Friday 26 June 2020 04:37 PM IST : By Arun Kalappila

പച്ചമരങ്ങൾക്കിടയിലെ രാധാനഗർ ബീച്ച്

r3


ഹാവ് ലോക്ക് ദ്വീപിലെ രാധാനഗർ ബീച്ചിനെപ്പറ്റി കേട്ടുതുടങ്ങിയിട്ട് വർഷങ്ങളായി. ഏഷ്യയിലെ ഏറ്റവും മനോഹരമായ അഞ്ച് ബീച്ചുകളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടിട്ട് അധികനാളായില്ല. ആൻഡമാൻ ദ്വീപ് സമൂഹത്തിലെ ഏറ്റവും സുന്ദരമായ കാഴ്ചകളിലൊന്നാണത്. ഏഴുമണിയ്ക്ക് ഉണരുക എന്ന പതിവുശീലത്തിന് മാറ്റം വരുത്താതെ ആൻഡമാനിലെ ആദ്യത്തെ പ്രഭാതത്തിലേക്ക് കണ്ണുതുറന്നു. ജനാലവിരി നീക്കിയപ്പോഴേക്കും സൂര്യൻ ഒരുപാടുയരത്തിൽ..
നാട്ടിലെ പത്തുമണിയുടെ പ്രതീതി. ആൻഡമാനിൽ സൂര്യൻ ഒരല്പം മുന്നേ എത്തുന്നുണ്ട്. വളരെ പെട്ടെന്നുതന്നെ യാത്രയ്ക്ക് തയാറായി.
റസ്റ്ററന്റിൽ ആവിപറക്കുന്ന ഇഡ്‌ഡലിയും സാമ്പാറുമൊക്കെ കണ്ടപ്പോൾ എന്തെന്നില്ലാത്ത ആശ്വാസം. പോർട്ട്ബ്ലയറിലെ തുറമുഖത്തെത്തിയപ്പോഴേക്കും മാക്രൂസ് എന്ന ആഡംബര നൗക യാത്രയ്ക്ക് തയാറെടുത്തു കാത്തുകിടക്കുന്നു. പോർട്ടിലെ പതിവുപരിശോധനകൾ കഴിഞ്ഞ് കപ്പലിലേക്ക് കടന്നിരുന്നു. രണ്ടു നിലകളിലായി നൂറുകണക്കിന് യാത്രക്കാർ. കപ്പലിന് ഉൾഭാഗം ശീതീകരിച്ചതാണ്,വിമാനത്തിലേതു പോലെയുള്ള ഇരിപ്പിടങ്ങൾ. മറ്റു സൗകര്യങ്ങൾ, കോഫീഷോപ്പ്.  പതുക്കെ, കപ്പലിന് ജീവൻ വച്ചു. ഓളപ്പരപ്പിലൂടെ അത് ഊക്കോടെ മുന്നോട്ട് നീങ്ങി തുടങ്ങി. ചുറ്റിലും ചിതറിക്കിടക്കുന്ന ദ്വീപുകൾ ചെറുകപ്പലുകൾ ബോട്ടുകൾ അങ്ങനെ കണ്മുന്നിൽ കാണുന്നതെന്തിനേയും അകലത്തേക്ക് തെറിപ്പിച്ച് , അത് കുതിച്ചുപായുകയാണ്. അറുപത്തേഴ് കിലോമീറ്റർ കടൽദൂരം ഒന്നരമണിക്കൂർ കൊണ്ടാണ് പിന്നിട്ടത്.

r8
r5
r7

ഹാവലോക്കിലെ തീരത്തിന് മനോഹാരിത അൽപ്പം കൂടുതലാണ്. കടൽച്ചെരുവിലേക്കിറങ്ങി നിൽക്കുന്ന വൃക്ഷങ്ങൾ, കണ്ടൽവനങ്ങൾ. മനുഷ്യകരങ്ങളാൽ നോവിക്കപ്പെട്ടിട്ടില്ലാത്ത ഭൂമിയുടെ മനോഹരമായ പുഞ്ചിരിയാണ് ഓരോ കാഴ്ചയിലും കൊത്തിവച്ചിരിക്കുന്നത്..
ബോട്ട് ജെട്ടിയിൽ കരയിലേക്കുള്ള നടപ്പാത അവസാനിക്കുന്നിടത്ത് മാക്രൂസിലെ യാത്രക്കാരെ കാത്ത് നിരവധി വാഹനങ്ങൾ.
ഗവണ്മെൻറ് വക രണ്ടു യാത്രാബസ്, സ്വകാര്യകാറുകൾ, മിനിബസുകൾ, ട്രാവലറുകൾ... എല്ലാറ്റിലും പഴക്കം പുകതുപ്പുന്നുണ്ട്. നോക്കിനിൽക്കുമ്പോൾ തന്നെ വാഹനങ്ങൾ ചിതറി മറഞ്ഞു.

ഹാവലോക്ക്

r1
r6

ആൻഡമാൻ ദ്വീപസമൂഹത്തിലെ ഏറ്റവും മനോഹരമായ ദ്വീപുകളിൽ ഒന്നാണത്. രാധാനഗർ ബീച്ചിലേക്കുള്ള ബസ് പുറപ്പെട്ടു. ബോട്ട് ജെട്ടിയിൽ നിന്നും പതിനഞ്ചുകിലോമീറ്റർ ദൂരം.ഇടുങ്ങിയ ടാർവഴിയിൽ നിറയെ കുണ്ടും കുഴിയും. യാത്ര തീരെ സുഖമുള്ളതായിരുന്നില്ല. ഇരുപത് കൊല്ലം മുമ്പുള്ള കേരളം ഉള്ളിൽ തികട്ടുന്നു. പക്ഷേ, ഇരുവശങ്ങളിലേയും കാഴ്ച സുന്ദരമായിരുന്നു.തളിര് തുന്നിയ പച്ചപ്പിന്റെ കുപ്പായം പുതച്ച് വെയിലുകൊള്ളുന്ന ഭൂമി. ദ്വീപിന്റെ ഇടവഴികളിലൂടെ ബസ് പായുന്നു. ചെറു കുന്നുകളും വയലും ചതുപ്പുമൊക്കെ നിറഞ്ഞ ഭൂമി.
തെങ്ങും കവുങ്ങും ധാരാളമായി കാണുന്നുണ്ട്. അസാധാരണമായ വലിപ്പമുള്ള അടയ്ക്ക പഴുത്തുകൊഴിഞ്ഞു കിടക്കുന്നു.
ഇടയ്ക്കിടെ മഴപെയ്യാറുള്ളതുകൊണ്ടാകാം ഭൂമി ഇത്രമേൽ ഈർപ്പമുള്ളതാകുന്നത്. പച്ചപ്പ്‌ നിറഞ്ഞ ഇരുവശങ്ങളിലും മരക്കൂട്ടങ്ങൾക്കിടയിൽ ഇടയ്ക്കിടെ മനോഹരമായ റിസോർട്ടുകൾ , കോട്ടേജുകൾ, റസ്റ്ററന്റുകൾ...

r4
r2

ഹണിമൂൺ യാത്രകളുടെ പറുദീസയാണ് ഹാവലോക്ക്. ലോകത്ത് ഇത്ര നിശബ്ദവും മനോഹരവുമായ തീരം ഉണ്ടാകുമോ എന്ന സംശയം നിലനിൽക്കുന്നു. വണ്ടി പതുക്കെ രാധാനഗർ ബീച്ചിലെ പാർക്കിങ് ഗ്രൗണ്ടിലേക്ക് കടന്നു നിന്നു. രണ്ടു മണിക്കൂർ സമയം,ബീച്ചിനെ കണ്ടുനിറയ്ക്കാൻ.
അനുഭവിച്ചറിയാൻ...

എത്ര മനോഹരമായ കാഴ്ചയാണിത്..!!! ജീവിതത്തിലിന്നോളം ഇങ്ങനെ ഒരു തീരം കണ്ടിട്ടില്ല. നിശബ്ദതയുടെ, നീലക്കടലിന്റെ, തണൽമരങ്ങളുടെ
സുന്ദരമായ തീരം വെള്ളിമണലിൽ വെയിൽ പതിച്ച് മുത്തുകൾ പോലെ തിളങ്ങുന്നുണ്ട്. വെയിൽ കടുക്കുംതോറും കടൽ നിറം മാറ്റുന്നു. പച്ച.. നീല... കറുപ്പ്...തിര, തീരെ കുറഞ്ഞ മനോഹരമായ തീരം. സ്‌ഫടികം പോലെ തിളങ്ങുന്ന ജലത്തിന്റെ അടിത്തട്ടിൽ നീന്തിത്തുടിക്കുന്ന മത്സ്യങ്ങൾ പോലെ പരിസരം മറന്ന്,പരസ്പരം മറന്ന് ജലകേളികളിൽ ഏർപ്പെട്ടിരിക്കുന്ന പ്രണയജോഡികൾ.

ബീച്ചിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ വെറുതേ നടന്നു. ആൾത്തിരക്കൊഴിഞ്ഞ ഇടങ്ങളിലൊക്കെ നിശ്ശബ്ദതയിലേക്ക് തലപൂഴ്ത്തി വിദേശ വിനോദസഞ്ചാരികൾ വെയിൽ കായുന്നു. തീരത്ത് കോട്ടപോലെ നിരന്നുനിൽക്കുന്ന പഠാക്ക് മരങ്ങൾക്കിടയിൽ ചുറ്റിത്തിരിഞ്ഞ്
പ്രണയസല്ലാപം നടത്തുന്ന "നരവീണ" ദമ്പതിമാർ.
പഠാക്ക് മരങ്ങൾക്കപ്പുറം പ്രായം ഉപേക്ഷിച്ച് മാത്രമേ ഇവിടേക്ക് കടന്നുവരാൻ കഴിയൂ. പ്രണയവും പ്രകൃതിയും ഇഴുകിച്ചേരുന്ന മനോഹരമായ തീരമാണിത്. ഇവിടെ, സ്വകാര്യതയിലേക്ക് മിഴിപാകാൻ ആരുംതന്നെ കാത്തിരിക്കുന്നില്ല. മരങ്ങളുടെ പച്ചപ്പിലേക്കും, കടലിന്റെ നീലിമയിലേക്കും
സ്വയം മറന്ന്‌ അലിഞ്ഞുചേരാം.അതാണ് രാധാനഗർ ബീച്ച്. തലയെടുപ്പുള്ള മരക്കൂട്ടങ്ങൾ പൊതിഞ്ഞു സൂക്ഷിക്കുന്ന
നിശബ്ദതയുടെ തീരം. തിരിച്ചുപോരാൻ കഴിയാത്തവിധം അതു നമ്മെ ചൂണ്ടക്കൊളുത്തിൽ
കൊരുത്തിട്ടിരിക്കുന്നുണ്ട് ഇപ്പോഴും...

Tags:
  • Travel Stories
  • Manorama Traveller