Wednesday 01 April 2020 03:12 PM IST

ഹൈഡ്രോക്‌സി ക്ലോറോക്വിൻ രോഗമില്ലാത്തവർക്കും കഴിക്കാമോ? കുറിപ്പടിയില്ലാതെ മരുന്ന് തേടി പോകുന്നവരുടെ ശ്രദ്ധയ്ക്ക്...

Asha Thomas

Senior Sub Editor, Manorama Arogyam

medicine

നിലവിൽ ഐസിഎംആർ ക്ലോറോക്വിൻ ശുപാർശ ചെയ്തിരിക്കുന്നത് കോവിഡ് 19 രോഗികളെയോ രോഗം സംശയിക്കുന്നവരേയോ  പരിചരിച്ച ആരോഗ്യപ്രവർത്തകർ, രോഗമുള്ളവരുമായി അടുത്തിടപഴകിയവർ എന്നിവർക്കാണ്. അതും ഡോക്ടറുടെ  നിർദേശാനുസരണം മാത്രം ഉപയോഗിക്കാനാണ് നിർദേശം.

എന്നാൽ ഇത് കൊറോണയ്ക്കുള്ള പ്രതിരോധ മരുന്നാണ് എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചതോടെ സാധാരണക്കാരും മരുന്ന് തേടി  മെഡിക്കൽ സ്റ്റോറുകളിൽ എത്തി തുടങ്ങി. എന്നാൽ ഹൈഡ്രോക്സി ക്ലോറോക്വിൻ കൊറോണയ്ക്കുള്ള പ്രതിരോധ മരുന്ന് അല്ല എന്നാണ് മുൻ ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളർ എം ആർ പ്രദീപ് പറയുന്നത്. 

"ഹൈഡ്രോക്‌സി ക്ലോറോക്വിൻ എന്നു പറയുന്നത് മലേറിയയും റൂമറ്റോയ്ഡ് ആർത്രൈറ്റിസും ചികിത്സിക്കാൻ ഉപയോഗിക്കുന്ന ക്വിനൈൻ 

എന്ന ആൽക്കലോയ്ഡിന്റെ  ഡെറിവേറ്റീവ് ആണ്. ഇത് കോവിഡിനുള്ള പ്രതിരോധ മരുന്ന് (പ്രോഫൈലാക്ടിക്സ്‌ ) അല്ല. ലോകാരോഗ്യ സംഘടന ഈ മരുന്നിന്റെ ഇത്തരം ഒരു ഉപയോഗം ശുപാർശ ചെയ്തിട്ടില്ല. തന്നെയുമല്ല ഇത് കോവിഡ് പ്രതിരോധത്തിന് ഗുണം ചെയ്യുമെന്നതിന് ഒരു തെളിവും ഇല്ല. ഒട്ടേറെ പാർശ്വഫലങ്ങളുള്ള ഈ മരുന്ന് ഡോക്ടറുടെ നിർദ്ദേശത്തോടെ അല്ലാതെ ഉപയോഗിക്കുന്നത് അപകടകരം ആണ്.  തന്നെയുമല്ല പ്രതിരോധ സംവിധാനത്തെ  ദുർബലപ്പെടുത്തുന്ന തരം മരുന്നുകളുടെ കൂടെ ഇത് ഉപയോഗിക്കാവുന്നതല്ല."

അസിത്രോമൈസിൻ പോലുള്ള ആന്റിബയോട്ടിക്കുകൾക്കൊപ്പം ഈ മരുന്ന് ഉപയോഗിക്കാമെന്നും ചില വാർത്തകൾ പരന്നിരുന്നു.  എന്നാൽ ഈ കോമ്പിനേഷൻ നാഡീവ്യൂഹത്തിനു  ഏറെ ദോഷകരമാണെന്നും രക്തത്തിലെ ശ്വേത രക്താണുക്കളുടെ അളവും പ്ളേറ്റ്ലറ്റ് നിരക്കും കുറയ്ക്കുമെന്നും വിദഗ്ധർ പറയുന്നു.

Tags:
  • Manorama Arogyam