Saturday 15 May 2021 02:10 PM IST : By Baiju Govind

സാൻഫ്രാൻസെസ്കോ സന്ദർശകർ കയ്യിൽ കരുതുക 28 സ്ഥലങ്ങളുടെ പട്ടിക

മണിക്കൂറിൽ അൻപതു കിലോമീറ്റർ വേഗതയിൽ ഒരു മണിക്കൂർ സഞ്ചരിച്ചാൽ കിഴക്കേ അതിർത്തിയിൽ നിന്നു പടിഞ്ഞാറ് എത്താവുന്നത്രയും വിസ്തൃതിയുള്ള പ്രദേശമാണ് അമേരിക്കയിലെ സാൻഫ്രാൻസെസ്കോ. അമേരിക്ക സന്ദർശിക്കുന്നവരെല്ലാം സാൻ ഫ്രാൻസെസ്കോയിൽ രണ്ടോ മൂന്നോ ദിവസം ചെലവഴിക്കാറുണ്ട്. അവിടെ എത്തുന്നവർക്ക് ആസ്വദിക്കാൻ ഇരുപത്തെട്ട് ഇനങ്ങളുണ്ടെന്ന് ‘സാൻഫ്രാൻസെസ്കോ ട്രാവൽ അസോസിയേഷൻ’ എന്ന ടൂർ ഓപ്പറേറ്റിങ് സ്ഥാപനത്തിന്റെ വെബ്സൈറ്റ് പറയുന്നു.

ഗോൾഡൻ ഗേറ്റ് ബ്രിജ്

ദിവസവും ഒരുലക്ഷത്തി ഇരുപതിനായിരം വാഹനങ്ങൾ കടന്നു പോകുന്ന പാലമാണ് ഗോൾഡൻ ഗേറ്റ് ബ്രിജ്. 1.7 മൈൽ നീളമുള്ള പാലത്തിൽ കാൽനട യാത്രക്കാർക്ക് പ്രത്യേകം പാതയുണ്ട്.

കേബിൾ കാർ

ഒരു നൂറ്റാണ്ടായി സർവീസ് നടത്തുന്ന കേബിൾ കാർ ലോകപ്രശസ്തം. ഭൂഗർഭ കേബിളിലൂടെയാണ് പ്രവർത്തനം. കേബിൾ കാർ പുറപ്പെടുന്ന ബെൽ ശബ്ദം ആ പ്രദേശത്തു താമസിക്കുന്നവർക്കു സമയം അറിയാനുള്ള നാഴിക മണി പോലെയാണ്. കേബിൾ കാർ പുറപ്പെടുന്ന സ്ഥലത്തും സർവീസ് സമാപിക്കുന്ന സ്ഥലത്തും ടിക്കറ്റ് കൗണ്ടറുണ്ട്. ഈ യാത്രയിൽ നഗരപശ്ചാത്തലത്തിലുള്ള മലകൾ ആസ്വദിക്കാം. കേബിൾ കാർ സർവീസ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

san-2

റോക്ക്

അൽക്കട്രാസിലെ കുപ്രസിദ്ധമായ ജയിൽ സ്ഥിതി ചെയ്യുന്നതു സാൻ ഫ്രാൻസിസ്കോയിലാണ്. കുപ്രസിദ്ധ കുറ്റവാളികളെ ഇവിടെ പാർപ്പിച്ചിരുന്നു. ദി റോക്ക് ജയിൽ ചാടാൻ കുറ്റവാളികളിൽ പലരും ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 196ലൽ ഈ ജയിലിൽ തടവുകാരെ പാർപ്പിക്കുന്നത് അവസാനിപ്പിച്ചു. പിന്നീട് സന്ദർശകർക്കു തുറന്നുകൊടുത്തു.

സീ ലയൺ

കടൽത്തീരത്തിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവർക്ക് കൗതുകമാണു സീ ലയൺസ്. പിയർ 39 എന്നാണ് ഇവിടം അറിയപ്പെടുന്നത്. സമീപക്കാഴ്ചകൾ: സാൻ ഫ്രാൻസിസ്കോ ഡഞ്ചിയൻ, മാഡം ടുസേഡ്സ് ത്രി ഡി മ്യൂസിയം, കാർട്ടൂൺ മ്യൂസിയം, ബൗണ്ടിൻ ബേക്കറി.

പിക്നിക് പാർക്ക്

സായാഹ്നം ആസ്വദിക്കാൻ അനുയോജ്യമായ സ്ഥലമാണു ഡൊളോറസ് പാർക്ക്. പതിനാറ് ഏക്കറിൽ പരന്നു കിടക്കുന്ന പുൽമേടയാണിത്. ഗോൾഡൻ ഗേറ്റ് പാർക്കാണ് സായാഹ്നം ചെലവഴിക്കാനുള്ള മറ്റൊരു സ്ഥലം. മനോഹരമായ ഉദ്യാനം ഇവിടെയുണ്ട്.

ഔട് ഡോർ ഫെസ്റ്റിവൽ

പ്രായഭേദമെന്യേ സാൻഫ്രാൻസെസ്കോയിൽ ഉള്ളവർ ഔട് ഡോർ ഫെസ്റ്റിവൽ ആഘോഷിക്കാറുണ്ട്. മേയ് – ഒക്ടോബർ മാസങ്ങളിൽ തുറസ്സായ സ്ഥലങ്ങളിൽ ആളുകൾ ഒത്തുകൂടുന്നു. യെർബ ബുവെന ഗാർഡൻ ഫെസ്റ്റിവൽ പ്രശസ്തം. കു

ടുംബ സമേതം ആഘോഷത്തിനു വരുന്നവരുമുണ്ട്. 1938 മുതൽ നടത്തുന്ന മേളയാണ് േസ്റ്റൺ ഗ്രോവ് ഫെസ്റ്റിവൽ. സംഗീതവും നൃത്തവും മേളയുടെ ഭാഗമാണ്.

san-3

വോക്കിങ് ടൂർ

നടന്നു കാണേണ്ടുന്ന സൗന്ദര്യമാണു സാൻഫ്രാൻസെസ്കോയുടേതെന്ന് വിനോദ സഞ്ചാരികൾ അഭിപ്രായപ്പെടുന്നു. ഓറക്കിൾ പാർക്ക്, ഗോസ്റ്റ് ടൂർ എന്നിങ്ങനെ നടന്നു കാണാൻ പ്രത്യേകം സ്ഥലങ്ങളുണ്ട്. ഭക്ഷണപ്രിയരായ സഞ്ചാരികൾക്ക് ആസ്വദിക്കാവുന്ന റസ്റ്ററന്റുകളാണ് ആകർഷണം. നോർത്ത് ബീച്ച് ചൈനാ ടൗൺ പ്രശസ്തം.

സ്പെഷൽ ഷോ

സംഗീത പ്രേമികൾക്കായി ഒട്ടേറെ ഷോകൾ നടത്തുന്ന സ്ഥലമാണു സാൻഫ്രാൻസെസ്കോ. ഫിൽമോർ, ദി വാർഫീൽഡ്, ദി മസോണിക്ക് എന്നിവ ലോക പ്രശസ്തം. പ്രശസ്തരായ സംഗീതജ്ഞർ ഇവിടെ എത്തുന്നു. എസ്എഫ് ജാസ് സെന്ററിൽ പ്രഗത്ഭ സംഗീതജ്ഞർ പങ്കെടുക്കുന്ന സെമിനാറുകൾ സംഘടിപ്പിക്കാറുണ്ട്.

ഇലുമിനേറ്റ് എസ്എഫ്

സാൻഫ്രാൻസെസ്കോയിൽ തിളക്കമുള്ള പ്രോഗ്രാം ഏതെന്നുള്ള ചോദ്യത്തിനു മറുപടിയാണ് ഇലുമിനേറ്റ് എസ്എഫ്. വൈദ്യുത അലങ്കാരങ്ങളുടെ നിറച്ചാർത്താണ് ഈ പരിപാടി. റസ്റ്ററന്റ്, കെട്ടിടങ്ങൾ, കാറുകൾ എന്നിവയെല്ലാം പ്രകാശഗോപുരം പോലെ ആസ്വദിക്കാം.

ഹിസ്റ്ററിക് പ്രസിഡിയോ

പണ്ട് സൈനിക ആവശ്യത്തിന് ഉപയോഗിച്ചിരുന്ന സ്ഥലം പിൽക്കാലത്ത് നാഷനൽ പാർക്കായി മാറി. ഇത് നാഷനൽ ഹിസ്റ്ററിക് ലാൻഡ് മാർക്ക് ഡിസ്ട്രിക്ട് എന്നറിയപ്പെടുന്നു. വോൾട് ഡിസ്നി ഫാമിലി മ്യൂസിയം സമീപക്കാഴ്ചയാണ്. കുട്ടികൾക്ക് ഈ സ്ഥലം ഇഷ്ടപ്പെടും.

ഹേയ്റ്റ് ആഷ്ബറി

ഹിപ്പി സംസ്കാരത്തിന്റെ കേന്ദ്രമാണിത്. 1960 സംസ്കാരത്തിന്റെ നൊസ്റ്റാൾജിയ ആസ്വദിക്കാൻ ആളുകൾ എത്തുന്നു. ജാനിസ് ഡോപ്ലിന്റെ പാത പിൻതുടരുന്നവർ നിരവധിയുണ്ട്. ഹിപ്പി സംസ്കാരം മാത്രമല്ല യൗവ്വനത്തിന്റെ തീക്ഷ്ണ സംഗീതം രൂപപ്പെട്ടതും ഇവിടെ ആസ്വദിക്കാം.

ദി മിഷൻ

സാൻഫ്രാൻസെകോയുടെ ഭക്ഷണം സംസ്കാരം പിറവിയെടുത്തത് ഇവിടെയെന്നു പറയപ്പെടുന്നു. ദി മിഷൻ 1776ലാണു സ്ഥാപിച്ചത്. വൈവിധ്യം നിറഞ്ഞ വിഭവങ്ങൾ ഇവിടെ ആസ്വദിക്കാം. ഡൊളോറസ് പാർക്ക് പ്രശസ്തം. ഇവിടെയുള്ള ചുവർ ചിത്രങ്ങൾ ആകർഷകം.

സൈറ്റ്സ് ഓൺ എ ബൈക്ക്

കാർ യാത്രയെക്കാൾ രസകരം ബൈക്ക് റൈഡ് ആണത്രേ. ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേക്കുള്ള പ്രയാണത്തിന്റെ സൗന്ദര്യം ഇരുചക്ര വാഹനയാത്രയിൽ കൂടുതൽ ആസ്വാദ്യകരം. വാഹനം പാർക്ക് ചെയ്യാനുള്ള സ്ഥലക്കുറവ് ഈ യാത്രയിൽ തടസ്സമാകില്ല.

ലോക്കൽ മെയ്ഡ് ഗിഫ്റ്റ്

സാൻഫ്രാൻസെസ്കോയിൽ നിർമിച്ച വസ്തുക്കൾ ഇവിടെ വാങ്ങാം. കാപ്പി, തുണിത്തരങ്ങൾ എന്നിവയാണ് പ്രധാന വിൽപന വസ്തുക്കൾ. സൗസലിറ്റോ, ഗോൺവിൽ എന്നിവിടങ്ങളിൽ നിർമിക്കുന്ന ഉത്പന്നങ്ങളാണ് വിൽക്കുന്നത്.

മീറ്റ് ദി കമ്യൂണിറ്റി

രാവും പകലും ആഘോഷം നടക്കുന്ന സ്ഥലങ്ങളുണ്ട്. എൽജിബിടിക്യൂ കമ്യൂണിറ്റി പ്രശസ്തം. കാസ്ട്രോ സ്ട്രീറ്റ് ഫെയറിൽ പങ്കെടുക്കാൻ ഒട്ടേറെയാളുകൾ എത്തുന്നു. കാസ്ട്രോ എന്നാണ് ചുരുക്കപ്പേര്.

വൈൻ

ബീയർ മേള നടക്കാറുണ്ട്. വർഷത്തിലൊരിക്കലാണ് മേള സംഘടിപ്പിക്കുക. മേള നടത്തുന്ന സ്ഥലം വൈൻ കൺട്രിയെന്ന് അറിയപ്പെടുന്നു. വൈൻ നിർമാണ ശാലകൾ നിരവധിയുള്ള സ്ഥലമാണു സാൻഫ്രാൻസെസ്കോ. ടാങ്ക് 18, ദി പ്രസ് ക്ലബ്ബ് എന്നിവ പ്രശസ്തം.

ബ്രഞ്ച്

അൻപതു വർഷത്തിലേറെ പ്രവർത്തന പാരമ്പര്യമുള്ള സ്ഥാപനങ്ങളിലെ ഓംലെറ്റ്, വീടുകളിൽ നിർമിച്ച ജാം എന്നിവ രുചികരം. വാഷിങ്ടൺ സ്ക്വയറിലെ മമ്മാസാണ് ബ്രഞ്ചിന്റെ കാര്യത്തിൽ പ്രശസ്തം.

വൈൽഡ് ലൈഫ്

േസ്റ്റാ തടാകത്തിൽ ബോട്ട് സവാരി വൈൽഡ് ലൈഫ് യാത്രയുടെ ഭാഗമാണ്. വിവിധ ഇനം പക്ഷികളേയും ആമയേയും കാണാം. സാൻഫ്രാൻസെസ്കോ കാഴ്ചബംഗ്ലാവ്, ഉദ്യാനം, അക്വാറിയം എന്നിവയുമുണ്ട്.

പ്രകൃതി ഭംഗി

നാൽപത്തൊൻപതു കിലോമീറ്റർ വാഹനയാത്രയിൽ സാൻഫ്രാൻസെസ്കോയുടെ പ്രകൃതി ഭംഗി ആസ്വദിക്കാം. അമേരിക്കയുടെ ചരിത്രത്തിന്റെ ഭാഗമായ നിർമിതികളും സ്ഥലങ്ങളും ഈ യാത്രയിൽ കാണാം. അർബൻ ഹൈക്കർ എസ്എഫ്, ട്വിൻ പീക്ക്, കൊയിറ്റി ടവർ എന്നിവ മറ്റു കാഴ്ചകൾ.

ഹിസ്റ്ററി

സാൻഫ്രാൻസെസ്കോയുടെ ചരിത്രം പ്രദർശിപ്പിക്കുന്ന മ്യൂസിയം ഉണ്ട്. വെൽസ് ഫാർഗോ മ്യൂസിയം, റെയിൽവേ മ്യൂസിയം, കലിഫോർണിയ ഹിേസ്റ്റാറിക്കൽ സൊസൈറ്റി, കേബുൾ കാർ മ്യൂസിയം എന്നിവ സന്ദർശകരെ ആകർഷിക്കുന്നു.

ജലകേളികൾ

കയാക്കിങ് നടത്താൻ താൽപര്യമുള്ളവർക്ക് കേന്ദ്രങ്ങളുണ്ട്. ഗോൾഡൻ ഗേറ്റ് ബ്രിജിന്റെ അടിയിൽ നദിക്കു കുറുകെ കയാക്കിങ് നടത്താം. ഹോൺബ്ലോവർ ക്രൂസ് യാത്രയിൽ രുചികരമായ വിഭവങ്ങൾ ആസ്വദിക്കാം. അൽക്കട്രാസ് ഫെറി യാത്ര രസകരമാണ്.

ഷൂട്ടിങ് ലൊക്കേഷൻ

സിനിമാ പ്രേക്ഷകരെ സംതൃപ്തരാക്കുന്ന സ്ഥലങ്ങൾ ഒട്ടേറെയുണ്ട് സാൻഫ്രാൻസെസ്കോയിൽ. 1996ൽ ഇറങ്ങിയ ദി റോക്ക് സിനിമയുടെ ലൊക്കേഷൻ പ്രശസ്തം. ഷോൺ കോണറി, നിക്കൊളാസ് കേജ് എന്നിവർ അഭിനയിച്ച അൽക്കട്രാസ്, ദി ഫെയർമോണ്ട്, ഫോർട് പോയിന്റ് എന്നിവ ചിത്രീകരിച്ചത് സാൻഫ്രാൻസെസ്കോയിലാണ്.

യൂണിയൻ സ്ക്വയർ ഷോപ്പിങ്

വസ്ത്രങ്ങളും വീട്ടുപകരണങ്ങളും ഉൾപ്പെടെ ഷോപ്പിങ് കേന്ദ്രങ്ങൾ ഒരുമിച്ച സ്ഥലമാണു യൂണിയൻ സ്ക്വയർ. ബുട്ടീക്, പലചരക്കു സാധനങ്ങൾ എന്നിവയാണ് ജനത്തിരക്കുള്ള സ്ഥലങ്ങൾ. ദി വെസ്റ്റ് ഫീൽഡ് സാൻ ഫ്രാൻസെസ്കോ ഷോപ്പിങ് സെന്റർ ലോകത്തിന്റെ വിവിധ ഭാഗത്തുള്ളവരെ ആകർഷി്കുന്നു.

നോർത്ത് ബീച്ച്

സാൻഫ്രാൻസെസ്കോയുടെ ഇറ്റാലിയൻ ക്വാർട്ടർ എന്നറിയപ്പെടുന്ന സ്ഥലമാണു നോർത്ത് ബീച്ച്. ഇത് വാസ്തവത്തിൽ ബീച്ച് അല്ല. യൂറോപ്യൻ മാതൃകയിലുള്ള നടപ്പാതയും കോഫി ഷോപ്പുമുള്ള സ്ഥലമാണ്. വഴിയോരത്ത് ആരാധനാലയങ്ങളുണ്ട്. അൻപതാണ്ടുകളായി രൂപമാറ്റം വരുത്താതെ നിലനിർത്തിയ സ്ഥലമായതിനാൽ ഇവിടെ ഫോട്ടോ എടുക്കാൻ സന്ദർശകർ തിരക്കു കൂട്ടുന്നു.

ചൈന ടൗൺ

ഡ്രാഗൺസ് ഗെയിറ്റ് എന്നറിയപ്പെടുന്ന ഗ്രാൻഡ് അവന്യൂ ലോകപ്രശസ്തം. ഇരുപത്തിനാലു വിഭാഗങ്ങളായി തിരിച്ച അവന്യൂ ആയിരക്കണക്കിന് ആളുകൾ വന്നു പോകുന്നു. സാൻ ഫ്രാൻസെസ്കോയിലെ പുരാതന നിർമിതിയാണ് അവന്യൂ. റസ്റ്ററന്റ്, മാർക്കറ്റ്, ക്ഷേത്രം, മ്യൂസിയം എന്നിവ ഇവിടെയുണ്ട്.

ലോകപ്രശസ്ത റസ്റ്ററന്റുകൾ

അമേരിക്കയുടെ ബെസ്റ്റ് റസ്റ്ററന്റ് സിറ്റി എന്നൊരു വിശേഷണം സാൻഫ്രാൻസെസ്കോയ്ക്ക് ഉണ്ട്. പ്രാദേശികമായ ചേരുവകളാണ് ഇവിടത്തെ വിഭവങ്ങളുടെ പ്രത്യേകത. ചൈനീസ്, ജാപ്പനീസ്, മലേഷ്യൻ, മെക്സിക്കൻ, ഇന്ത്യൻ ഫ്രഞ്ച്, സ്പാനിഷ് വിഭവങ്ങൾ മാത്രം ലഭിക്കുന്ന പ്രത്യേകം റസ്റ്ററന്റുകളും ഇവിടെയുണ്ട്.

നൈറ്റ് ലൈഫ്

പകലും രാത്രിയും കാലാവസ്ഥയിൽ ഋതുഭേദങ്ങളിൽ മാറ്റം സംഭവിക്കുന്ന നഗരമാണു സാൻഫ്രാൻസെസ്കോ. യൂണിയൻ സ്ക്വയർ ആണ് നിശാ പാർട്ടികളുടെ കേന്ദ്രം. രാത്രിയിൽ തുറന്നു പ്രവർത്തിക്കുന്ന മ്യൂസിയം ഇവിടെയുണ്ട്. രാത്രിയുടെ ആഘോഷങ്ങളുടെ സമ്പൂർണത ഈ നഗരം സന്ദർശകർക്കു സമ്മാനിക്കുന്നു.

സാംസ്കാരിക സമ്മേളനം

സാംസ്കാരിക മേളകളുടെ സംഗമ സ്ഥാനമാണു സാൻഫ്രാൻസെസ്കോ നഗരം. രാജ്യാന്തര കലാമേളകൾക്ക് ഇവിടെ വേദിയൊരുങ്ങുന്നു. നാടകം, ഓപ്പെറ, ബാലെ പ്രദർശനങ്ങൾ സംഘടിപ്പിക്കാറുണ്ട്. ലോക പ്രശസ്ത കലാപ്രതിഭകൾ ആദ്യ പ്രദർശനം സാൻഫ്രാൻസെസ്കോയിൽ നടത്തണമെന്ന് ആഗ്രഹിക്കുന്നു. ദി സാൻഫ്രാൻസെസ്കോ മ്യൂസിയം ഓഫ് മോഡേൺ ആർട്, ഏഷ്യൻ ആർട് മ്യൂസിയം, ദി ഡേ യങ് മ്യൂസിയം, ദി ലിജിയൺ ഹോണർ, കൺടംപററി ജ്യൂവിഷ് മ്യൂസിയം എന്നിവ ഫൈൻ ആർട്സിനു മാത്രമായി നീക്കി വച്ചവയാണ്. കൂടുതൽ വിവരങ്ങൾ: www.sftravel.com