Friday 17 February 2023 11:58 AM IST : By സ്വന്തം ലേഖകൻ

രാജിനി ചാണ്ടിയുടെ മാസ്റ്റർപീസ് വിഭവം ചിക്കന്‍ റോസ്റ്റ്; സ്‌പെഷൽ റെസിപ്പി ഇതാ

rajini-chandy677 തയാറാക്കിയത്: മെര്‍ലി എം. എല്‍ദോ, ഫോട്ടോ: സരുൺ മാത്യു. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: അഭിലാഷ് തങ്കപ്പൻ, എക്സിക്യൂട്ടീവ് സൂ ഷെഫ് പോർട്ട് മുസിരിസ്, ട്രിബ്യൂട്ട് പോർട്ട്ഫോളിയോ, നെടുമ്പാശ്ശേരി, കൊച്ചി

പത്തു പേരല്ല, 30 പേര് ഒരുമിച്ചു വന്നാലും രാജിനി ചാണ്ടിക്കു നിസ്സാരം. ‘ഒരു മുത്തശ്ശിഗദ’ എന്ന സിനിമയിലൂടെ മലയാള സിനിമയിൽ എത്തിയ രാജിനി ചാണ്ടി പറഞ്ഞു വരുന്നതു ഭക്ഷണം വിളമ്പുന്ന കാര്യമാണ്. 

‘‘എന്റെ പതിനെട്ടാം വയസ്സിലായിരുന്നു ഞങ്ങളുടെ കല്യാണം. ചാണ്ടിച്ചനന്നു മുംബൈ അമേരിക്കൻ എക്സപ്രസ് ഇന്റർനാഷനൽ ബാങ്കിലാണ് ജോലി. കൂടെ ജോലി ചെയ്യുന്ന വിദേശികൾ ഉൾപ്പെടെ 10-35 പേരെ ഇടയ്ക്കിടെ വീട്ടിലേക്കു ക്ഷണിക്കും. നാടൻ ഭക്ഷണം വിളമ്പണമെന്ന് ചാണ്ടിച്ചനു നിർബന്ധമായിരുന്നു. പാലപ്പവും സ്റ്റ്യൂവും ആയിരുന്നു അന്നത്തെ മെയിന്‍ ഡിഷ്.’’ അമ്മയുടെ കയ്യിൽ നിന്നു പകർന്നു കിട്ടിയ കൈപുണ്യമാണ് തന്റെ അടുക്കളയിലെ വിജയമെന്നു പറയുന്നു രാജിനി.

‘‘ചിക്കൻ റോസ്റ്റും മീൻ വറ്റിച്ചതും തുടങ്ങി നാടൻ വിഭവങ്ങളാണ് അന്നും ഇന്നും എന്റെ മാസ്റ്റർപീസ്. എല്ലാം അമ്മച്ചി പഠിപ്പിച്ചു തന്നതാ. പക്ഷേ, ഓരോന്നിനും എനിക്കെന്റേതായ സ്റ്റൈലുണ്ട്. സാധാരണ ആളുകൾ കൂർക്ക ഉണ്ടാക്കുമ്പോൾ അതു വെട്ടിക്കണ്ടിച്ചിടും. പക്ഷേ, ഞാനതു നല്ല ഭംഗിയായി കനം കുറച്ചരി‍ഞ്ഞാണ് ‍ഉലർത്തുന്നത്. കോഴി റോസ്റ്റിനുള്ള കോഴി രണ്ടു കിലോയിൽ താഴെ വേണമെന്ന് എനിക്കു നിർബന്ധമാണ്. ഒത്തിരി ഇറച്ചിയുണ്ടേൽ കഷണത്തേലൊന്നും മസാല പിടിക്കില്ല. ഒരു കോഴി ഏകദേശം 18–20 പീസാക്കിയാണ് ഞാൻ കറി വയ്ക്കുന്നത്.

ജനിച്ചു വളർന്നതു തൊടുപുഴയിലാണ്. എന്റെ അമ്മച്ചീടെ വീട് ആലുവയിലും. അമ്മച്ചി ഇടയ്ക്കിടെ അമ്മയെക്കാണാൻ ആലുവയ്ക്കു പോകുമ്പോൾ വീടു നോക്കുന്നതു ഞങ്ങളു മക്കളു തന്നെയാ. കോഴിയെ ഓടിച്ചിട്ടു പിടിച്ചു കൊന്നു കറി വയ്ക്കുന്നതൊക്കെ ഒരാഘോഷം തന്നെ ആയിരുന്നു.’’ എട്ടു മക്കളിൽ ഏഴാമത്തെയാളാണ് രാജിനി. 

_BCD4934_1 തയാറാക്കിയത്: മെര്‍ലി എം. എല്‍ദോ, ഫോട്ടോ: സരുൺ മാത്യു. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: അഭിലാഷ് തങ്കപ്പൻ, എക്സിക്യൂട്ടീവ് സൂ ഷെഫ് പോർട്ട് മുസിരിസ്, ട്രിബ്യൂട്ട് പോർട്ട്ഫോളിയോ, നെടുമ്പാശ്ശേരി, കൊച്ചി

ചിക്കന്‍ റോസ്റ്റ്

1. ചിക്കന്‍ – ഒന്ന്, 18–20 കഷണങ്ങളാക്കിയത്

2. സവാള – രണ്ട്–മൂന്ന്, അരിഞ്ഞത്

തക്കാളി – രണ്ട്–മൂന്ന്, അരിഞ്ഞത്

പച്ചമുളക് – രണ്ട്– മൂന്ന്, പിളര്‍ന്നത്

ഇഞ്ചി – ഒന്നരയിഞ്ചു കഷണം, അരിഞ്ഞത്

വെളുത്തുള്ളി – അഞ്ച്– ഏഴ് അല്ലി

കുരുമുളകുപൊടി – ഒന്നര വലിയ സ്പൂണ്‍

ഗരംമസാലപ്പൊടി – രണ്ടു ചെറിയ സ്പൂണ്‍

മഞ്ഞള്‍പ്പൊടി – ഒരു ചെറിയ സ്പൂണ്‍

ഉപ്പ് – പാകത്തിന്

കറിവേപ്പില – പാകത്തിന്

ഏലയ്ക്ക – രണ്ട്

കറുവാപ്പട്ട – ഒരു വലുത്, ചെറിയ കഷണങ്ങളാക്കിയത്

ഗ്രാമ്പൂ – രണ്ട്

3. എണ്ണ – പാകത്തിന്

4. ഉരുളക്കിഴങ്ങ് – രണ്ട്, കനം കുറച്ച് അരിഞ്ഞ് ഉപ്പിട്ട വെള്ളത്തിലിട്ട ശേഷം വറുത്തത്

കശുവണ്ടിപ്പരിപ്പ് – ആറ്–എട്ട്, നെയ്യില്‍ വറുത്തത്

കിസ്മിസ് – അഞ്ച്–എട്ട്, നെയ്യില്‍ വറുത്തത്

പാകം ചെയ്യുന്ന വിധം

∙ ചിക്കന്‍ കഴുകി വൃത്തിയാക്കി വയ്ക്കുക.

∙ ചിക്കനും രണ്ടാമത്തെ ചേരുവയും ഒരു വലിയ പാനിലാക്കി വെള്ളം ചേര്‍ക്കാതെ വേവിക്കണം.

∙ ചിക്കന്‍ വെന്ത ശേഷം കഷണങ്ങള്‍ മാത്രമെടുത്ത് എണ്ണയില്‍ ഇളം ഗോള്‍ഡന്‍ ബ്രൗണ്‍ നിറത്തില്‍ വറുത്തെടുക്കുക.

∙ ചിക്കന്‍ വെന്ത മസാലയിലെ വെള്ളം വറ്റി എണ്ണ തെളി യുമ്പോള്‍ ഉപ്പും ഗരംമസാലപ്പൊടിയും കുരുമുളകുപൊടിയും പാകത്തിനാക്കുക. ഇതിലേക്കു ചിക്കന്‍ ചേര്‍ത്തു ചെറുതീയില്‍ വച്ചു മെല്ലേ ഇളക്കി ഗ്രേവി പൊതിഞ്ഞിരിക്കുന്ന പരുവത്തിൽ വാങ്ങുക.

∙ ഉരുളക്കിഴങ്ങും കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്തതു ചേര്‍ത്തു ഭംഗിയായി അലങ്കരിച്ചു വിളമ്പാം.

Tags:
  • Pachakam