കോട്ടയം മെഡിക്കല്‍ കോളജിലെ ഐസലേഷന്‍ വാര്‍ഡില്‍ നിന്നും അന്നുയര്‍ന്ന പതിഞ്ഞ സ്വരം അവിടുത്തെ ചുമരുകളല്ലാതെ മറ്റാരും കേട്ടിട്ടുണ്ടാകില്ല. കാരണം ഈ വിരഹം അവര്‍ക്കു മാത്രം വിധിച്ചിട്ടുള്ളതാണ്. എല്ലാത്തിനുമുപരി അവര്‍ ഒരു നഴ്‌സാണ്. രണ്ടാം വരവില്‍ സംഹാര താണ്ഡവമാടിയ കോവിഡിന് മുന്നില്‍ ഇതൊക്കെ വലിയൊരു ആശങ്കയാണോ എന്നായിരിക്കും പലരുടേയും ആത്മഗതം. ലോകം സുഖമായുറങ്ങിയപ്പോള്‍ നമുക്ക് വേണ്ടി ഉണര്‍ന്നിരിക്കുന്ന അവരുടെ ജീവിതവും വേദനകളും ഭാവനയിലെങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ അവര്‍ ഹൃദയവിശാലതയുള്ളവരെന്ന് ഉറപ്പിക്കാം. അല്ലാത്തവര്‍ക്ക് അവര്‍ വെറും നഴ്‌സും പൊലീസും ഒക്കെയാകും. അവരുടെ വേദനകളും വിരഹവും ആശങ്കയും ഒക്കെ കെട്ടുകഥയും..
ഈ കഥയിലെ ആ കാവല്‍ മാലാഖയ്ക്ക് ഇപ്പോള്‍ ഒരമ്മയുടെ മനസു കൂടിയുണ്ട്. വാഴ്ത്തു പാട്ടുകളില്‍ ഇടംപിടിക്കാതെ പോയ ആ അമ്മയുടെ പേര് അനുപമ. കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്‌സ്. ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തെ കോവിഡിന്റെ മൊത്തക്കച്ചവടക്കാരായി ലോകം പ്രതിഷ്ഠിച്ചപ്പോള്‍ അവരെ സ്‌നേഹത്തോടെ ചേര്‍ത്തു നിര്‍ത്തിയവരില്‍ അനുപമയും ഉണ്ടായിരുന്നു. കോവിഡ് ലക്ഷണങ്ങളുടെ പേരില്‍ ഐസൊലേഷനിലേക്ക് പറഞ്ഞു വിടുമ്പോഴും ആ മനസു നിറയെ പൊന്നുമക്കളായിരുന്നു. കോവിഡ് കാലം കോട്ടയത്ത് കൊടുമ്പിരി കൊള്ളുമ്പോള്‍ സകല നിയന്ത്രണങ്ങളും അനുപമയെ മക്കളില്‍ നിന്ന് അകറ്റി. പ്രിയപ്പെട്ട മക്കളെ കാണാതെ കടന്നു പോയ ആ നാളുകളെ ഓര്‍ക്കുകയാണ് അനുപമ.
എല്ലാം അവര്‍ക്കു വേണ്ടി
ഓപ്പറേഷന്‍ തീയറ്റര്‍ ഡ്യൂട്ടി മാത്രമായിരുന്നു ഞങ്ങള്‍ക്കുണ്ടായിരുന്നത്. പക്ഷേ കോവിഡ് രണ്ടാം വരവില്‍ ശക്തിപ്രാപിച്ചപ്പോള്‍ എല്ലാം മാറി മറിഞ്ഞു. കോവിഡ് സ്‌പെഷ്യല്‍ വാര്‍ഡിലേക്ക് ഞങ്ങളെ നിയോഗിച്ചു. ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിന്റെ അപ്പച്ചനേയും അമ്മച്ചിയേയും പരിചരിക്കാന്‍ ഞാനും സിസ്റ്റര്‍ രേഷ്മയും ഉണ്ടായിരുന്നു. കുടുബവും കുട്ടികളും ആരോഗ്യവും എല്ലാം മറന്ന് പകലന്തിയോളം അവരെ പരിചരിച്ചു. പ്രത്യേക കെയര്‍ വേണ്ടവരായിരുന്നു അവര്‍. വയസായതിന്റെ വാശിയും ദേഷ്യവും ആവോളം ഉണ്ട് താനും.
പതിവു പോലെ എല്ലാം സഹിക്കാന്‍ പഠിച്ചു. പക്ഷേ, ഡ്യൂട്ടിയുടെ ആ നാളുകളില്‍ എപ്പോഴോ കോവിഡിന്റെ ലക്ഷണങ്ങള്‍ എന്നേയും പിടികൂടി തുടങ്ങി. ഒടുവില്‍ പ്രതീക്ഷതു സംഭവിച്ചു. ഞാനും സിസ്റ്റര്‍ രേഷ്മയും ഐസൊലേഷനിലേക്ക്. ഡ്യൂട്ടിയും കടന്ന് നേരെ ഐസൊലേഷനിലേക്ക് എന്ന് പറയുന്നതാകും കൂടുതല്‍ ശരി. ഒരു മാസത്തോളം നീണ്ടു നിന്ന ഐസൊലേന്‍. അതു വരെ എന്റെ കുഞ്ഞുങ്ങളെ ഞാന്‍ കണ്ടിട്ടില്ല. അവര്‍ പത്തനംതിട്ടയിലും ഞാന്‍ കോട്ടയത്തുമായി ഒരു മാസം. അമ്മയായ എനിക്ക് അതൊരു ചെറിയ കാലയളവ് അല്ലായിരുന്നു. ഒടുവില്‍ നിയന്ത്രണങ്ങളില്‍ തെല്ല് ഒരു ഇളവ് വന്നപ്പോള്‍ ഞാന്‍ അവര്‍ക്കരികിലേക്ക് ജീവനും പറിച്ചു കൊണ്ട് ഓടി. പക്ഷേ അവരെ പിരിഞ്ഞിരുന്ന നാളുകള്‍ വല്ലാത്തൊരു നീറ്റലായിരുന്നു.

എല്ലാം മാറിമറിഞ്ഞ ക്വാറന്റിന്‍
പനിയിലായിരുന്നു തുടക്കം. ലക്ഷണങ്ങള്‍ പിന്നാലെയെത്തിയതോടെ ഐസൊലേഷനിലേക്ക്. 14 ദിവസം മനസ്സാന്നിധ്യം കൈവിടാതെ പിടിച്ചു നിന്നു. സിസ്റ്റര്‍ രേഷമയ്ക്ക് ഫലം പോസിറ്റീവ് ആയി എന്നു കേട്ടപ്പോള്‍ സങ്കടം തോന്നി. ചെറിയ ടെന്‍ഷനും പിടികൂടി. എങ്കിലും ഫലം എന്തായാലും അത് ഉള്‍ക്കൊള്ളാന്‍ മനസിനെ പരുവപ്പെടുത്തിയെടുക്കുകയായിരുന്നു ഞാന്‍. ദൈവാനുഗ്രഹം എന്നു പറയട്ടെ. ഫലം നെഗറ്റീവ് ആയിരുന്നു.
പക്ഷേ, എന്റെ കോണ്ടാക്റ്റ് കൂടി കണക്കിലെടുത്ത് ക്വാറന്റിന്‍ പൂര്‍ത്തിയാക്കി. കഴിഞ്ഞ് മാര്‍ച്ച് 23നാണ് ക്വാറന്റിനില്‍ പോകുന്നത്. പുറത്തിറങ്ങുമ്പോള്‍ കാര്യങ്ങള്‍ ആകെ മാറിമറിഞ്ഞു. രാജ്യം സമ്പൂര്‍ണ ലോക് ഡൗണിലേക്ക് പോയി. അതോടെ മക്കളിലേക്ക് എത്താനുള്ള എന്റെ വഴി അടഞ്ഞു. ഇതിനിടയില്‍ ഞങ്ങള്‍ പരിചരിച്ച അപ്പച്ചന്റേയും അമ്മച്ചിയുടേയും രോഗം ഭേദമായി. ആ വാര്‍ത്ത കേട്ട് തുള്ളിച്ചാടാനാണ് തോന്നിയത്. പക്ഷേ എല്ലാ ആഘോഷങ്ങളില്‍ നിന്നും എനിക്ക് മാറി നില്‍ക്കേണ്ടി വന്നു.
അമ്മ കൂടി ഉണ്ടായിരുന്നെങ്കില്‍
മക്കളുടെ സ്‌കൂളിലെ വാര്‍ഷിക പരിപാടി കാണാനാണ് ഒടുവില്‍ ലീവെടുത്ത് നാട്ടിലേക്ക് പോയത്. അവരെ അവസാനമായി കണ്ടതും അന്നാണ്. കോവിഡ് ശക്തി പ്രാപിച്ചതോടെ ഞാനടക്കം ഉള്ള സിസ്റ്റ്മാര്‍ ശരിക്കും കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും പുറത്തു വരാന്‍ പറ്റാത്ത നിലയിലായി. സങ്കടം എന്തെന്നാല്‍ മൂത്തവന്‍ ചിരാഗിന് ശ്വാസം മുട്ടലിന്റെ ചെറിയ പ്രശ്‌നമുണ്ട്. നിര്‍ഭാഗ്യം എന്ന് പറയട്ടേ... ഞാന്‍ അടുത്തില്ലാത്ത നാളുകളില്‍ അവന് രോഗം കലശലായി. ഭര്‍ത്താവ് ചന്ദ്രപ്രദീപ് ആകട്ടെ കോട്ടയത്തെ റിസോര്‍ട്ടിലും. അദ്ദേഹം അവിടെ ഷെഫ് ആണ്. എന്റെ അഭാവത്തില്‍ ഭര്‍തൃവീട്ടുകാരാണ് എല്ലാത്തിനും ഓടി നടന്നത്.
പത്തനംതിട്ടയിലെ രോഗവ്യാപനത്തിന്റെ നാളുകളില്‍ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യത്തിലൂടെയാണ് കടന്നുപോയത്. അന്നേരം അവനെ ആശുപത്രിയിലെത്തിക്കാനും ചികിത്സിക്കാനും ഭര്‍തൃവീട്ടുകാര്‍ നന്നേ കഷ്ടപ്പെട്ടു. ഇതെല്ലാം അകലെ നിന്ന് കണ്ട് നിസഹായയായി നോക്കി നില്‍ക്കാനേ എനിക്കാകുമായിരുന്നുള്ളൂ. വിഡിയോ കോളിലൂടെയാണ് മക്കളായ ചിരാഗിനേയും ടിസ്യയേയും കണ്ടിരുന്നത്. ഓരോ തവണ കാണുമ്പോഴും അമ്മ കൂടി അടുത്തുണ്ടായിന്നെങ്കില്‍ എന്ന് അവര്‍ പറയുമായിരുന്നു. അത് കേള്‍ക്കുമ്പോള്‍ നെഞ്ചു പിടയും- അനുപമ പറഞ്ഞുനിര്‍ത്തി.