സിംഹത്തിനെ അതിന്റെ മടയിൽ പോയി വേട്ടയാടണമെന്ന് പണ്ടൊരു സിനിമയിൽ ഇതിഹാസ താരം എംജിആർ പറയുന്നുണ്ട്. ഒറിജിനൽ ചെട്ടിനാടൻ ഭക്ഷണം തിരഞ്ഞിറങ്ങിയപ്പോഴാണ് പൗരുഷം നിറഞ്ഞ ഡയലോഗ് ഓർത്തത്. ചെട്ടിനാട് എന്ന സ്ഥലപ്പേരും എംജിആറിന്റെ സംഭാഷണവും മോരും മുതിരയും പോലെ ചേരിചേരായ്മയാണെങ്കിലും അതിലൊരു നൊസ്റ്റാൾജിയയുടെ അന്തർധാരയുണ്ട്. ചെട്ടിനാട് സിമന്റിന്റെ റേഡിയോ പരസ്യവും ജയന്റെ ക്ലാസിക് സിനിമകളുമൊക്കെ സജീവമായിരുന്നത് ഒരേകാലത്തായിരുന്നു. അതുകൊണ്ടു തന്നെ കാലം കുറേ കഴിഞ്ഞെങ്കിലും ചെട്ടിനാട് യാത്രയക്കൊരു സിനിമാറ്റിക് സുഖമുണ്ട്. സ്വാദിന്റെ ചങ്കു പിളർന്നു ‘ചോര കുടിക്കാൻ’ ഇറങ്ങിയപ്പോൾ കൊതി കോൺക്രീറ്റ് കെട്ടിടം പോലെ ഉയർന്നു. കാരൈക്കുടിയിൽ എത്തിയപ്പോഴേക്കും അതു വിശപ്പിന്റെ ഷോപ്പിങ് കോംപ്ലക്സായി മാറി.
കാരൈക്കുടി ബസ് സ്റ്റാന്റിന്റെ സമീപത്തു കവി കണ്ണദാസന്റെ പേരിലുള്ള സ്മാരക മന്ദിരത്തിനു മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷക്കാരനോട് ചെട്ടിനാട് ഭക്ഷണം കിട്ടുന്ന കട അന്വേഷിച്ചു. ‘‘പ്രിയാ മെസ്. അതു താൻ പ്രമാദം.’’ നാലഞ്ചാളുകൾ ഇതേ പേരു പറഞ്ഞപ്പോൾ ചെട്ടിനാടിനു പ്രിയപ്പെട്ട ഭക്ഷണ ശാല ‘ശ്രീപ്രിയ മെസ്’ ആണെന്ന് വ്യക്തമായി. അതൊന്ന് ഉറപ്പാക്കാനായി ഗൂഗിളിൽ സെർച്ച് ചെയ്തു. നാട്ടുപ്പുറപ്പാട്ടുകളുടെ സുവർണകാലം മുതൽ കാരൈക്കുടിയുടെ അലങ്കാരമാണ് ശ്രീപ്രിയ മെസ്. മനുഷ്യർ ഭക്ഷിക്കുന്ന സകല ഇറച്ചി വിഭവങ്ങളുടേയും അതിവിശാലമായ ഷോറൂം. വേണുഗോപാൽ നായിഡുവും അദ്ദേഹത്തിന്റെ പൊണ്ടാട്ടി സരസ്വതിയും ചേർന്ന് അൻപതു വർഷം മുൻപ് ആരംഭിച്ച ‘ടീ ഷാപ്പി’ന്റെ ചരിത്രം പൂർവകഥ സമേതം ഓൺലൈനിലുണ്ട്.
ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്കു തുറക്കും. ഉച്ചകഴിഞ്ഞ് നാലിന് അടയ്ക്കും. പ്രഭാതഭക്ഷണവും അത്താഴവുമില്ല. നായിഡുവും പത്നിയും കച്ചവടം ആരംഭിച്ച കാലം മുതൽ ഇതാണ് രീതി. ഊണും പലവക മാംസ വിഭവങ്ങളുമാണ് ആകർഷണം.
സ്വന്തം വീടു പോലെ
ആർ.എ. സ്ട്രീറ്റിലുള്ള ‘സിനിമാ ഷൂട്ടിങ്’ ബംഗ്ലാവിന്റെ എതിർവശത്താണു ശ്രീപ്രിയ മെസ്. വട്ടത്തിൽ വെട്ടിയെടുത്ത വാഴയിലയുടെ വലുപ്പത്തിൽ സ്ഥാപകരുടെ ചിത്രം സഹിതം തമിഴ് അക്ഷരങ്ങൾ മുഴച്ചു നിൽക്കുന്ന ബോർഡ്. ‘‘ശാപ്പാട്, ബിരിയാണി, ചിക്കൻ, മട്ടൻ, ഈരാൾ, കാടൈ, നണ്ട് ’’ ബോർഡിൽ എഴുതി വച്ചിരിക്കുന്നു.
നമ്മുടെ ഗ്രാമങ്ങളിലെ നാടൻ ഹോട്ടലിന്റേതു പോലെ ചില്ലു പതിച്ച വാതിലിനു മുന്നിൽ പൂരം പോലെ പുരുഷാരം. തിരക്കിനിടയിലൂടെ കടയുടെ അകത്തേക്ക് എത്തി നോക്കി. ഓരോ കസേരയുടെ പുറകിലും ഒന്നും രണ്ടും പേർ ലോങ് ജംപ് താരങ്ങളെ പോലെ ഊഴം കാത്ത് അക്ഷമരായി നിൽക്കുകയാണ്.
പ്രധാന ഹാളിലെ ജനക്കൂട്ടത്തിൽ കറിപ്പാത്രങ്ങളുമായി ഓടിനടക്കുന്ന യുവതികളിൽ ഒരാളോട് ഉടമയെ അന്വേഷിച്ചു. ഇറച്ചിയും മീൻ വറുത്തതും നിറച്ചു വച്ച പാത്രങ്ങളുടെ അരികിലേക്ക് അവർ വിരൽ ചൂണ്ടി. ചെരുവത്തിൽ നിന്നു ചിക്കൻ കോരിയെടുത്ത് ചെറിയ പാത്രങ്ങളിൽ നിറച്ച് മേശപ്പുറത്ത് വയ്ക്കുന്നയാളാണ് പ്രിയ മെസിന്റെ ഉടമ ശിവകുമാർ. നായിഡുവിന്റെ മകൻ. തൊട്ടടുത്തു നിന്നു സാമ്പാർ പാഴ്സൽ ചെയ്യുന്നതു രാജാത്തി, ശിവകുമാറിന്റെ ഭാര്യ. ‘വാങ്ക സാർ ഉക്കാറുങ്കെ.’ വിശന്നു നിൽക്കുന്ന ആളുകളുടെ മുന്നിലേക്ക് ശിവകുമാർ വിനയം വാരിവിതറി. ഓടി നടന്ന് ചോറു വിളമ്പുന്ന ജോലിക്കാരുടെ കയ്യിലേക്ക് സർക്കസുകാരനെ പോലെ കറിപ്പാത്രങ്ങൾ എറിഞ്ഞു നൽകുന്ന ശിവകുമാറിനെ ആദരവോടെ കുറച്ചു നേരം നോക്കി നിന്നു. കേരളത്തിൽ നിന്നാണു വരുന്നതെന്നു പറഞ്ഞപ്പോൾ എസി മുറി ചൂണ്ടിക്കാണിച്ച് അവിടെ ഇരിക്കാൻ നിർദേശം. അതിനകത്താകട്ടെ പുറത്തു കണ്ടതിനെക്കാൾ ജനത്തിരക്ക്...
ഇറച്ചി വിഭവങ്ങളുടെ കലവറ
വിശന്നു കൺട്രോൾ നഷ്ടപ്പെട്ടു നിൽക്കുന്നവർ കഴിച്ചിറങ്ങുന്നതുവരെ കാത്തു നിൽക്കാമെന്നുറച്ച് ഒരു മൂലയിലേക്ക് ഒതുങ്ങി. അവിടെ നിന്ന് ആ കടയെ മൊത്തത്തിലൊന്നു നോക്കി. വാഴയിലയിൽ ചോറ്, കോഴിയിറച്ചിയുടെ ചാറ്, അച്ചാറ്, മെഴുക്കുവരട്ടി – യൂണിഫോമിട്ട സ്കൂൾ കുട്ടികളെ പോലെ എല്ലാ ഇലയും ഒരേപോലെ. വീട്ടിലെത്തിയ അതിഥിയെ സത്കരിക്കുന്ന പോലെ മേശയുടെ അരികിൽ നിന്ന് ‘അക്കമാർ’ ഇറച്ചി വിഭവങ്ങൾ വിളിച്ചു പറഞ്ഞ് വിളമ്പുന്നു. നാട്ടു കോഴിക്കറി, ബ്രോയിലർ കോഴിക്കറി, മട്ടൻ ചുക്ക, മട്ടൻ തലക്കറി, മട്ടൻ ലിവർ ഫ്രൈ, ആടിന്റെ തലച്ചോറ് കറി, ഞണ്ട് കറി, മീൻ വറുത്തത്, മീൻ കറി, ചെമ്മീൻ കറി... ഇതിൽ ഏതാണ് ഓർഡർ ചെയ്യേണ്ടതെന്ന് കൺഫ്യൂഷനായി ആളുകൾ പരസ്പരം ചർച്ച തുടങ്ങി. ഈ സമയത്തിനുള്ളിൽ ചോറിനു മീതെ ഞണ്ടു കറിയുടെ ചാറൊഴുകി. അതു നാവിൽ പുരണ്ടവർ ഞണ്ട് കറി ഓർഡർ ചെയ്തു. അതു കഴിച്ചു തീരുന്നതിനു മുൻപ് ചേച്ചിമാർ നാട്ടു ‘കോളി’ക്കറിയുടെ ചാറൊഴിച്ചു. രുചിച്ചു നോക്കിയവർ നാടൻ കോഴിക്കറി ഓരോ പ്ലെയ്റ്റ് വേണമെന്നു പറഞ്ഞു. പിന്നീടു കണ്ടത് കോഴിയിൽ തുടങ്ങി മട്ടനിലൂടെ കടന്ന് ചെമ്മീനിലേക്ക് നീളുന്ന മാംസനിബദ്ധമായ ദീർഘയാത്ര!
പ്രശസ്തമായ മാപ്പിളപ്പാട്ടിൽ മരുമകനു ഭക്ഷണം വിളമ്പുന്ന അമ്മായിയെ പോലെ ഇടതടവില്ലാതെ ഇറച്ചിക്കറി നൽകുന്ന ജോലിക്കാരായ സ്ത്രീകളാണ് ശ്രീപ്രിയ മെസ്സിന്റെ ഐശ്വര്യം. ‘മോർ കുഴമ്പ് ശാപ്പിടുങ്കെ, കൊഞ്ചം നണ്ട് ഗ്രേവി, ആട് കറി ഊത്തട്ടുമാ...’’ മര്യാദയുടെ ഗ്രൗണ്ട് സീറോയിൽ നിന്നുള്ള ചോദ്യത്തിനു മുന്നിൽ വിശപ്പു മാറിയവരും വഴങ്ങുന്നു. ഭക്ഷണം കഴിച്ച് ഏമ്പക്കം വിട്ടവരെ പിടിച്ചിരുത്തി അര ഗ്ലാസ് രസം കുടിപ്പിക്കുന്നതും കണ്ടു. ഇനിയും കഴിച്ചാൽ വയറു പൊട്ടുമെന്നു പറഞ്ഞ് കസേരയിൽ നിന്ന് ചാടിയെഴുന്നേറ്റ് കൈ കഴുകാനോടിയ ഫ്രാൻസ് സ്വദേശിനി എലിൻ ചാഗ്നൻ എരിവിന്റെ രുചി നുകർന്ന് തുള്ളിച്ചാടി. ലോകത്തൊരിടത്തും ഇത്രയും വ്യത്യസ്തമായ നാട്ടു വിഭവങ്ങൾ കണ്ടിട്ടില്ലെന്ന് സെലിൻ പറഞ്ഞു. ചെട്ടിനാട്ടിലെ ‘മസ്റ്റ് ട്രൈ’ പട്ടികയിൽ ശ്രീപ്രിയ മെസ് ഉണ്ടെന്നു സെലിൻ ട്രിപ്പ് ഷീറ്റ് വിടർത്തി കാണിച്ചു. ഇതുപോലെ വന്നിറങ്ങിയ വിദേശികളുടെ അഭിപ്രായ പ്രകടനങ്ങളിലൂടെയാണ് തമിഴ്നാട്ടിലെ ചെറിയൊരു പട്ടണമായ കാരൈക്കുടിയുടെ കൈപ്പുണ്യത്തിന്റെ മാഹാത്മ്യം കടൽ കടന്നത്.
‘‘ഈ നാട്ടിലെ സാധാരണക്കാരാണ് ഞങ്ങളുടെ കസ്റ്റമേഴ്സ്. അച്ഛന്റെ കാലം മുതൽ ഉച്ചഭക്ഷണത്തിന് നല്ല തിരക്കാണ്. രാവിലെ ഒൻപതു മണിക്ക് പാചകം തുടങ്ങും. വീടിനോടു ചേർന്നാണ് അടുക്കള. വീട്ടിൽ ഉപയോഗിക്കുന്ന മസാലയും ചേരുവകളുമാണ് കടയിലും ഉപയോഗിക്കുന്നത്.’’ ശ്രീപ്രിയ മെസിന്റെ മഹിമ കുടുംബത്തിന്റെ കൈപുണ്യമാണെന്നു ശിവകുമാർ പറയുന്നു. സിനിമാ താരങ്ങളായ നാസർ, വടിവേലു, രാജ്കിരൺ, ശിവ കാർത്തിക് എന്നിവരും സംവിധായകൻ ഷങ്കറും ഭക്ഷണം കഴിച്ച ശേഷം ആശ്ലേഷിച്ച് അഭിനന്ദിച്ചത് ശിവകുമാർ തനിക്കു കിട്ടിയ പുരസ്കാരമായിട്ടാണു കരുതുന്നത്. പ്രമുഖ രാഷ്ട്രീയ നേതാക്കന്മാരും ഐഎഎസ് ഓഫിസർമാരും ശ്രീപ്രിയ മെസ്സിന്റെ ആരാധകരിൽ ഉൾപ്പെടുന്നു.
ഈരാൾ എന്നു തമിഴ് പേരുള്ള ചെമ്മീനും നണ്ടും (ഞണ്ട്) ആടിന്റെ തലച്ചോറു കറിയും ശ്രീപ്രിയ മെസ്സിലെ സ്പെഷൽ ഐറ്റമാണ്. ആടിന്റെ തലക്കറിയാണ് മറ്റൊരു ആകർഷണം. കൊഴുപ്പ് ഇഷ്ടമല്ലാത്തവർക്ക് നാട്ടു കോഴിക്കറി. ഇറച്ചി പ്രിയർക്ക് ബ്രോയിലർ ചിക്കൻ. ഇറച്ചി ധാരാളം കഴിക്കുന്നവർക്ക് ആടിന്റെ ലിവർ വറുത്തതും കറിയും. രോഗ വിവരം ചോദിച്ച് മരുന്നു നൽകുന്ന ഡോക്ടറെ പോലെ കസ്റ്റമേഴ്സിനോടു സംസാരിച്ച് വിഭവങ്ങൾ വിളമ്പാനുള്ള ‘ടെക്നിക്’ അച്ഛനൊപ്പം നിന്ന് ശിവകുമാർ നേടിയെടുത്ത കഴിവാണ്. ദക്ഷിണേന്ത്യയിലെ കച്ചവടത്തിന്റെ തലതൊട്ടപ്പന്മാരായ ചെട്ടിമാരുടെ നാട്ടിൽ ശ്രീപ്രിയ മെസ്സ് നേടിയ ജനപ്രീതിയിൽ ഇതുപോലെ നൂറുകൂട്ടം ചേരുവകൾ അടങ്ങിയിട്ടുണ്ട്. പഴയ റേഡിയോ പരസ്യം പോലെ ആളുകളും ശ്രീപ്രിയാ മെസുമായുള്ള ബന്ധം ആ ചേരുവയിൽ സുദൃഢമാണ്; സുദീർഘമാണ്...