ക്രിസ്മസ് ആഘോഷം വീഞ്ഞു നുകർന്ന് ആനന്ദകരമാക്കുന്ന രീതി അപ്ഡേറ്റ് ചെയ്യപ്പെടുന്നു. ഡിസംബറിന്റെ കുളിരിനെ വൈനിൽ മുക്കി ചൂടാക്കുകയാണ് ബ്രിട്ടനിലെ ഒരു സ്ഥാപനം. പ്രത്യേകം തയാറാക്കിയ ടബ്ബിൽ നിറച്ച ആയിരം ലിറ്റർ വൈനിലാണ് കുളി. കഴുത്തിനൊപ്പം വൈനിൽ മുങ്ങിക്കിടന്നു പങ്കാളിയോടു സൊറ പറയാം, മസാജ് ആസ്വദിക്കാം. യുകെയിലെ ചെഷയറിലുള്ള ഷ്രിഗ്‌ലി ഹാളിലാണ് വീഞ്ഞിന്റെ കുളം തയാറാക്കുന്നത്. സ്പാ സീക്കേഴ്സ് സ്പാ എന്ന സ്ഥാപനമാണ് സംഘാടകർ.
‘നീറ്റലും പുകച്ചിലും അകറ്റാൻ വീഞ്ഞിൽ നീരാടൂ’ – ലോകത്ത് ആദ്യമായി ഒരുങ്ങുന്ന ‘വൈൻ ഹോട്ട് ടബ്ബിന്റെ’ പരസ്യവാചകം സൂപ്പർ ഹിറ്റ്. ബിക്കിനി ധരിച്ച യുവതി വീഞ്ഞു നിറച്ച പാത്രത്തിൽ ഇറങ്ങുന്ന വിഡിയോ വൈറൽ. 560 കുപ്പി നല്ലയിനം വൈനാണ് ടബ്ബിൽ നിറച്ചിട്ടുള്ളത്. കഴുത്തറ്റം വീഞ്ഞിൽ മുങ്ങി കുളിക്കുന്നവർക്ക് ഒരു ഗ്ലാസ് വൈൻ കുടിക്കാം. വീഞ്ഞിൽ കുളിക്കാൻ എത്തുന്നവർക്കു ‘ഫ്രാങ്കിൻസെൻസ് മസാജ് ’ ഫ്രീ.

ഓറഞ്ച്, ഏലയ്ക്ക, മുന്തിരി, തക്കോലം, ഷുഗർ (ബ്രൗൺ) എന്നിവ ചേർത്താണു കുളിക്കാനുള്ള വൈൻ തയാറാക്കിയിട്ടുള്ളത്. ബർഗണ്ടി നിറവും സുഗന്ധവുമുള്ള പാനീയം പോഷകമസൃദ്ധം. ചർമത്തിലെ വിഷാംശം നീക്കും. ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയെ നശിപ്പിക്കും. വീഞ്ഞിൽ മുങ്ങുന്നയാൾക്കു മാനസിക സംഘർഷം കുറയും, സങ്കടങ്ങൾ പറപറക്കും, ചർമം തിളങ്ങും! – സ്പാ സീക്കേഴ്സ് സ്പാ അവകാശപ്പെട്ടു. നാൽപത്തഞ്ചു മിനിറ്റ് വീഞ്ഞിൽ മുങ്ങിക്കുളിക്കാൻ ആറായിരം രൂപ.
‘ആഘോഷത്തിന്റെ ഭാഗമായി പുതുമയുള്ള അനുഭവം’ ഇതാണു സ്പാ സീക്കേഴ്സ് സ്പാ പുത്തൻ പരീക്ഷണത്തിനു നൽകിയ അടിക്കുറിപ്പ്. യുവത്വത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞാണു വീഞ്ഞിൽ കുളിക്കാൻ അവസരമൊരുക്കിയതെന്നു സിഇഒ ജേസൺ ഗോൾഡ്ബർഗ് പറഞ്ഞു.
