Saturday 16 November 2019 12:38 PM IST

‘ചികിത്സിച്ചാലും മരിക്കും ഇല്ലെങ്കിലും മരിക്കും, പിന്നെന്തിനാ കാൻസർ ചികിത്സ’; മാറണം ഈ തെറ്റിദ്ധാരണ

Santhosh Sisupal

Senior Sub Editor

cancer

വയസ്സായിരുന്നു അയാൾക്ക്. ബിസിനസ്സുകാരൻ. ഒരു ബന്ധുവിന്റെ നിർബന്ധ പ്രകാരം മറ്റൊരു വിശ്വാസ, പ്രാർഥനാധാരയിലേക്കു മാറിയിട്ട് രണ്ടു വർഷമേ ആയിട്ടുള്ളൂ. പെട്ടെന്നു ബിസിനസ്സിലുണ്ടായ വളർച്ചയോടെ അദ്ദേഹം പുതിയ വിശ്വാസത്തെ മുറുകെപ്പിടിച്ചു. ഇതിനിടെ ഇടയ്ക്കിടെയുണ്ടായ വയറിന്റെ അസ്വാസ്ഥ്യവും വേദനയും തുടക്കത്തിൽ കാര്യമാക്കിയില്ല. ഡോക്ടറെ കാണാൻ നിർബന്ധിച്ചവരോട്, ‘തനിക്കു ഒരു രോഗവും വരില്ല. വന്നാൽ തന്നെ ദൈവം രക്ഷിച്ചോളും’–എന്നായിരുന്നു മറുപടി.

അസ്വാസ്ഥ്യങ്ങൾ കൂടിക്കൊണ്ടിരുന്നു. ഒരു ദിവസം രാത്രിയിൽ കടുത്ത വേദനയും ശ്വാസംമുട്ടുമായി നിവർത്തിയില്ലാതായപ്പോൾ ആശുപത്രിയിൽ പോകാൻ സമ്മതിച്ചു.

പരിശോധനകൾക്കൊടുവിൽ ഉറപ്പിച്ചു, വയറിൽ കാൻസർ മുഴയാണ്. ‘‘അൽപം ഗുരുതരമാണ്. ഉടനെ ശസ്ത്രക്രിയചെയ്ത് മുഴമാറ്റി ചികിത്സ ആരംഭിക്കണം’’– ഡോക്ടർ നിർ‌ദേശിച്ചു. മരുന്നുകൾ വേദനയ്ക്കൊരു ശമനം നൽകിയപ്പോൾ, ‘‘വീട്ടിൽ പോയി ശസ്ത്രക്രിയയ്ക്കായി വരാം’’ എന്നു പറഞ്ഞുമടങ്ങി. പിന്നെ തിരിച്ചുപോയില്ല.

രോഗം മാറ്റാൻ പ്രത്യേക പ്രാർഥനകളും മറ്റും നടത്തി. ദൈവത്തിനു മുന്നിൽ കാൻസർ മുട്ടുമടക്കുമെന്ന് ഉറച്ചു വിശ്വസിക്കാൻ അദ്ദേഹവും, വിശ്വസിപ്പിക്കാൻ ഒരു കൂട്ടം പേരും. ക്രമേണ രോഗം വഷളായി... കാര്യങ്ങൾ കൈവിട്ടു പോകുമെന്നായപ്പോൾ വീണ്ടും ആശുപത്രിയിലായി. അപ്പോഴേക്കും ഏറെ വൈകിപ്പോയി... രോഗിക്കു മരിക്കുന്നവതു വരെ പരമാവധി സ്വാസ്ഥ്യം നൽകാൻ സഹായിക്കുന്ന പാലിയേറ്റീവ് കേന്ദ്രത്തിലേക്കുമാറ്റി.. ഏതാനും ആഴ്ചകളേ അദ്ദേഹം പിന്നെ ജീവിച്ചിരുന്നുള്ളൂ.

തട്ടിപ്പുചികിത്സ അരുതേ...

അറിവില്ലായ്മ മൂലവും അനാവശ്യ ഉപദേശം കേട്ടും ദുരന്തം ഏറ്റുവാങ്ങിയ ഒട്ടേറെ കാൻസർ രോഗികളുടെ കഥ ഓരോ കാൻസർ ചികിത്സകനും പറയാനുണ്ട്. മലബാർ കാൻസർ സെന്റർ ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യൻ പറയുന്നു:‘‘ഓരോ കാലത്തും ഓരോന്നാണ്, ഒരിക്കൽ ലക്ഷ്മിതരു; പിന്നീട് ചില ദിവ്യ വൈദ്യൻമാരായി. ഇപ്പോൾ കാണുന്നത് ഷിമോഗയാണ്. ‘ഷിമോഗ പേഷ്യന്റ്സ്’ എന്നാണ് ഇത്തരം തട്ടിപ്പു ചികിത്സയ്ക്കു പോയി രോഗം വഷളായി വരുന്നവരെ വിളിക്കുക. പൂർണമായും രോഗം മാറ്റാവുന്ന ഘട്ടത്തിലായിരുന്നവർ ഈ അവസ്ഥയിലായി വരുമ്പോൾ ശരിക്കും സങ്കടം തോന്നും. എത്രയെത്ര രോഗികളാണെന്നോ ഈ അവസ്ഥയിലാകുന്നത്. ക്രിമിനൽ കുറ്റമാണ് ഈ തട്ടിപ്പു ചികിത്സകർ‌ ചെയ്യുന്നത്’’–ദേഷ്യവും വിഷമവും മറച്ചുവയ്ക്കാതെ ഡോക്ടർ പറഞ്ഞു.

∙ ചെയ്യേണ്ടത്:

ഒട്ടേറെക്കാലത്തെ ശാസ്ത്രീയ നിരീക്ഷണങ്ങളിലൂെട തെളിയിക്കപ്പെട്ട (എവിഡൻസ് ബേസ്ഡ് മെഡിസിൻ) കാൻസർ ചികിത്സാരീതി ഇവിടെ നിലവിലുണ്ട്. രോഗം പൂർണമായി പരിഹരിക്കപ്പെടുന്ന എത്രയെത്ര രോഗികളാണ് ആ ചികിത്സാഫലത്തിന്റെ തെളിവായുള്ളത്. കേട്ടുകേൾവിയുടെയോ അബദ്ധധാരണകളുടേയോ ഉപദേശങ്ങളുടെയോ അടിസ്ഥാനത്തിൽ സമാന്തര ചികിത്സയ്ക്കു പോയി സമയം കളഞ്ഞ് രോഗം വഷളാക്കരുത്. ആധുനിക ചികിത്സതന്നെ തേടുക.

ചിലർക്ക് ആശ്വാസമുണ്ടല്ലോ?

സമാന്തര ചികിത്സകൾക്കു പോകുന്ന രോഗികളിൽ ചിലർക്ക് ആശ്വാസം കിട്ടുന്നുണ്ടല്ലോ... അവരുടെ അനുഭവം അറിഞ്ഞാണല്ലോ കൂടുതൽ പേർ അതു തേടി പോകുന്നത്?

പൊതുവായ ഈ സംശയത്തിനു മറുപടി എംവിആർ കാൻസർ സെന്റർ ഡയറക്ടർ ഡോ.നാരായണൻ കുട്ടി വാര്യർ പറയുന്നു: ‘‘ സമാന സ്വഭാവമുള്ള നൂറോളം രോഗങ്ങളെ കൂട്ടമായി വിളിക്കുന്ന പേരാണ് കാൻസർ. ഈ നൂറു കാൻസറിനും നൂറു സ്വഭാവമാണ്. അർബുദമുഴ അതിവേഗം വളരുന്നവയുണ്ട്, വളരെ സാവധാനം, വർഷങ്ങൾ കൊണ്ടു വളരുന്നവയുമുണ്ട്. പരിമിതമായി നിൽക്കുന്ന അർബുദവുമുണ്ട്. അതിവേഗം മറ്റുഭാഗങ്ങളിലേക്കു പടരുന്നവയുമുണ്ട്. കാൻസറിന്റെ ഈ വൈവിധ്യമാണ് സമാന്തര ചികിത്സകൾക്കു സഹായകമാകുന്നത്. ഒറ്റമൂലി ചികിത്സയ്ക്കിടെ രോഗം വഷളായി വേഗം മരിച്ചവരുടെ കഥ ആരുമറിയില്ല, ആ മരുന്നു കഴിച്ച് കൂടുതൽ നാൾ മുന്നോട്ടുപോയവർ രോഗം മാറിയെന്നു വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യും. പിന്നീട് അവർ രോഗം ഗുരുതരമായി ഏതെങ്കിലും കാൻസർ സെന്ററിൽ ചികിത്സ തേടിയ കാര്യം ലോകമറിയില്ല. ഇതാണ് വാസ്തവം.’’

∙ ചെയ്യേണ്ടത്:

അർബുദമുണ്ടെന്ന് അറിഞ്ഞവരെ തേടി നൂറ് ഉപദേശങ്ങൾ വരും. കേട്ടു കേൾവി മാത്രമാണ് അവയുടെ അടിസ്ഥാനം. രോഗമാണെന്നറിഞ്ഞാൽ രോഗം നിർണയിച്ച ഡോക്ടറുടെയോ പരിചയമുള്ള ഡോക്ടർമാരുടെയോ അഭിപ്രായം മാത്രം ആരായുക. കാൻസർ ചികിത്സാ കേന്ദ്രത്തിൽ ചികിത്സതേടുക. തുടർന്ന് അവിടെ നിന്നുള്ള നിർദേശങ്ങൾ മാത്രം പിന്തുടരുക.

ചികിത്സിച്ചാലും മരിക്കില്ലേ?

‘ചികിത്സിച്ചാലും മരിക്കും ഇല്ലെങ്കിലും മരിക്കും. പിന്നെന്തിനാ ബുദ്ധിമുട്ടു നിറഞ്ഞ കാൻസർ ചികിത്സയ്ക്കു പോകുന്നത്?’ ചിലരെങ്കിലും കാൻസർ ചികിത്സയ്ക്കു പോകാൻ മടിക്കുന്നതിന്റെ കാരണം ഈ ചിന്തയാണ്.

ഏതാണ്ട് 60 ശതമാനം കാൻസർ രോഗികളും രോഗം വഷളായിക്കഴിഞ്ഞ നാലാമത്തെ ഘട്ടത്തിലാണ് (സ്റ്റേജ്–4) ചികിത്സയ്ക്കായി എത്തുന്നത്. അതിൽ പോലും ഒരു വിഭാഗത്തിനെ സാധാരണ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാനാകുന്നുണ്ട് എന്ന് ഡോ. സതീശൻ ബാലസുബ്രഹ്മണ്യൻ പറയുന്നു. ഒന്നാമത്തെയോ രണ്ടാമത്തെയോ ഘട്ടത്തിൽ ചികിത്സ തുടങ്ങാൻ പറ്റുന്ന രോഗികളിൽ മിക്കവരിലും രോഗം പരിഹരിക്കാനാവുന്നുണ്ട്. ശേഷിക്കുന്ന നല്ലപങ്കിനും പതിറ്റാണ്ടുകളോളം രോഗമില്ലാത്ത അവസ്ഥ നൽകാനും കഴിയാം. ചുരുക്കിപ്പറഞ്ഞാൽ. കാൻസറിന്റെ ഏതു ഘട്ടത്തിലും രോഗം എത്ര മോശമായ അവസ്ഥയിലും ശരിയായ ചികിത്സയിലൂടെ രോഗിക്ക് ആശ്വാസമേകാനും ഒരു ദിവസമെങ്കിലും ആയുസ്സു നീട്ടിനൽകാനുമാകും.

cancer-1

∙ ചെയ്യേണ്ടത്:

രോഗം തിരിച്ചറിയാൻ വൈകുന്നതാണ് കാൻസർ ചികിത്സാ ഫലത്തെ കാര്യമായി ബാധിക്കുന്ന ഘടകം. സ്വയം സ്തനപരിശോധന, പാപ്സ്മിയർ പരിശോധന തുടങ്ങി അർബുദം മുൻകൂട്ടി അറിയാനുള്ള പരിശോധനകൾ ചെയ്യുക. രോഗം ഏതു ഘട്ടത്തിൽ, ഏതു പ്രായത്തിൽ തിരിച്ചറിഞ്ഞാലും ചികിത്സ ചെയ്യാൻ മടിക്കരുത്. ഫലം കിട്ടും.

മികച്ച ഡോക്ടർ മാത്രം പോര

‘കാൻസർ ചികിത്സയിൽ ഏറ്റവും മിടുക്കൻ എന്നറിയപ്പെടുന്ന, പ്രശസ്തനായ ഡോക്ടറെ കാണുന്നതല്ലേ നല്ലത്?’... വലിയ സംശയമാണിത്.

പ്രശസ്തരായ കാൻസർ ചികിത്സകരെ മണിക്കൂറുകൾ ക്യൂ നിന്നു കാണാനും രോഗികൾക്കു മടിയില്ല. ഇതാണ് മനോഭാവം. ഇതിൽ തെറ്റുണ്ടോ? രോഗികൾക്ക് ഒരു മാനസികാശ്വാസമെങ്കിലും ലഭിക്കില്ലേ?

നമ്മുെട നാട്ടിലെ കാൻസർ ചികിത്സാരംഗത്തെ ഏറ്റവും ഗുരുതരമായ അബദ്ധധാരണയാണിത് എന്ന് ഡോ. സതീശനും ഡോ.നാരായണൻകുട്ടി വാര്യരും ഒരേസ്വരത്തിൽ പറയുന്നു. അർബുദചികിത്സയിലെ ഏക ഡോക്ടർ സങ്കൽപത്തിന്റെ പരിമിതി ലോകം മുഴുവൻ മനസ്സിലാക്കിയിട്ടുണ്ട്. മറ്റു രോഗങ്ങൾ പോലെയല്ല കാൻസർ. ശസ്ത്രക്രിയ, മരുന്നു ചികിത്സയായ കീമോതെറപ്പി, റേഡിയഷൻ ചികിത്സ, എന്നിവയ്ക്കു പുറമേ ചികിത്സയുെട തുടക്കം മുതൽ പാലിയേറ്റീവ് ചികിത്സകളും വേണ്ടിവന്നേക്കാം. ഓരോ രോഗിക്കും രോഗാവസ്ഥയ്ക്കും അനുസരിച്ചാണ് ഇതിലേതൊക്കെ ചികിത്സ വേണമെന്ന് തീരുമാനിക്കുന്നത്. ഈ വിഭാഗങ്ങളിലെയെല്ലാം വിദഗ്ധർ ഒരുമിച്ചു ചർച്ചചെയ്യുന്ന സംവിധാനമാണ് ട്യൂമർബോർഡ്. രോഗിക്ക് ഏതുതരം ചികിത്സ എങ്ങനെ നൽകണമെന്നു തീരുമാനിക്കുന്നത് ഈ സംഘമാണ്.

cancer

ഒരു സ്തനാർബുദരോഗിയുെട സ്തനം പൂർണമായും നീക്കേണ്ടിവരുമെന്നാണ് സർജന്റെ നിർദേശമെന്നിരിക്കട്ടെ, എന്നാൽ സ്തനം സംരക്ഷിക്കാൻ വേറെന്തെങ്കിലും വഴിയുണ്ടോ എന്നായിരിക്കും മറ്റുള്ളവരുടെ ആലോചന. അപ്പോൾ ട്യൂമർബോർഡിലെ മെഡിക്കൽ ഓങ്കോളജിസ്റ്റ് നിർദേശിക്കുന്നു, നമുക്ക് ആദ്യം കുറച്ച് കീമോ നൽകാം. മരുന്നുകൊണ്ട് ആ മുഴ ചുരുങ്ങുമെന്നു തോന്നുന്നു. അങ്ങനെയങ്കിൽ ട്യൂമർ മാത്രം നീക്കിയാൽ മതിയാവില്ലേ? ഇതുപോലെയാണ് ട്യൂമർ ബോർഡിലെ ചർച്ചകൾ നടക്കുന്നത്. ഇത്രയും മികച്ചഫലം നൽകാൻ എത്ര പ്രഗദ്ഭനായ ഡോക്ടർക്കും കഴിയില്ല.

∙ ചെയ്യേണ്ടത്:

കാൻസറിന്റെ വിവിധ ചികിത്സയിലെ ഡോക്ടർമാർ ഒരുമിച്ചു പ്രവർത്തിക്കുന്ന, ട്യൂമർബോർഡ് ഉള്ള ആശുപത്രികളിൽ മാത്രം ചികിത്സ തേടുക. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തലശ്ശേരി എന്നീ കാൻസർ സെന്ററുകളിലും വിവിധ സ്വകാര്യ ആശുപത്രികളിലും കോഴിക്കോടു മെഡിക്കൽ കോളജിലും കാൻസറിന് ഇന്ന് സമഗ്ര ചികിത്സ ലഭിക്കും.

എനിക്കു കാൻസർ ആണോ?

കാൻസറാണ് എന്ന് അറിയുമ്പോൾ പലർക്കും തോന്നുന്ന ഒരു സംശയമാണ്, എനിക്ക് കാൻസർ തന്നെയാണോ എന്ന്. ഇങ്ങനെയൊരു സംശയം സാധാരണമാണ്, പ്രത്യേകിച്ചും മറ്റു ലക്ഷണങ്ങൾ കണ്ടു തുടങ്ങിയിട്ടില്ലാത്തവർക്കെന്ന് ഡോ. നാരായണൻകുട്ടി പറയുന്നു. പക്ഷേ അത്യപൂർവമായി മാത്രമേ പരിശോധനയിൽ പിഴവു വരാനിടയുള്ളൂ. എന്നിരുന്നാലും രോഗിക്കു രോഗകാര്യം ഉറപ്പുവരുന്നത് ചികിത്സയിൽ വളരെ ആവശ്യമാണ്. അതിനാൽ രോഗി താൽപര്യപ്പെട്ടാൽ വീണ്ടും പരിശോധന നടത്തുന്നതിൽ തെറ്റില്ല. രോഗം കണ്ടുപിടിച്ച സ്ഥാപനത്തിൽ തന്നെ പുനഃപരിശോധന വേണമെന്നുമില്ല. ഇത്തരം കാര്യങ്ങൾക്കായി അധികം സമയം പാഴാക്കരുത് എന്നുമാത്രം. ചികിത്സ കഴി‍ഞ്ഞ് രോഗം മാറിയവരിലും ചിലർക്കു സംശയം വരാം, എനിക്കു കാൻസർ തന്നെയായിരുന്നോ? എന്ന്. അതിന്റെ കാരണം കാൻസർ മാറില്ല എന്ന മിഥ്യാധാരണയാണ്.

cancer

∙ ചെയ്യേണ്ടത്:

രോഗനിർണയത്തിൽ സംശയം തോന്നിയാൽ എത്രയും വേഗം പുനഃപരിശോധനയ്ക്കു വിധേയമാകാം. പുറത്തുള്ള, നമുക്ക് ഇഷ്ടപ്പെട്ട കാൻസർ ചികിത്സകനെ കണ്ട് രണ്ടാം അഭിപ്രായം തേടുന്നതിലും തെറ്റില്ല. കാൻസർസെന്ററുകളിൽ ചികിത്സ തീരുമാനിച്ചാലും ചികിത്സയുടെ കാര്യത്തിലും രണ്ടാം അഭിപ്രായം പുറത്ത് തേടാം. മൂന്നു നാലും അഭിപ്രായങ്ങൾ തേടി സമയം പാഴാക്കരുത്.

ചികിത്സ ഓരോ സ്ഥലത്ത്?

‘‘ശസ്ത്രക്രിയ ഒരു സ്വകാര്യ ആശുപത്രിയിൽ, റേഡിയേഷൻ തലശ്ശേരിയിൽ, ഇനി കീമോ തെറപ്പി തിരുവനന്തപുരത്ത് ചെയ്യാം. ഓരോന്നിലും ഏറ്റവും പ്രഗദ്ഭൻമാരെയും മികച്ച ചികിത്സയും തിരിഞ്ഞുപിടിച്ചു ചികിത്സിക്കുന്നതാണ് നല്ലത്.’’ സാമ്പത്തികശേഷിയുള്ള ചിലരുടെയെങ്കിലും ചിന്താഗതിയാണിത്. എന്നാൽ അവർ മാത്രമല്ല, സാധാരണക്കാർക്കും ഈ അബദ്ധം പിണയാറുണ്ട് എന്ന് ശസ്ത്രക്രിയാവിദഗ്ധൻ കൂടിയായ ഡോ. സതീശൻ പറയുന്നു. ഒരു ആശുപത്രിയിൽ മുഴ കണ്ടുപിടിച്ച ഉടനെ തന്നെ അവിടെ ശസ്ത്രക്രിയ ചെയ്യുന്നു. കാൻസർ മുഴയാണ് എന്ന് അറിഞ്ഞും അറിയാതെയും ശസ്ത്രക്രിയ നടക്കാം.

എന്നാൽ പലപ്പോഴും കാൻസർ മുഴകളിൽ മുഴ മാത്രം നീക്കം ചെയ്താൽ മതിയാകണമെന്നില്ല. കൂടാതെ ശസ്ത്രക്രിയയ്ക്കു മുൻപുതന്നെ രോഗവ്യാപനസാധ്യത കണക്കാക്കുകയും വേണം. എന്നാൽ കാൻസർ ശസ്ത്രക്രിയയുടെ പ്രത്യേകതകൾ സാധാരണ ഡോക്ടർമാർക്കിടയിൽ തന്നെ വേണ്ടത്ര പ്രചാരമില്ല എന്നതും മുൻപിൻ നോക്കാതെ ശസ്ത്രക്രിയ ചെയ്യാൻ അവരെ പ്രരിപ്പിക്കുന്നു. പലപ്പോഴും കാൻസർ ചികിത്സാഫലത്തെ ഇതു ഗൗരവമായി ബാധിക്കാം. മാത്രമല്ല ചികിത്സയുടെ ഓരോ ഘട്ടത്തിലും ചികിത്സിച്ച ഡോക്ടർമാർ തമ്മിൽ ആശയവിനിമയം വേണ്ടിവരും. അപ്പോഴും വിവിധ സ്ഥാപനങ്ങളിൽ ചികിത്സ ചെയ്യുന്നത് ദോഷകരമാകാം– ഡോ. സതീശൻ പറയുന്നു.

∙ ചെയ്യേണ്ടത്:

കാൻസർ മുഴയാകാം എന്നു സംശയം തോന്നിയാൽ, കാൻസർ ശസ്ത്രക്രിയയിൽ സ്പെഷ്യലൈസ്ഡ് ആയ ഒരു സർജൻ തന്നെ അതു ചെയ്യുന്നതാണ് രോഗ പരിഹാരത്തിന് ഉത്തമം. ആവർത്തിച്ചുള്ള ശസ്ത്രക്രിയ ഒഴിവാക്കാനും ഇതിലൂെട കഴിയും. കാൻസർ ചികിത്സാ കേന്ദ്രങ്ങൾ അതിനായി തിരഞ്ഞെടുക്കാം.

cancer

വിദേശത്തു പോയാൽ?

‘‘പല പ്രമുഖരും കാൻസർ ചികിത്സിക്കാൻ വിദേശത്തു പോകുന്നതു കണ്ടില്ലേ, അവിടെ ഇതിനേക്കാൾ നല്ല ചികിത്സയുണ്ട്.’’– ഈ ചിന്ത തെറ്റാണ്. ലോകത്ത് എവിടെയുമുള്ള മികച്ച ചികിത്സ ഇവിടെയും ലഭിരക്കുമെന്ന് ഡോ. സതീശനും ഡോ. നാരായണൻകുട്ടിയും പറയുന്നു. വളരെ പ്രശസ്തരായവരെ ചികിത്സിക്കുമ്പോൾ, പ്രത്യേകിച്ചും ശസ്ത്രക്രിയ പോലുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ അസാധാരണമായ മാനസിക സമ്മർദമാണ് മിക്ക ഡോക്ടർമാരും അനുഭവിക്കുന്നത്. എന്തെങ്കിലും പിഴവു സംവിച്ചാലോ എന്ന ഭയം ഈ സമ്മർദത്തിനു കാരണമാകാം. അതിനാൽ അവരുടെ ഡോക്ടർമാർ ഈ റിസ്ക് ഒഴിവാക്കാനായി വിദേശചികിത്സ നിർദേശിക്കും. വിദേശത്ത്, നമ്മുടെ സെലിബ്രിറ്റികൾ സാധാരണ രോഗിമാത്രമാണ്. –ഡോ. സതീശൻ പറയുന്നു. മികച്ച ചികിത്സ ഇവിടെയുണ്ട്. ആശുപത്രിയിലെ സഹായസംവിധാനങ്ങളുടെ കാര്യത്തിൽ മാത്രമാണ് വിദേശത്തു മികവുള്ളത്.

∙ ചെയ്യേണ്ടത്:

മികച്ച ചികിത്സയും ഒരു പക്ഷേ വിദേശത്തേക്കാൾ മികവേറിയ ചികിത്സകരും ഇവിടെയുണ്ട്. അതിനാൽ ചികിത്സ നാട്ടിൽതന്നെ ആത്മവിശ്വാസത്തോടെ ചെയ്യാം.

കാൻസർ മാറ്റും സന്ദേശം

‘‘സമൂഹമാധ്യമങ്ങളിലൂെട ലഭിക്കുന്ന കാൻസർ ചികിത്സാ ഉപദേശങ്ങൾ സ്വീകരിക്കുന്നതു നല്ലതല്ലേ?’’ ‘‘ദയവുചെയ്ത് ഇനിയെങ്കിലും ഇത്തരമൊരു സന്ദേശം നിങ്ങൾക്കു കിട്ടിയാൽ അതു മറ്റൊരാൾക്കും ഫോർവേഡ് ചെയ്യരുത്. കാരണം അതുണ്ടാക്കുന്നത് ദുരന്തമാണ്. പലരോഗികളും ചികിത്സ നിർത്തി ഒറ്റമൂലി കഴിക്കാനും ദിവ്യവൈദ്യൻമാരെ തേടിപ്പോകാനും അതിടയാക്കും. ’’ –കാൻസർ ചികിത്സയിൽ പതിറ്റാണ്ടുകളുടെ അനുഭവങ്ങളുള്ള, ഡോ.സതീശൻ ബാലസുബ്രഹ്മണ്യവും ഡോ.നാരായണൻ കുട്ടിവാര്യരും ഒരേ സ്വരത്തിൽ പറയുന്നു. മയോക്ലിനിക്കിലെ ഡോക്ടർ എന്നതുൾപ്പെടെ ഉള്ളതോ ഇല്ലാത്തതോ ആയ ഡോക്ടർമാരുടെ പേരിൽ വരെ ഇത്തരം സന്ദേശം നിങ്ങളെ തേടിവരും. കരുതിയിരിക്കുക. കാൻസറെന്നാൽ മരണമല്ല. എന്നാൽ സമൂഹത്തിലെ ആ മിഥ്യാധാരണയാണ് ഇക്കൂട്ടർ മുതലെടുക്കുന്നതെന്നും ഡോക്ടർമാർ പറയുന്നു.

∙ ചെയ്യേണ്ടത്:

സമൂഹമാധ്യമങ്ങളിലൂെട പ്രചരിക്കുന്ന കാൻസർ സന്ദേശങ്ങൾ എത്ര യുക്തിയുള്ളത് എന്നു തോന്നിയാലും ചികിത്സയിൽ ഒരുവിധ മാറ്റം വരുത്തലും പാടില്ല. കാൻസർ ചികിത്സയിലിരിക്കുന്ന രോഗി ആ മരുന്നു കാലാവധി കഴിയാതെ ഒറ്റമൂലികളോ മറ്റുസമാന്തര മരുന്നുകളോ കഴിക്കരുത്. അർബുദമരുന്നുകളുടെ ഫലം കുറയാനോ അവയുെട പാർശ്വഫലം കൂടാനോ അതു കാരണമാകാം.

വിവരങ്ങൾക്ക് കടപ്പാട്;
ഡോ.നാരായണൻകുട്ടി വാര്യർ
ഡയറക്ടർ, എം വി ആർ കാൻസർ സെന്റർ, കോഴിക്കോട്  

ഡോ. സതീശൻ ബാലസുബ്രഹ്മണ്യൻ
ഡയറക്ടർ, മലബാർ കാൻസർ സെന്റർ, തലശ്ശേരി