Monday 21 September 2020 11:56 AM IST : By സ്വന്തം ലേഖകൻ

വാക്കുകൾ മറക്കാം, മിഥ്യാധാരണകൾ തീവ്രമാകാം, ഭക്ഷണം പോലും കഴിക്കാതെ വരാം: അൽസ്ഹൈമേഴ്‌സ് രോഗം തീവ്രമാകുന്നത് മൂന്നു ഘട്ടങ്ങളിലൂടെ...

alzstages33435

അൽസ്ഹൈമേഴ്സ് രോഗബാധയെ പൊതുവിൽ മൂന്ന് ഘട്ടങ്ങളായി വിഭജിക്കാം.

∙ ഒന്നാം ഘട്ടം

തുടക്കത്തിൽ ചെറിയ ഓർമത്തകരാറുകളാണ് ഉണ്ടാവുക. അത് എപ്രകാരം ആണെന്ന് നോക്കാം.

-അടുത്തു നടന്ന സംഭവങ്ങളും സംസാരങ്ങളും ഓർക്കാൻ കഴിയാതാവുന്നു. -വസ്തുക്കൾ വെച്ചത് എവിടെയാണെന്ന് മറന്നുപോകുന്നു.

-സ്ഥലം, വസ്തു നാമങ്ങൾ എന്നിവ മറന്നുപോകുന്നു.

-വാക്കുകൾ ഓർത്തെടുക്കാൻ ബുദ്ധിമുട്ടുന്നു

-ഒരേ ചോദ്യം തന്നെ പലകുറി ആവർത്തിക്കുന്നു.

-തീരുമാനമെടുക്കാൻ പ്രയാസം നേരിടുന്നു.

-പുതിയ കാര്യങ്ങൾ ചെയ്യുന്നതിന് താൽപര്യമില്ലാതെ ആവുന്നു.

ഇതോടൊപ്പം മനശ്ചാഞ്ചല്യവും, വർദ്ധിച്ച ഉൽക്കണ്ഠയും മനോവിഭ്രമവും പ്രത്യക്ഷമാകാറുണ്ട്.

∙ രണ്ടാം ഘട്ടം

രണ്ടാം ഘട്ടമെത്തുന്നതോടെ ഓർമ്മ തകരാർ കൂടുതൽ രൂക്ഷമാകുന്നു. ഈ സമയത്ത് വളരെ അടുത്ത ആളുകളുടെയോ, സ്വന്തം കുടുംബത്തിലെ തന്നെയോ ആളുകളെ തിരിച്ചറിയാനും അവരുടെ പേരുകൾ ഓർക്കുന്നതിന് നന്നേ ബുദ്ധിമുട്ട് നേരിടുകയും ചെയ്യുന്നു. ഈ അവസ്ഥ താഴെ പറയുന്ന രീതിയിൽ പ്രകടമാവുകയും ചെയ്യും.

-സ്ഥലകാലബോധം നഷ്ടമാവുകയും കൂടുതൽ മനോവിഭ്രാന്തി അനുഭവപ്പെടുകയും ചെയ്യുന്നു. പലപ്പോഴും വഴി മറന്നു പോവുകയും സമയം അറിയാതിരിക്കുകയും ചെയ്യുന്നു.

-നിർബന്ധം, സംസാരത്തിൽ ആവർത്തനം എന്നിവ കൂടുതൽ പ്രകടിപ്പിക്കുന്നു.

-മിഥ്യാധാരണകൾ രൂക്ഷമാവുന്നു. മറ്റുള്ളവരെ സംശയത്തോടെ കാണുന്നു. -ഭാഷാശേഷി നഷ്ടമാവുകയും സംസാരിക്കുന്നതിന് പ്രയാസം നേരിടുകയും ചെയ്യുന്നു.

-ഉറക്കം പൂർണ്ണമായും തകരാറിലാകുന്നു. മനോനിലയിൽ മാറ്റം ഉണ്ടാകുന്നു. കൂടുതൽ സമയം വിഷാദ അവസ്ഥയിലോ നിരാശയിലോ പ്രക്ഷുബ്ധ മനസ്സുള്ളവരായോ കാണപ്പെടുന്നു.

-അനർത്ഥമായത് കാണുകയോ കേൾക്കുന്നതായോ തോന്നുന്നു.

ഈ ഘട്ടത്തിൽ പരസഹായം കൂടാതെ രോഗിക്ക് ദൈനംദിന കാര്യങ്ങൾ നിറവേറ്റാൻ കഴിയാതെ വരുന്നു. ഭക്ഷണം കഴിക്കുന്നതിനും വസ്ത്രം ധരിക്കുന്നതിനും മറ്റു പ്രവ൪ത്തികളിൽ ഏർപ്പെടുന്നതിനും മറ്റുള്ളവരുടെ സഹായം ആവശ്യമായി വരുന്നു.

∙ മൂന്നാംഘട്ടം

മൂന്നാംഘട്ടത്തിൽ എത്തുമ്പോഴേക്കുമാണ് രോഗലക്ഷണങ്ങൾ അതിന്റെ പാരമ്യത്തിലെത്തുന്നത്. രോഗി വലിയ ദുരവസ്ഥയിൽ എത്തപ്പെടുകയും സഹപ്രവർത്തകർ, കുടുംബാംഗങ്ങൾ, കൂട്ടുകാർ എന്നിവരുമായുള്ള ഇടപെടലുകൾ എന്നിവയെല്ലാം തന്നെ കൂടുതൽ കുഴപ്പത്തിൽ ആവുകയും ചെയ്യുന്നു. സ്ഥല-കാല വിഭ്രാന്തിയും മിഥ്യാഭ്രമവും കൂടുതൽ പ്രകടമാകുന്നു. ചില ഘട്ടങ്ങളിൽ രോഗി അക്രമാസക്തനാവുകയും ചുറ്റുപാടുമുള്ളവരെ അതീവ സംശയത്തോടെ കാണുകയും ചെയ്യും.

ഈ ഘട്ടത്തിലെ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

-ആഹാരം കഴിക്കുന്നതിനും വിഴുങ്ങുന്നതിനും ബുദ്ധിമുട്ട് നേരിടുന്നു.

-സ്ഥലം മാറി ഇരിക്കുന്നതിനോ ചലിക്കുന്നതിനോ പരസഹായം ആവശ്യമായിവരുന്നു.

-ശരീരഭാരം നന്നേ കുറയുന്നു.

-അറിയാതെ മല-മൂത്രവിസർജനം സംഭവിക്കുന്നു.

-സംസാരശേഷി ഇല്ലാതാവുന്നു.

-സമീപകാലത്ത് നടന്നതോ വളരെ മുൻപ് നടന്നതോ ആയ സംഭവങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ പൂർണ്ണമായും ഇല്ലാതാവുന്നു.

രോഗം അതിതീവ്രദശയിൽ എത്തുന്ന മൂന്നാംഘട്ടത്തിൽ രോഗിക്ക് ഭക്ഷണം കഴിക്കുന്നതിനും ചലിക്കുന്നതും വ്യക്തിപരമായ കാര്യങ്ങൾ ചെയ്യുന്നതിനും മറ്റൊരാളുടെ സഹായം വളരെ അത്യാവശ്യമായി വരുന്നു.

ഡോ. ആശ വി. എ൯. , സീനിയ൪ കൺസൽറ്റന്റ് - സെന്റ൪ ഫോ൪ ന്യൂറോസയ൯സസ്

മേയ്ത്ര ഹോസ്പിറ്റൽ, കോഴിക്കോട്

Tags:
  • Manorama Arogyam
  • Health Tips