Monday 24 February 2020 10:23 AM IST

വിഷാദവും ആത്മഹത്യാ പ്രവണതയും മാത്രമല്ല, അവരിൽ അപകടകാരികളായ റിബലുകളുമുണ്ടാകാം; ബോഡി ഷെയിമിങ് സൃഷ്ടിക്കുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ!

Asha Thomas

Senior Sub Editor, Manorama Arogyam

body-shamingggg8896

നിത്യ എന്ന ഒൻപതാംക്ലാസ്സുകാരി സൈക്കോളജിസ്റ്റിന്റെ അടുത്തു വന്നപ്പോൾ ആദ്യം ശ്രദ്ധിച്ചത് സംസാരിക്കുമ്പോഴും അവൾ ടവൽ കൊണ്ട് ചുണ്ട് മറച്ചുപിടിക്കാൻ ശ്രമിക്കുന്നതാണ്. നഗരത്തിലെ പ്രശസ്തനായ പ്ലാസ്റ്റിക് സർജനാണ് അവളെ  റഫർ ചെയ്തത്. വീട്ടുകാരൊത്ത് ചുണ്ട് പ്ലാസ്റ്റിക് സർജറി ചെയ്ത് സുന്ദരമാക്കാൻ അവിടെ ചെന്നതാണ്. സർജൻ നോക്കിയപ്പോൾ അത്ര അഭംഗിയൊന്നും ചുണ്ടിനില്ല. വീട്ടുകാരോട് ചോദിച്ചപ്പോൾ കുട്ടി ചത്തുകളയുമെന്നു പറഞ്ഞിട്ടാണത്രെ കൂടെ വന്നത്. അങ്ങനെയാണ് സൈക്കോളജിസ്റ്റിന്റെ അടുത്തയച്ചത്. 

വീട്ടുകാരെ മാറ്റിനിർത്തി കുട്ടിയോട് സംസാരിച്ചപ്പോൾ നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഒരു ബന്ധു നടത്തിയ മോശം പരാമർശത്തെ കുറിച്ച് അവൾ തുറന്നുപറഞ്ഞു. അത് അവളുടെ മനസ്സിൽ മായാതെ കിടന്നു. ചുണ്ടിന് എന്തോ കാര്യമായ വൈകൃതമുണ്ടെന്ന്  അവൾക്ക് തോന്നിത്തുടങ്ങി. നല്ല ചുണ്ടുള്ളവരെ കാണുമ്പോൾ കണ്ണാടിയിൽ തന്റേതുമായി താരതമ്യപ്പെടുത്തും. പുറത്തിറങ്ങുമ്പോൾ പതിയെ ഒരു ടവൽ കൊണ്ട് ചുണ്ട് മറച്ചു പിടിച്ചു തുടങ്ങി. സ്കൂളിൽ ടീച്ചർമാരൊക്കെ ഈ മറയ്ക്കൽ ശ്രദ്ധിച്ചു തുടങ്ങിയപ്പോൾ വഴക്കു കിട്ടിത്തുടങ്ങി. സഹികെട്ടാണ് അവൾ സർജറിയ്ക്ക് വാശി പിടിച്ചത്. 

ബോഡി ഷെയിമിങ് എന്ന വാക്ക് പുതിയതാണ്. പക്ഷേ, എത്രയോ വർഷങ്ങളായി നിറത്തിന്റെ പേരിൽ, അൽപം തടി കൂടിയതിന്റെ പേരിൽ, കണ്ണ് ചെറുതായതിന്റെ പേരിൽ, മെലിഞ്ഞിരിക്കുന്നതിന്റെ പേരിൽ ആളുകൾ പരിഹസിക്കപ്പെടുന്നു. ദേശ–ലിംഗ–ഭാഷാ വ്യത്യാസമില്ലാതെ ലോകം ആളുകളെ ഇങ്ങനെ അവമതിക്കുന്ന കാര്യത്തിൽ ഒറ്റക്കെട്ടാണ്. ഈയടുത്ത് വൈറലായ ഒരു വിഡിയോയിൽ ഡ്വാർഫിസം ഉള്ള ഒരു കുട്ടി സ്വന്തം കൂട്ടുകാരുടെ അപമാനിക്കൽ സഹിക്കവയ്യാതെ, ഞാൻ മരിച്ചുകളയും എന്നു ഹൃദയംനുറുങ്ങുന്ന വേദനയോടെ പറയുന്നത് നമ്മിൽ പലരും കേട്ടതുമാണ്.  

വെറും കുശലം മനസ്സ് തകർക്കാം

ഇന്ത്യയിലും ബോഡി ഷെയിമിങ് വളരെ വ്യാപകമാണ്. പക്ഷേ, ഏറ്റവും രസകരമായ (ദയനീയമായ) കാര്യം പലർക്കും തങ്ങൾ ചെയ്യുന്നത് ബോഡി ഷെയിമിങ് ആണെന്ന് അറിയില്ല എന്നതാണ്. നമ്മുടെ  കുശലാന്വേഷണങ്ങൾ തന്നെ  ഫാറ്റ് ഷെയിമിങ്ങാണ്... നമ്മുടെ നാട്ടിൽ രണ്ടുപേർ തമ്മിൽ കാണുമ്പോൾ ആദ്യം ചോദിക്കുന്നതെന്താ, ‘നീ അങ്ങു മെലിഞ്ഞ് ഉണങ്ങിപോയല്ലോ’ എന്നായിരിക്കും. ചിലപ്പോൾ അയാൾ ജിമ്മിലൊക്കെ പോയി ഒരുപാട് അധ്വാനിച്ച് വിയർത്തൊലിച്ച് മെലിയിച്ചെടുത്ത ശരീരമായിരിക്കും. യാത്ര ചെയ്ത് ക്ഷീണിച്ചു വരുന്ന ഒരാളോട്  ആദ്യം ചോദിക്കുന്നത് നീ എന്താ ആകെ കറുത്ത് പിടച്ച് ഇരിക്കുന്നത് എന്നായിരിക്കും. തീർന്നില്ലേ... ഒരാൾ പാടുപെട്ട് പണിതുയർത്തിയ  ആത്മവിശ്വാസത്തിന്റെ കോട്ട ഇടിച്ചുതരിപ്പണമാക്കാൻ  നിങ്ങൾ പറയുന്ന ഒരു വെറും വാക്ക്  മതി.

അടുത്ത കൂട്ടുകാരോ ബന്ധുക്കളോ കുടുംബാംഗങ്ങളോ വിനോദഭാവേന പറയുന്ന പരാമർശങ്ങളും കളിയാക്കലുകളും ആഴത്തിലുള്ള മുറിവാകാം. പിൽക്കാലത്ത് സ്വന്തം ശരീരത്തേക്കുറിച്ചും രൂപത്തേക്കുറിച്ചും അവജ്ഞയും വെറുപ്പും  രൂപപ്പെടാൻ ഇത് ഇടയാക്കും. 

2019 ൽ മുംബൈ ആസ്ഥാനമായ ഫോർട്ടിസ് ഹെൽത് കെയർ ബോഡി ഷെയിമിങ്ങും അതുണ്ടാക്കുന്ന മാനസികമായ പ്രത്യാഘാതങ്ങളും സംബന്ധിച്ച് ഒരു സർവേ നടത്തി. 20 നഗരങ്ങളിൽ നിന്നുള്ള 15 വയസ്സിനും 65 വയസ്സിനും ഇടയിലുള്ള ആളുകളാണ് പങ്കെടുത്തത്. 47.5 ശതമാനം പേർ സ്കൂളിലോ ജോലിസ്ഥലത്തോ ബോഡി ഷെയിമിങ്ങിന് ഇരയായതായി വെളിപ്പെടുത്തി.  32.5 ശതമാനം പേർ കളിയാക്കൽ നേരിട്ടത് സുഹൃത്തുക്കളിൽ നിന്നു തന്നെയാണ്.  

ബോഡി ഷെയിമിങ്ങിലേക്ക് നയിക്കുന്ന കാരണങ്ങളിൽ പ്രധാനം മാധ്യമങ്ങൾ വഴി ഒരാളുടെ രൂപഭാവങ്ങളെ കുറിച്ച് സൃഷ്ടിച്ചെടുക്കപ്പെടുന്ന പൊതുബോധമാണ്. പണ്ടത്തെ ഒരു പരസ്യം ഓർമയില്ലേ? ‘നിങ്ങളുടെ ശരീരം മെലിഞ്ഞുണങ്ങിയതാണോ,  ഇത് കഴിക്കൂ’ എന്ന പരസ്യം അന്നത്തെ ആളുകളുടെ സൗന്ദര്യബോധത്തെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്.  സീറോ സൈസ് ഒക്കെ അരങ്ങുവാഴുന്ന ഇന്നത്തെ കാലത്ത് മെലിഞ്ഞിരിക്കുന്നതാണ് സൗന്ദര്യമെന്ന് ആളുകൾ കരുതുന്നു. ടിവി ഷോകളിലും സിനിമയിലുമൊക്കെ ഒരാളുടെ ശരീര പ്രത്യേകതകളോ വൈരൂപ്യമോ  ചിരിക്കുള്ള വകയായി ഉപയോഗിക്കാറുണ്ട്. ഇതും സമൂഹത്തിന്റെ പൊതുബോധത്തെ സ്വാധീനിക്കുന്നു.  മാധ്യമങ്ങൾ സൃഷ്ടിക്കുന്ന പെർഫക്റ്റ് ബോഡി ഇമേജാണ് ബോഡി ഷെയിമിങ്ങിന് ഇടയാക്കുന്നതെന്നാണ് ഫോർട്ടിസ് സർവേയിൽ പങ്കെടുത്ത76 ശതമാനം പേരും കരുതുന്നത്. 

ഒരാളെ കാണുന്നതേ നെഗറ്റീവായ പരാമർശങ്ങൾ നടത്തുക എന്നത് ചിലരുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ്.  നെഗറ്റീവ് വ്യക്തിത്വമുള്ളവരും സ്വന്തമായി എന്തെങ്കിലും കുറവുകളോ അതു സംബന്ധിച്ച കോപ്ലക്സോ ഉള്ളവരും ഇത്തരം അവമതിക്കുന്ന തരം പരാമർശങ്ങൾ പതിവായി നടത്താറുണ്ട്.  

മാനസികാരോഗ്യം തകർക്കാം

മറ്റുള്ളവരുടെ മുൻപിൽ സ്വയം വില കുറഞ്ഞവനോ വില കുറഞ്ഞവളോ ആയി ഇടിച്ചു താഴ്ത്തപ്പെടുമ്പോൾ ആത്മവിശ്വാസം നഷ്ടപ്പെടുന്നു എന്നു മാത്രമല്ല പ്രശ്നം എന്നു പറയുന്നു പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോ. എ. ബഷീർകുട്ടി (തിരുവനന്തപുരം).

‘‘ബോഡി ഷെയിമിങ് പലതരം മാനസികാരോഗ്യ പ്രശ്നങ്ങളുമുണ്ടാക്കാം. രണ്ടു തരത്തിലുള്ള പ്രതികരണങ്ങളാണ് ഉണ്ടാവുക. ചിലർ കൂടുതൽ റിബലാകാം. അല്ലെങ്കിൽ നശീകരണപ്രവർത്തികളിലേക്ക് തിരിയും. നെഗറ്റീവായ കാര്യങ്ങൾ കാണിച്ച് കയ്യടി വാങ്ങാൻ നോക്കും.  വീട്ടിലും സ്കൂളിലും ശല്യക്കാരാകും. ചിലരാകട്ടെ വിഷാദത്തിൽ ആണ്ടു മുങ്ങിപ്പോകും. നെഗറ്റീവ് കമന്റുകളിൽ മനസ്സു മുറിഞ്ഞ് പുറത്തിറങ്ങാതാകും. പൊതുവേദികളിൽ നിന്നു മാറി നിൽക്കും. സ്വയം വിധിക്കുന്ന ഒരുതരം സാമൂഹിക ഒറ്റപ്പെടൽ തന്നെ. ’’

ഫോർട്ടിസ് സർവേയിൽ 28 ശതമാനം പേർ പറഞ്ഞത് ബോഡി ഷെയിമിങ്ങിനെ എതിർത്തു സംസാരിക്കാൻ പോലും അവർക്കായില്ല എന്നാണ്. 31 ശതമാനം പേർ ഇത്തരം പരാമർശങ്ങൾ കേട്ട ശേഷം ലോകത്തെ നേർക്കുനേർ നോക്കാൻ പോലും മടിച്ചു. 62 ശതമാനം പേർക്ക് ഉത്കണ്ഠയും പരിഭ്രാന്തിയും അനുഭവിച്ചു. 67 ശതമാനം പേർക്ക് ബോഡി ഷെയിമിങ്ങിനെ തുടർന്ന് ദേഷ്യമാണ് ഉണ്ടായത്. 

‘‘ചിലരിൽ വിഷാദം വർധിച്ച് ആത്മഹത്യാ ചിന്തകളിലേക്ക് വരെ എത്താം.’’- ഡോ. ബഷീർകുട്ടി പറയുന്നു. ‘‘വിഷാദത്തിലേക്ക് വീണുപോയാൽ മരുന്നുകളും സൈക്കോതെറപ്പിയും കൊഗ്നിറ്റീവ് തെറപ്പിയും വേണ്ടിവരും. അവരിൽ അടിഞ്ഞുകൂടിയിരിക്കുന്ന തെറ്റായ ധാരണകളെ തിരുത്താൻ ഒന്നിലേറെ തെറപ്പി സെഷനുകൾ വേണ്ടിവരും.’’

സാധാരണക്കാർ മാത്രമല്ല സെലിബ്രിറ്റികളും ബോഡി ഷെയിമിങ്ങിന് പ്രത്യേകിച്ച് വണ്ണം കൂടുന്നത് ചൊല്ലിയുള്ള ഫാറ്റ്  ഷെയിമിങ്ങിന് ഇരയാകാറുണ്ട്. ബോളിവുഡ് താരങ്ങളായ വിദ്യാബാലനും സോനാക്ഷി സിൻഹയുമൊക്കെ മലയാളിതാരമായ നിത്യാ മേനനും വണ്ണം കൂടിയതിന്റെ പേരിൽ ഏറെ പഴി കേട്ടവരാണ്.  

വണ്ണത്തെ കുറിച്ച് പറഞ്ഞ് കളിയാക്കിയാൽ ആളുകൾ പ്രത്യേകിച്ച് കുട്ടികൾ വണ്ണം കുറച്ചോളുമെന്ന് പലർക്കും തെറ്റിധാരണയുണ്ട്. അതു മനസ്സിൽ വച്ച് മന:പൂർവം കളിയാക്കുന്നവരുമുണ്ട്. പക്ഷേ, പീഡിയാട്രിക് ഒബിസിറ്റി ജേണലിൽ പ്രസിദ്ധീകരിച്ച പഠനപ്രകാരം  അതിൽ കഴമ്പില്ലെന്നു മാത്രമല്ല,  പരിഹാസത്തിനിരയായവരിൽ അല്ലാത്തവരെ അപേക്ഷിച്ച് വർഷം 0 .20 കി.ഗ്രാം വീതം വണ്ണം കൂടുകയാണ് ചെയ്തത്.

മെലിഞ്ഞിരിക്കുന്നതും മീശയില്ലാത്തതും പ്രശ്നം

പൊതുവേ പെൺകുട്ടികൾക്കാണ് ബോഡി ഷെയിമിങ്ങ് നേരിടേണ്ടിവരിക എന്നൊരു ധാരണയുണ്ട്. അത് തിരുത്താറായെന്നു പറയുന്നു ഡോ. ബഷീർകുട്ടി. ‘‘പണ്ട് പുരുഷന്റെ സൗന്ദര്യം ആരും ശ്രദ്ധിച്ചിരുന്നില്ല. പക്ഷേ, ഇപ്പോൾ അങ്ങനെയല്ല. ലേഡീസ് ബ്യൂട്ടി പാർലറുകളെ പോലെ ജെന്റ്സ് പാർലറുകളും വ്യാപകമാണ്. പുരുഷന്റെ സൗന്ദര്യബോധത്തിലെ മാറ്റമാണ് ഇതു വ്യക്തമാക്കുന്നത്.  വല്ലാതെ മെലിഞ്ഞിരിക്കുന്നതും  കഷണ്ടിയുള്ളതും  മീശ വളരാത്തതും ഒക്കെക്കൊണ്ട്  പരിഹാസം സഹിക്കാനാകാതെ വരുന്ന ആണുങ്ങൾ ഒട്ടേറെയുണ്ട്.  താടിരോമം വളരാത്തതുമൂലം പുതിയ സ്ൈറ്റലിലുള്ള താടി വയ്ക്കാൻ പറ്റാത്തതാണ് വിഷമങ്ങളിൽ ഏറ്റവും പുതിയത്.’’

2012 ൽ ബ്രിട്ടിഷ് സർവേ പ്രകാരം 80.7 ശതമാനം പുരുഷന്മാരും ഭാരത്തിന്റെ പേരിലോ മുടി കുറവിന്റെ പേരിലോ മെലിഞ്ഞിരിക്കുന്നതിന്റെ പേരിലോ കളിയാക്കലുകൾ നേരിടുന്നു. പുരുഷന്മാർ പൊതുവേ ഇത്തരം അവമതിക്കലുകളെ കുറിച്ച് തുറന്നു പറയാറില്ല. അതുകൊണ്ട് തന്നെ ഇത് ഉള്ളിൽ മറഞ്ഞുകിടക്കും. പതിയെ ഭക്ഷണ തകരാറുകളിലേക്കും മദ്യം–മയക്കുമരുന്ന് ദുരുപയോഗത്തിലേക്കും നയിക്കാം. 

‘‘ചിലരിൽ ബോഡി ഷെയിമിങ് ഉടനെ വലിയ പ്രശ്നം സൃഷ്ടിക്കണമെന്നില്ല. പക്ഷേ, ആഴത്തിലേറ്റ മുറിവായി ആ അപമാനം പുതഞ്ഞുകിടക്കാം. പിന്നീട് പ്രായമേറുമ്പോൾ ജീവിതത്തിൽ എന്തെങ്കിലും പരാജയങ്ങളോ ഡിപ്രസീവ് എപ്പിസോഡുകളോ വരുമ്പോൾ പലരും ചെറുപ്പത്തിലേ ഇത്തരം ദുരനുഭവങ്ങളെ ബന്ധപ്പെടുത്തി ചിന്തിക്കുന്നത് കണ്ടിട്ടുണ്ട്. ’’– പ്രശസ്ത സൈക്യാട്രിസ്റ്റ് ഡോ. എസ്.ഡി. സിങ് (കൊച്ചി) പറയുന്നു. 

ഭക്ഷണതകരാറിലേക്കു പോകാം

ബോഡി ഷെയിമിങ് കുട്ടികളുടെ ഭക്ഷണശീലങ്ങളെ പോലും തകിടംമറിക്കുന്നു എന്നാണ് പ്രശസ്ത ന്യൂട്രീഷനിസ്റ്റ് ഡോ. അനിതാമോഹൻ പറയുന്നത്. 

‘‘ടീനേജ് പ്രായത്തിലുള്ള കുട്ടികളെയാണ് ബോഡി ഷെയിമിങ് ഏറെ ഉലച്ചുകളയുന്നത്. വളർച്ചയുടെ ഭാഗമായുള്ള മാറ്റങ്ങളാൽ സ്വതവേ അവർ അസ്വസ്ഥരായിരിക്കും. ആകർഷകമായ രൂപഭാവങ്ങൾ വേണമെന്ന ആഗ്രഹവും കൂടുതലായിരിക്കും. വണ്ണത്തെ കുറിച്ചുള്ള നെഗറ്റീവായ പരാമർശങ്ങൾ ക്രാഷ് ഡയറ്റുകൾ പരീക്ഷിക്കാൻ പ്രേരിപ്പിക്കാം.  ഇമോഷനൽ ഈറ്റിങ് അഥവാ വൈകാരികമായ സംതൃപ്തിക്കു വേണ്ടി ഭക്ഷണം കഴിക്കുന്ന അവസ്ഥയിലേക്ക് പോകാം.  ചിലർ ബോഡി ഷെയിമിങ്ങിനെ തുടർന്ന് ഭയങ്കരമായി ഭക്ഷണം കഴിക്കും. ചിലർ ഭക്ഷണം നന്നേ കുറയ്ക്കും. ഇത് തുടക്കത്തിലേ കണ്ടുപിടിച്ച് വേണ്ടത് ചെയ്തില്ലെങ്കിൽ മരുന്നുകളും തെറപ്പികളും വേണ്ടുന്ന ഗൗരവകരമായ ഭക്ഷണ തകരാറുകളിലേക്ക് (ഈറ്റിങ് ഡിസോഡർ) പോകാം. ’’

മറ്റുള്ളവരുടെ പരിഹാസത്തിന്റെ മുനയൊടിക്കുന്നതിലും എളുപ്പം സ്വയം സ്നേഹത്തിന്റെ ഒരു കവചം കൊണ്ട് നമ്മളെ സംരക്ഷിക്കുകയാണ്. നിറത്തിനും ശരീരഭംഗിക്കും സൗന്ദര്യത്തിനും അപ്പുറം നമ്മിലുള്ള കഴിവുകളെ കണ്ടെത്തുക. അവയെ വളർത്തിയെടുക്കുന്നതിൽ ശ്രദ്ധയൂന്നുക. ഒാരോ ശരീരവും മുഖവും വ്യത്യസ്തവും സുന്ദരവുമാണെന്ന് തിരിച്ചറിയുക. അതിൽ ആനന്ദിക്കുക. ഒരാളോട് സംസാരിച്ചു തുടങ്ങുന്നത് ഒരു പൊസിറ്റീവ് കാര്യം പറഞ്ഞുകൊണ്ടാകട്ടെ.  

ശരീരവും സൗന്ദര്യവുമായി ബന്ധപ്പെട്ട നെഗറ്റീവ് പരാമർശങ്ങൾ അടുത്ത സുഹൃത്തുക്കളോടു പോലും നടത്താതിരിക്കുക. സീറോ സൈസോ ഫോട്ടോ ഷോപ്പിൽ രൂപപ്പെടുത്തിയ പെർഫെക്റ്റ് ബോഡിയോ അല്ല, ആരോഗ്യകരമായ ശരീരഭാരം സൂക്ഷിക്കുന്നത് ആകട്ടെ നമ്മുടെ ലക്ഷ്യം. 

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ബോഡി ഷെയിമിങ്ങ് തടയാൻ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കേണ്ടതുണ്ട്. പൊസിറ്റീവായ ശരീരബോധം രൂപപ്പെടുത്താൻ ബോധപൂർവമുള്ള ശ്രമങ്ങൾ വേണം. ശരീരത്തെ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ നടത്തുന്ന കളിയാക്കലുകളും പരിഹാസങ്ങളും റിപ്പോർട്ട് ചെയ്യാൻ സംവിധാനം ഒരുക്കണം. 

Tags:
  • Manorama Arogyam