Tuesday 21 January 2020 11:24 AM IST

മാലിന്യങ്ങൾ പുറന്തള്ളുന്ന സ്വീഡിഷ് ആവിക്കുളി, അറേബ്യൻ ചന്തത്തിന് പിന്നിൽ സ്ക്രബ്

Santhosh Sisupal

Senior Sub Editor

arabian-beauty

ഗ്രീക്ക്–റോമൻ കാലത്തെ ഏറ്റവും വലിയ സൗന്ദര്യ ദേവത വീനസ് ആയിരുന്നു. ചരിത്രത്തിലെ ഏറ്റവും സുന്ദരി ഈജിപ്തിലെ ക്ലിയോപാട്ര ആണ്. ഗ്രീസിൽ സൗന്ദര്യത്തിന്റെ ഇതിഹാസരൂപമായി അപ്പോളോദേവനെയാണ് കണ്ടിരുന്നത്. ഇങ്ങനെ ഓരോ ദേശത്തും സൗന്ദര്യത്തിനു ചില പ്രതിരൂപങ്ങളുണ്ട്. അവരുടെയൊക്കെ സൗന്ദര്യ രഹസ്യങ്ങൾ അന്വേഷിക്കുന്നവരുമുണ്ട്. സൗന്ദര്യദേവതയായ വീനസിന്റെ മുടിയഴകിന്റെ രഹസ്യം ഒലിവ് എണ്ണയും മുഖകാന്തിയുടെ രഹസ്യം തണുത്തവെള്ളത്തിൽ മുഖം കഴുകുന്നതും ആണെന്ന് റോമൻ പൗരാണിക ശാസ്ത്രങ്ങൾ പറയുന്നു.

അറേബ്യൻ സ്ക്രബ്

ചർമത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യുന്നതിൽ അറബികളുെട തനതായ രീതി പ്രയോജനപ്രദമാണ്.

∙ പകുതി നാരങ്ങയുടെ നീരിൽ ഒരു സ്പൂൺ പൊടിച്ച തവിട്ടുനിറത്തിലുള്ള പഞ്ചസാരയും (ബ്രൗൺഷുഗർ)ഒരു സ്പൂൺ‌ ഒലിവ് എണ്ണയും ചേർത്ത് സ്ക്രബ് തയാറാക്കുന്നു. ഈ സ്ക്രബ് ഉപയോഗിച്ച് അൽപനേരം ചർമത്തിൽ മസാജ് ചെയ്തശേഷം ചൂടുവെള്ളത്തിൽ കഴുകിക്കളയാം. ചർമത്തിനു തിളക്കവും മിനുസവും ഉടൻ കൈവരും.

കാനഡയുടെ കണ്ണഴക്

കണ്ണിന്റെ അഴകിൽ പ്രത്യകം ശ്രദ്ധിക്കുന്നവരാണ് കാനഡക്കാർ. കണ്ണിന്റെ ക്ഷീണം, ഐബാഗ്, ചുറ്റാകെയുള്ള കറുപ്പ്, നീർവീക്കം തുടങ്ങിയവയ്ക്കു കാനഡക്കാരുടെ ഒറ്റമൂലിയാണ് തേയില. ഗ്രീൻ ടീയാണ് ഉത്തമം.

∙ രണ്ട് ടീബാഗുകൾ തിളയ്ക്കുന്ന വെള്ളത്തിൽ ഒരുമിനിറ്റിൽ താഴെ സമയം ഇട്ടുവയ്ക്കുക. തുടർന്ന് അതെടുത്ത് ഫ്രിജിൽ തണുപ്പിക്കാൻ വയ്ക്കുക. തണുത്തുകഴിഞ്ഞ ടീബാഗുകൾ എടുത്ത്, കണ്ണടച്ചശേഷം ഓരോന്നുവീതം കണ്ണിനുമുകളിൽ 15 മിനിറ്റ് നേരത്തേക്കു വയ്ക്കുക. പതിവായി ചെയ്താൽ കണ്ണിന്റെ സൗന്ദര്യപ്രശ്നങ്ങൾ മാറും.

beauty

പോളണ്ടും പൊട്ടാത്ത മുടിയും

മുടിയുടെ ആരോഗ്യത്തിനുള്ള ഹെയർമാസ്കിന് നമ്മൾ ഉപയോഗിക്കുന്നത് മുട്ടയുടെ വെള്ളയാണ്. എന്നാൽ പോളണ്ടുകാർക്ക് ഇത് മുട്ടയുടെ മഞ്ഞയാണ്. മുട്ടവെള്ളയേക്കാൾ മഞ്ഞക്കരു മുടിക്കു ആരോഗ്യം നൽകുന്നുണ്ടെന്നാണ് പോളണ്ടുകാർ പറയുന്നത്.

∙ മുട്ടയുെട മഞ്ഞക്കുരു വേർതിരിച്ചെടുത്ത് അതിൽ ഒലിവ് ഓയിലും അൽപം നാരങ്ങാനീരും കലർത്തിമിശ്രിതമാക്കി മുടിയിൽ 15 മിനിറ്റു നേരത്തേയ്ക്കു തേച്ചു പിടിപ്പിക്കുന്നു. മുടി പൊട്ടിപ്പോകുന്ന പ്രശ്നത്തിന് ഇതോടെ പരിഹാരമാകും.

ഫ്രഞ്ച് സുഗന്ധം

സുഗന്ധം പൂശലിന് ഫ്രാൻസ് പോ ലെ പ്രാധാന്യമുള്ള നാട് വേറെ ഉണ്ടാകില്ല. ഫ്രഞ്ച് സ്ത്രീകളിൽ പെർഫ്യൂം അലർജി ഇല്ലാത്തവരെല്ലാം സുഗന്ധം പൂശാറുണ്ട്. സൗന്ദര്യത്തിനു സുഗന്ധം ചേർന്നാലേ പൂർണത വരൂ എന്നാണ് അവർ വിശ്വസിക്കുന്നത്.

∙ വസ്ത്രങ്ങളിൽ അല്ല, ശരീരത്തിൽ നേരിട്ടാണ് സുഗന്ധം പൂശുന്നത്. ഉപയോഗിക്കുന്ന പെർഫ്യൂം ഒാരോ വ്യക്തിയുടേയും ശരീരത്തിലെ ഗന്ധവുമായി ചേർന്ന് ഒരു പുതിയ സുഗന്ധം രൂപപ്പെടും. അത് തീർത്തും വേറിട്ടതായിരിക്കുമത്രേ.

foreign-beauty

ടർക്കിയിെല പനിനീര്

സുന്ദരികളെക്കാൾ സുന്ദരൻമാരുടെ പേരിൽ അറിയപ്പെടുന്ന നാടാണ് ടർക്കി. സ്ത്രീകളെ പോലെ പുരുഷൻമാരും ഇവിടെ സൗന്ദര്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

∙ പതിവായി ഒരു നേരമെങ്കിലും ശുദ്ധമായ റോസ്‍‌വാട്ടർ (പനിനീര്) ഉപയോഗിച്ച് മുഖം കഴുകുന്നത് അവരുടെ മുഖസൗന്ദര്യം മെച്ചപ്പെടുത്തുന്നതായി ടർക്കി ജനത വിശ്വസിക്കുന്നു. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ തൈരും മുഖലേപനത്തിനായി ഉപയോഗിക്കാറുണ്ട്.

റുമേനിയയും സുന്ദര നഖവും

വിരലുകളുടെയും നഖത്തിന്റെയും വൃത്തിയും സൗന്ദര്യവും റുമേനിയക്കാർക്ക് വളരെ പ്രധാനമാണ്. അതിനവർക്ക് വളരെ ലളിതമായ പല പൊടിക്കൈകളുമുണ്ട്.

∙നഖത്തിലെ നിറം മാറ്റവും കറയും അകറ്റി സ്വാഭാവികമായ തിളക്കം ലഭിക്കാനായി നാരങ്ങാനീരാണ് ഉപയോഗിക്കുന്നത്. നാരങ്ങാനീര് പിഴിഞ്ഞെടുത്ത് അതിൽ വിരൽ നഖങ്ങൾ 10 മിനിറ്റു നേരം താഴ്ത്തി വയ്ക്കും. അതുപോല നഖക്കെട്ടിന്റെ ആരോഗ്യത്തിന് ഒലിവ് എണ്ണയിൽ നഖം മുക്കിവയ്ക്കുന്ന ശീലവുമുണ്ട്.

beauty-2

മുഖത്ത് അടിക്കുന്ന റഷ്യ

മുഖസൗന്ദര്യത്തിനുള്ള റഷ്യക്കാരുടെ പൊടിക്കൈ കേട്ടാൽ വിശ്വസിക്കാൻ തോന്നില്ല. മെയ്ക്കപ് ചെയ്യുന്നതിനു മുൻപ് കവിളിലും നെറ്റിയിലും മുഖത്തു മറ്റു ഭാഗങ്ങളിലും അവർ മൃദുവായി അടിക്കും. ഇത് ചർമത്തിലേക്കുള്ള രക്തയോട്ടം കൂട്ടുകയും മുഖചർമം തുടുത്തു നിൽക്കുകയും ചെയ്യുമത്രേ.

∙ മനോഹരമായ മുടിയഴകിനായി റഷ്യക്കാർ പ്രത്യേകമായ ഒരു ലേപനം തയാറാക്കാറുണ്ട്. മുട്ട, മയൊണൈസ്, ബിയർ അല്ലെങ്കിൽ വൈൻ എന്നിവ യോജിപ്പിച്ചുള്ള മാസ്ക് മുടിയിൽ തേച്ചു പിടിപ്പിച്ചു കഴുകിക്കളയുന്നു. ഇതു മുടിക്കു തിളക്കവും മാർദവവും ബലവും നൽകുന്നു.

സ്വീഡനിലെ ആവിക്കുളി

സ്വീഡൻ സുന്ദരിമാരുടെ അഴകിന്റെ പ്രധാന രഹസ്യം ആവിക്കുളിയാണ്. വെള്ളം കുടിച്ച ശേഷം ഷവറിൽ കുളിച്ചു കഴിഞ്ഞ് ശരീരം ശുചിയായ ശേഷമാണ് ആവിക്കുളിക്കുള്ള മുറിയിലേക്കു കടക്കുന്നത്. നീരാവിയിൽ ശരീരം വിയർക്കുന്നതോടെ ചർമത്തിൽ അടിഞ്ഞുകൂടിയ എല്ലാ മാലിന്യങ്ങളും പുറന്തള്ളപ്പെടും.

∙ ആവിക്കുളിക്കു തുല്യമായി സ്വീഡൻ ജനത ചെയ്യുന്ന ഒരു പൊടിക്കൈ ഉണ്ട്. ഒലിവ് ഓയിൽ, യൂക്കാലിയെണ്ണ, ഇന്തുപ്പ് എന്നിവ ചേർത്ത മിശ്രിതം ശരീരമാസകലം തേച്ചു കുളിച്ചാലും ആവിക്കുളിപോലെ ചർമം ശുദ്ധമാകും.

സ്പെയിനിലെ ഉരുളക്കിഴങ്ങ്

കാളപ്പോരിന്റെ നാടായ സ്പെയിൻ സുന്ദരികളുടേയും നാടാണ്. കണ്ണിനു ചുറ്റുമായി ഉണ്ടാകുന്ന കറുപ്പാണ് സ്പെയിൻ സുന്ദരികളെ അലട്ടുന്ന പ്രധാന ചർമ പ്രശ്നം.

∙കണ്ണിനു ചുറ്റുമുള്ള കറുപ്പു മാറ്റാൻ ഉരുളക്കിഴങ്ങ് വട്ടത്തിൽ അരിഞ്ഞ് ഓരോപാളി വീതം കൺതടങ്ങളും പോളകളും മൂടും വിധം സാവധാനം അമർത്തിവയ്ക്കുന്നു. 10–15 മിനിറ്റ് കഴിഞ്ഞ് ശേഷം എടുത്തുമാറ്റുന്നു. പെട്ടെന്നു തന്നെ കറുപ്പ് കുറയുമെന്നാണ് അവരുടെ വിശ്വാസം.

Tags:
  • Beauty Tips