Tuesday 19 January 2021 04:00 PM IST

യുനെസ്കോ ഒടുവിൽ അഗീകരിച്ചു; നാടകവും കലയും പ്രോത്സാഹിപ്പിച്ച അസർബെയ്ജാനിലെ നിർമിതി ലോക പൈതൃകം തന്നെ

Baiju Govind

Sub Editor Manorama Traveller

sheki-palace

കാക്കസസ് പർവത നിരയുടെ താഴ്‌വരയിലെ മനോഹരമായ രാജ്യം – അസർബെയ്ജാൻ. നാടു ഭരിച്ചിരുന്ന ‘ഖാൻ’മാർ കെട്ടിപ്പൊക്കിയ മാളികകൾ അസർബെയ്ജാന്റെ പുരാതന സ്വത്താണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള കൊട്ടാരങ്ങളും പുരാതന നടപ്പാതകളും പൂന്തോട്ടങ്ങളും അസർബെയ്ജാന്റെ ആകർഷണം. സ്വർഗതുല്യമായ കാഴ്ചയെന്നു സഞ്ചാരികൾ സാക്ഷ്യപ്പെടുത്തിയ അസർബെയ്ജാന്റെ പുരാതന നിർമിതികൾ ഒടുവിൽ യുനെസ്കോ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി. വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം ലഭിച്ച അംഗീകാരം ഉത്സവം പോലെ ആഘോഷിക്കുകയാണ് ടൂറിസം വകുപ്പ്. ചരിത്ര പ്രസിദ്ധ കേന്ദ്രമായ ഷേക്കി ഖാൻ കൊട്ടാരം യുനെസ്കോ പട്ടികയിൽ ഉൾപ്പെടുത്തിയതിലൂടെ അസർബൈജാന്റെ പാരമ്പര്യവും സംസ്കാരവും ലോകം അംഗീകരിച്ചതായി ടൂറിസം സിഇഒ ഫ്ളോറിയൻ സെങ്ഷ്മിഡ് പറഞ്ഞു.

യുനെസ്കോയുടെ നാൽപ്പത്തിമൂന്നാം സമ്മേളനത്തിലാണ് അസർബെയ്ജാനിലെ രണ്ടു നിർമിതികൾ പൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. 1762ൽ രാജ്യം ഭരിച്ചിരുന്ന ഹുസൈൻ ഖാൻ നിർമിച്ച കൊട്ടാരം നിർമാണ വൈദഗ്ധ്യത്തിനാൽ ആകർഷകം. ചിനാർ മരങ്ങൾ അലങ്കാരം ചാർത്തുന്ന വീഥിയും കോട്ടയും ആധാരമാക്കി ‘സിൽക്ക് റോഡ് സിറ്റി’യെന്നു പ്രശസ്തി നേടിയ ചരിത്രപ്രസിദ്ധ കേന്ദ്രമായ ഷേക്കിയാണു രണ്ടാമത്തെ സ്ഥലം.

azer1

കാക്കസസ് മലനിരയുടെ അടിവാരത്തുള്ള മനോഹരമായ ഷേക്കിയിലേക്ക് ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നു സന്ദർശകർ എത്താറുണ്ട്. സുരക്ഷിതത്വം നൽകി സംരക്ഷിക്കേണ്ട പൈതൃക കേന്ദ്രങ്ങളാണ് ഇവിയെന്നു 2001ൽ യുനെസ്കോ പ്രഖ്യാപിച്ചിരുന്നു. എങ്കിലും പത്തൊൻപതു വർഷം കഴിഞ്ഞാണ് അംഗീകരിക്കപ്പെട്ടത്. പതിനേഴാം നൂറ്റാണ്ടിൽ അസർബെയ്ജാനിൽ താമസിച്ചിരുന്ന ശിൽപികളുടെ പ്രതിഭ തെളിയിക്കുന്നതാണ് ഷേക്കി നഗരത്തിലെ നിർമിതികൾ. മേൽക്കൂര, വാതിൽ, ജനൽ തുടങ്ങിയവയിൽ അവർ ഒരുക്കിയ ഡിസൈനുകൾക്ക് അനുകരണങ്ങളില്ല.

നാടകം, ഓപ്പറ തുടങ്ങിയ കലാരൂപങ്ങൾ അനുമതി നൽകിയിരുന്ന പുരാതന മുസ്‌ലിം രാജ്യമാണ് അസർബെയ്ജാൻ. യൂറേഷ്യയിൽ കാക്കസസ് മലനിരയുടെ സമീപത്തുള്ള രാജ്യം. കിഴക്കൻ യൂറോപ്പിന്റെയും പടിഞ്ഞാറൻ ഏഷ്യയുടെയും ഇടയിലുള്ള ഈ രാജ്യം കാസ്പിയൻ സമുദ്രത്തിന്റെ തീരത്താണ്. ജോർജിയ, തുർക്കി, അർമേനിയ, ഇറാൻ എന്നീ രാജ്യങ്ങളുമായും അസർബെയ്ജാൻ അതിർത്തി പങ്കിടുന്നു.

azerbb4432sdf
Tags:
  • Manorama Traveller