെസെയുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ വിവരിക്കാവുന്നതിനുമപ്പുറം. പപ്പയുടെ അക്ഷരങ്ങളെ സ്നേഹിച്ച സുമനസ്സുകൾ അദ്ദേഹത്തിനായി നൻമയുടെ കരം നീട്ടുമെന്ന പ്രതീക്ഷയിലാണ് ഈ ചെറുപ്പക്കാരൻ....

2013 ൽ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്, എസ്.ബി.ടി. സാഹിത്യപുരസ്കാരം, കെ.എ. കൊടുങ്ങല്ലൂർ സ്മാരക പുരസ്കാരം, 2009ലെ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അവാർഡ് എന്നിവയാണ് തോമസ് ജോസഫിനെ തേടിയെത്തിയ പ്രധാന പുരസ്കാരങ്ങൾ.

t2

സാഹിത്യകാരായ സേതു, എം മുകുന്ദൻ, സക്കറിയ, എൻ എസ് മാധവൻ, ബെന്യാമിൻ, കെ ആർ മീര, റഫീഖ് അഹമ്മദ്, മധുപാൽ, പി എഫ് മാത്യൂസ്, ആർ ഉണ്ണി, സി കെ ഹസ്സൻകോയ എന്നിവർ തോമസ് ജോസഫിനെ സഹായിക്കാനായി അഭ്യർത്ഥനയുമായി രംഗത്ത് വന്നിട്ടുണ്ട്. തോമസ് ജോസഫിന്റെ ഇപ്പോഴത്തെ അവസ്ഥയും സഹായം വേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി ഇവർ സംയുക്ത പ്രസ്താവനയും ഇറക്കി. മകൻ ജെസ്സെയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ചികിത്സാ സഹായം നൽകണം എന്നാണ് ഇവർ അഭ്യർത്ഥിച്ചിട്ടുള്ളത്.

അഭ്യർത്ഥന ചുവടെ:

മലയാള ചെറുകഥയ്ക്ക് ഉജ്ജ്വല സംഭാവനകൾ നൽകിയിട്ടുള്ള എഴുത്തുകാരനും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ തോമസ് ജോസഫ് മസ്തിഷ്കാഘാതത്തെ തുടർന്ന് അബോധാവസ്ഥയിൽ ആയിട്ട് പത്തുമാസം പിന്നിടുന്നു. അഞ്ചു മാസത്തോളം ആശുപത്രിയിൽ ആയിരുന്നു. ഇപ്പോൾ സ്വന്തം വീട്ടിൽ, കഴുത്തിലും വയറ്റിലും ട്യൂബുകൾ ഘടിപ്പിച്ച നിലയിലാണ്. അദ്ദേഹത്തിന്റെ ഭാര്യയുടെ ജോലി ദീർഘകാലത്തെ അവധി കാരണം നഷ്ടപ്പെട്ടു. മകൻ ജെസ്സെയുടെ ചെറിയ വരുമാനം കൊണ്ടാണ് ചെലവുകൾ കഴിയുന്നത്. ലോണടച്ചു തീരാത്ത ഒരു വീട് മാത്രമാണ് ഇവരുടെ സമ്പാദ്യം. ആശുപത്രി ചികിത്സയ്ക്ക് വേണ്ടി വന്ന ഭീമമായ തുക സുഹൃത്തുക്കളുടെയും അഭ്യൂദയകാംക്ഷികളുടെയും സഹായത്തോടെയാണ് സമാഹരിച്ചത്. ഒരു നേഴ്സിന്റെ വിദഗ്ധപരിചരണം ഉൾപ്പെട്ടെ, അനശ്ചിതവും വമ്പിച്ചതുമായ ഒരു തുടർച്ചെലവിനെയാണ് തോമസിന്റെ കുടുംബം ഇപ്പോൾ അഭിമുഖീകരിക്കുന്നത്. ആകെയുള്ള വീട് വിൽക്കുകയല്ലാതെ മറ്റൊരു മാർഗ്ഗവും അവർക്കില്ല.

മലയാള കഥയിൽ പ്രതിഭയുടെ പാദമുദ്ര പതിപ്പിച്ച ഒരെഴുത്തുകാരന്റെ പ്രതിസന്ധിയിൽ വായനക്കാരോടും സഹൃദയരോടും സഹായാഭ്യർത്ഥന നടത്താൻ സുഹൃത്തുക്കളായ ഞങ്ങൾ വീണ്ടും നിർബന്ധിതരവുകയാണ്. തോമസ് ജോസഫിനെ സഹായിക്കാൻ ആഗ്രഹമുള്ളവർക്ക് അദ്ദേഹത്തിന്റെ മകൻ ജെസ്സെയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയയ്ക്കാവുന്നതാണ്.
സേതു.
മുകുന്ദൻ
സക്കറിയ
എൻ.എസ്. മാധവൻ
ബെന്യാമിൻ
കെ.ആർ. മീര
റഫീഖ് അഹമ്മദ്
മധുപാൽ
പി.എഫ്. മാത്യൂസ്
ആർ. ഉണ്ണി
സി.കെ ഹസ്സൻകോയ

Jesse
A/C no. 2921101008349
IFSCCNRB0005653
Canara Bank,
Chunangamveli branch
Aluva