Thursday 23 July 2020 03:57 PM IST

എവറസ്റ്റിനു മുകളിലേക്ക് ട്രെയിൻ യാത്ര; ടിബറ്റിലെ മലഞ്ചെരിവിലൂടെ ഒന്നര ദിവസം

Baiju Govind

Sub Editor Manorama Traveller

t4

ലോകത്തുള്ള ട്രാവൽ വ്ലോഗർമാർ കടുത്ത മത്സരത്തിലാണ്. കാഴ്ചക്കാരെ പിടിച്ചിരുത്താൻ കെൽപ്പുള്ള വിഡിയോകൾക്കായി വാശിയേറിയ മത്സരം. പരിചയമില്ലാത്ത സ്ഥലങ്ങൾ കാണാനാണ് ആളുകൾക്കു താൽപര്യം. സാഹസിക യാത്രയെങ്കിൽ വ്യൂവേഴ്സിന്റെ എണ്ണം വർധിക്കും. അങ്ങനെയൊരു വിഡിയോ തിരഞ്ഞു പോയ ട്രാവൽ വ്ലോഗറാണ് അമേരിക്കക്കാരൻ ജോ റൂസ്സോ. എവറസ്റ്റ് കൊടുമുടിയുടെ താഴ്‌വരയിലെ ഒരു റെയിൽവേ സ്റ്റേഷനാണ് ജോ അവതരിപ്പിച്ചത്. സമുദ്രനിരപ്പിൽ നിന്നു പതിനാറായിരം അടി ഉയരത്തിൽ ഒരു റെയിൽവേ സ്റ്റേഷൻ
ഷൻ ഉണ്ടെന്നുള്ള കാര്യം അറിയാവത്തവർ വിഡിയോ കണ്ട് അമ്പരന്നു. അവർ ‘ഹയസ്റ്റ് റെയിൽവെ േസ്റ്റഷൻ ഇൻ ദി വേൾഡ്’ തിരഞ്ഞു. ലാസ റെയിൽവേ േസ്റ്റഷന്റെ പ്രത്യേകത വായിച്ചറിഞ്ഞവർ ഞെട്ടി. ചന്ദ്രനിൽ ചെന്നിറങ്ങിയ പോലെ തോന്നിയെന്നാണ് റൂസോ തന്റെ വിഡിയോയിൽ പറയുന്നത്. അത് അക്ഷരം പ്രതി ശരിയാണെന്ന് ആളുകൾ സമ്മതിച്ചു. ഇപ്പോൾ റൂസ്സോയുടെ വിഡിയോയ്ക്കു ലൈക്കുകളുടെ പെരുമഴ.

t3

നേപ്പാൾ വഴി എവറസ്റ്റ് യാത്രയാണ് ഇന്ത്യയിലുള്ളവർക്കു പരിചയം. ജോ യാത്രയാരംഭിച്ചത് ചൈനയിൽ നിന്നാണ്. കെയ്റ്റ് റൂസ്സോയാണ് ഈ വഴിയെ കുറിച്ച് ജോയോടു പറഞ്ഞത്. ജോയുടെ ജീവിത പങ്കാളിയാണ് കെയ്റ്റ്. ബീജിങ്ങിലെ സിനിങ് റെയിൽവേ േസ്റ്റഷനിൽ നിന്നു ലാസയിലേക്കു ട്രെയിൻ സർവീസുണ്ട്. സ്വയം പ്രഖ്യാപിത രാഷ്ട്രമായ ടിബറ്റിലാണ് ലാസ. ദലൈ ലാമയുടെ അധികാരത്തിനു കീഴിലുള്ള ടിബറ്റ് സഞ്ചാരികളെ സ്നേഹപൂർവം വരവേൽക്കുന്ന രാജ്യമാണ്. സിനിങ് – ലാസ യാത്രയിലെ മുഹൂർത്തങ്ങൾ രസകരമായാണ് ജോ വിവരിക്കുന്നത്. എട്ടു ദിവസത്തെ യാത്രയാണ് ജോ പ്ലാൻ ചെയ്തത്. എവറസ്റ്റ് ടൂറിസ്റ്റ് ബേസ് ക്യാംപ് സന്ദർശിച്ച് മടങ്ങാനാണു തീരുമാനം. സിനിങ് – ലാസ യാത്രയിൽ ട്രെയിനിൽ ഇരുന്നുള്ള കാഴ്ചകളാണ് ഹൈലൈറ്റ്.

ചൈനയിലെ ലാൻസൗവിൽ നിന്നു സിനിങ്ങിലേക്ക് ബുള്ളറ്റ് ട്രെയിൻ. രണ്ടര മണിക്കൂർ ഗ്രാമക്കാഴ്ചകൾ ആസ്വദിച്ചു. കൃഷി സ്ഥലം, തരിശു നിലം, വീടുകൾ, അപാർട്മെന്റുകൾ. ആ യാത്രയിൽ കണ്ട എല്ലാ കെട്ടിടങ്ങൾക്കും ഒരേ രൂപമായിരുന്നു.

t2

മെയിൻലാൻഡ് ചൈനയിലേതിൽ നിന്നു വ്യത്യസ്തമാണ് സിനിങ്ങിലെ കാലാവസ്ഥ. വലിയ റെയിൽവെ േസ്റ്റഷനാണ് സിനിങ്. ട്രെയിൻ കാത്തു നിന്നവരിലേറെയും ചൈനക്കാർ. വിദേശികളായി നാലോ അഞ്ചോ പേർ. ഇംഗ്ലിഷിലും ചൈനീസ് ഭാഷയിലും അനൗൺസ്മെന്റുണ്ട്. ലാസാ ട്രെയിൻ പ്ലാറ്റ്ഫോമിൽ എത്തിയ ഉടനെ കയറി. സീറ്റ് നമ്പർ കണ്ടെത്തി. ഇരിപ്പുറപ്പിച്ചു.

സിനിങ്ങിൽ നിന്നു ലാസയിലേക്ക് ഇരുപതു മണിക്കൂർ. ട്രെയിൻ പുറപ്പെട്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ‘ആൾട്ടിറ്റ്യൂഡ് ’ പ്രശ്നം അനുഭവപ്പെട്ടു. വിൻഡോയിലൂടെ കാറ്റ് ഇരച്ചു കയറിയെണ്ടെങ്കിലും ശ്വാസം മുട്ടൽ. തലവേദനയും അനുഭവപ്പെട്ടു. സാഹചര്യവുമായി പൊരുത്തപ്പെടാൻ മൂന്നു മണിക്കൂർ വേണ്ടി വന്നു. കണ്ണു തുറന്നപ്പോൾ കണ്ടത് പുതിയ ലോകമായിരുന്നു. ചന്ദ്രോപരി തലത്തിൽ നിന്നുള്ള ഫോട്ടോ പോലെ. വെളുത്ത നിറമുള്ള കുന്നും കുഴികളും. ആകാശച്ചെരിവു വരെ അതാണു കാഴ്ച. പരിസരത്ത് മനുഷ്യവാസമുള്ളതിന്റെ ലക്ഷണമില്ല. അത് ആസ്വദിച്ചുകൊണ്ടിരിക്കെ റെയിൽവെ ജീവനക്കാരൻ വന്നു. ‘ഡയിനിങ് കാർ’ ഉണ്ട്. അയാൾ മെനു കാണിച്ചു. പച്ചക്കറി വിഭവങ്ങളാണ് ഏറെയും. ‘ലൈവായി’ പാകം ചെയ്തു തരും. ‘വെജിറ്റബിൾ സ്റ്റിർ ഫ്രൈ’യാണു വാങ്ങിയത്. ആ വിഭവം സ്വാദിഷ്ടം.

t1

ട്രെയിൻ കുതിച്ചു കിതച്ചു മല കയറുകയാണ്. പുൽമേടുകൾക്കു സമീപത്തു കൂടി കടന്നു പോകുന്നു. യാക്കുകൾ മേയുന്നതു കണ്ടു. കമ്പിളി പുതച്ച ഇടയന്മാരാണ് യാക്കുകളെ മേയ്ക്കുന്നത്. സമീപത്ത് ചെറു വീടുകളുണ്ട്. ട്രെയിൻ ഓരോ പ്രദേശങ്ങളിൽ എത്തുമ്പോഴും സ്ഥലപ്പേര് അനൗൺസ് ചെയ്തു. ഒരിക്കൽപ്പോലും യാത്രക്കാർക്കു കയറാനായി വാതിൽ തുറന്നില്ല.

തങ്കുല റെയിൽവേ േസ്റ്റഷൻ എത്തിയപ്പോൾ അദ്ഭുതക്കാഴ്ച കാണാൻ തല പുറത്തേയ്ക്കിട്ടു. 16,640 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റെയിൽവേ േസ്റ്റഷനാണ് തങ്കുല – ഹയസ്റ്റ് റെയിൽവെ േസ്റ്റഷൻ ഇൻ ദി വേൾഡ്. ഫെങ്ഹു ഷാൻ തുരങ്കമാണ് മറ്റൊരു കൗതുകം. സമുദ്ര നിരപ്പിൽ നിന്നു 16,093 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തുരങ്കമാണ് ഫെങ്ഹു ഷാൻ‌ – ഹയസ്റ്റ് ടണൽ ഇൻ ദി വേൾഡ്.

അദ്ഭുതങ്ങൾ താണ്ടിയപ്പോൾ കല്ലു പതിച്ച റോഡ് തെളിഞ്ഞു. ലാസയിലേക്ക് ചരക്കു വാഹനങ്ങൾ പോകുന്ന പാത. മഞ്ഞു വീഴ്ചയുണ്ടാകുമ്പോൾ വഴി അടയും. രണ്ടു മൂന്നു ദിവസം വാഹനങ്ങൾ വഴിയോരത്ത് നിർത്തിയിടും. വെയിൽ തെളിഞ്ഞ് മഞ്ഞുരുകിയ ശേഷം യാത്ര തുടരും.

ഇരുപതു മണിക്കൂർ യാത്രയ്ക്കൊടുവിൽ ട്രെയിൻ ടിബറ്റിന്റെ ഹൃദയത്തിലേക്ക് പ്രവേശിച്ചു. ലാസ േസ്റ്റഷനിൽ ഇറങ്ങി. സമുദ്ര നിരപ്പിൽ നിന്നു 11,994 അടി ഉയരത്തിലാണ് ലാസ േസ്റ്റഷൻ. മരം കോച്ചുന്ന തണുപ്പ്. അവിടെ ഇറങ്ങാൻ ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിടെ നിന്നു നേരേ എവറസ്റ്റ് ടൂറിസ്റ്റ് ബേസ് ക്യാംപിലേക്കു പോയി. അവിടെയും സന്ദർശകർ കുറവായിരുന്നു. ഇരുട്ടുന്നതിനു മുൻപ് മലയിറങ്ങി മടക്ക യാത്രയ്ക്ക് ട്രെയിൻ പിടിച്ചു.

ജോ റൂസ്സോ

കോർപറേറ്റ് കമ്പനിയിലെ ജോലി രാജിവച്ച് നിത്യസഞ്ചാരത്തിന് ഇറങ്ങിയ അമേരിക്കക്കാരൻ. വീടും പുരയിടവും വിറ്റു കിട്ടിയ തുകയ്ക്ക് വാഹനം വാങ്ങി. കാറിനുള്ളിലാണ് ജോയും കെയ്റ്റും വളർത്തു നായയും അന്തിയുറങ്ങുന്നത്. ഇവർ സ്ഥിരമായി യാത്ര ചെയ്യുന്നു, ലക്ഷ്യങ്ങളില്ലാതെ. 2015ൽ ആരംഭിച്ച യാത്ര ഇപ്പോഴും തുടരുന്നു. രണ്ട് യാത്രാ വിവരണ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു – ടേക്ക് റിസ്ക്സ്, ടെയിൽസ് ഫ്രം ദി ഓപ്പൺ റോഡ്. യു ട്യൂബ് ചാനൽ ആരംഭിച്ചപ്പോഴാണ് ഇവർ ശ്രദ്ധിക്കപ്പെട്ടത്.