Friday 29 March 2019 11:39 AM IST

ഒഴിഞ്ഞ ടെറസുകൾ തുണിയുണക്കാനുള്ള സ്ഥലമല്ല; ബുദ്ധിപൂർവം ഉപയോഗിച്ചാൽ മികച്ച വരുമാനമാർഗമാക്കാം!

Ammu Joas

Sub Editor

Beautiful terrace

പുതിയ വീടു പണിയുമ്പോള്‍ പിന്നീട് ‘എന്തെങ്കിലും ചെയ്യാം’ എന്നു കരുതി ടെറസ് തുറസായി തന്നെ ഇടും. പിന്നെയത് തുണിയുണക്കാനിടാനുള്ളസ്ഥലം മാത്രമായി മാറുകയാണ് പതിവ്. എന്തെങ്കിലും ചെയ്യാം എന്ന ചിന്തയ്ക്കു പകരം ഈ കാര്യങ്ങളിലേതെങ്കിലും ചെയ്യാം എന്ന രീതിയിൽ കണക്കുകൂട്ടിയാൽ അധികചെലവില്ലാതെ സംഗതി ഉഷാറാക്കാം.

ഉപയോഗപ്രദമാക്കാം

∙ ടെറസിന് മേക്കോവർ നൽകും മുൻപ് ട്രസ് റൂഫിനെ അ റിയാം. മേൽക്കൂരയ്ക്കു മുകളിൽ കഴുക്കോൽ പാകി ഓടോ ഷീറ്റോ ഇടുന്നതാണ് ട്രസ് വർക്ക്. അതിനുശേഷം ആവശ്യം അനുസരിച്ച് കമ്പിവല (മെഷ്) ഇട്ടു വശങ്ങൾ മറയ്ക്കുകയോ കോൺക്രീറ്റ് ഭിത്തി തീർക്കുകയോ ചെയ്യാം. ആവശ്യമനുസരിച്ച് ടെറസ് മുഴുവനായും ഭാഗികമായും ഇതു ചെയ്യാം.

∙ ദൈനംദിന ആവശ്യങ്ങൾക്കായുള്ള യൂട്ടിലിറ്റി സ്പേസ് ആക്കി ടെറസിനെ മാറ്റാം. വീടിന്റെ ഭംഗിക്കൊപ്പം അവ എത്രത്തോളം ആവശ്യങ്ങൾക്ക് ഉപകരിക്കുന്നു, സൗകര്യപ്രദമാകുന്നു എന്നത് പ്രധാനമാണ്.

∙ തുണിയുണക്കാൻ മാത്രമല്ല, തുണി കഴുകാനും ഇസ്തിരി യിടാനുമൊക്കെ ടെറസ് ഉപയോഗിക്കാം. ടെറസിന്റെ ഒരു ഭാ ഗം മറച്ചെടുക്കുക. ഇവിടെ വാഷിങ് മെഷീനും അയണിങ് ടേ ബിളും സെറ്റ് ചെയ്യാം. മൂന്നു കള്ളികളുള്ള ഒരു വലിയ പെട്ടി ഉണ്ടാക്കിയാൽ കഴുകിയവ, ഉണങ്ങിയവ, ഇസ്തിരിയിട്ടവ എന്നിങ്ങനെ അടുക്കിവയ്ക്കാം. മുഷിഞ്ഞ തുണിയിടാൻ തു റന്ന ബാസ്കറ്റാണ് നല്ലത്. മേൽക്കൂരയില്ലാത്ത ഭാഗത്ത് തുണി യുണക്കുകയും ചെയ്യാം.

∙ എന്നും ഒരേ ഊണുമുറിയിലിരുന്നു ഫൂഡടിക്കുന്നത് അത്ര രസമുള്ള പരിപാടിയല്ല. ഇടയ്ക്ക് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോകുന്നതിന് ഈ വിരസതയും കാരണമാണ്. എന്നാലിനി ഡൈൻ ഔട്ടിനു പോകാതെ ‘ഡൈൻ അവർ ഏരിയ’ ഒരുക്കി ടെറസിൽ കൂടിയാലോ? പതിവൊന്നു മാറ്റാൻ അവധി ദിവസങ്ങളില്‍ ഭക്ഷണം ഇവിടെ വിളമ്പുകകയും ചെയ്യാം.

∙ എത്ര സ്ഥലം കിട്ടിയാലും മതിയാകാത്ത ഒരാവശ്യം വീട്ടി  ലുണ്ടെങ്കിൽ അത് സ്റ്റോറേജ് സ്പേസാണ്. ഗോവണി എവിടെ വയ്ക്കും, തോ‌ട്ടി എവിടെ തൂക്കും എന്നെല്ലാം ആലോചിച്ചു തല പുകയ്ക്കാതെ നേരെ ടെറസിലേക്ക് കയറിക്കോളൂ. ഇത്തരം നീളം കൂടിയതും വലുപ്പമുള്ളതുമായ വസ്തുക്കൾ   ഇവിടെ വയ്ക്കാം. അധികമുള്ള മെത്ത, കട്ടിൽ, മേശ എന്നിവയും ടെറസിൽ വച്ചാൽ വീടിനുള്ളിലെ അഭംഗി ഒഴിവാക്കാം.

∙ വിവാഹവാർഷികവും പിറന്നാളുമൊക്കെ വീട്ടില്‍ തന്നെ ആഘോഷിക്കാം. ടെറസിൽ പാർട്ടി സ്പേസ് ഒരുക്കുകയാണ് വഴി. പതിവായി ഒത്തുചേരലും സൗഹൃദക്കൂട്ടായ്മയും ഉള്ള വരാണെങ്കിൽ ബുഫേ കൗണ്ടറും മേശയും കൂടി പണി തീർത്തോളൂ.

∙ സൗകര്യമായി അല‍്‍പനേരമിരിക്കാനും സൊറ പറയാനും ടെറസില്‍ പ്രൈവറ്റ് സ്പേസ് ഒരുക്കാം. ട്രസ് റൂഫ് പണിത ശേഷം വളച്ചുകെട്ടുന്ന ഭാഗത്ത് നീളത്തിൽ ഇരിപ്പിടം നൽകാം.  കാറ്റു കൊണ്ടിരിക്കാനും ശുദ്ധവായു ശ്വസിക്കാനും രാത്രിയിൽ ചുമ്മാ ആകാശം നോക്കി കിടക്കാനുമെല്ലാം പറ്റുന്ന ഇടമായിരിക്കുമിത്. ടെറസിലെ അരഭിത്തിയിൽ നിന്നു തന്നെ ഇൻബിൽറ്റായി ഇതു പണിതാൽ മതി. ഇരിപ്പിടവും ജനാലവാതിലുമുള്ള ബേ വിൻഡോ വച്ചാൽ സ്വകാര്യതയും സൗന്ദര്യവും കൂടും.

terr4

വളർത്താം പച്ചപ്പും അരുമകളെയും

∙ പച്ചക്കറി കൃഷിയും പൂന്തോട്ടവുമായിരിക്കും ആദ്യം പടി യേറി ടെറസിലെത്തിയത്. സ്ഥലപരിമിതി മറികടന്ന് കൃഷി ചെയ്യാൻ വീട്ടമ്മമാർ കണ്ടെത്തിയ ഈ വിദ്യ ടെറസ് വിനിയോ ഗത്തിന് മികച്ച വഴിയാണ്.  

∙ ടെറസിൽ പച്ചക്കറികൾക്ക് നല്ല വിളവു കിട്ടുന്നതിനു പി ന്നിൽ സൂര്യപ്രകാശത്തിന്റെ ലഭ്യതയാണ് കാരണം. പൂച്ചെടി കളിൽ പൂക്കൾ‌ വിടരാനും വെയിൽ വേണം. മുറ്റത്ത് ഇടമുണ്ടെങ്കിൽ കൂടി ടെറസ് ഗാർഡൻ ഒരുക്കുന്നതാണ് നല്ലത്.

∙ കൃഷിയാവശ്യങ്ങൾക്കായി ടെറസ് ഉപയോഗിക്കുമ്പോൾ ഡ്രെയിനേജ് സൗകര്യം ശ്രദ്ധിക്കണം. വെള്ളം കെട്ടിനിന്ന് ഈ ർപ്പം തങ്ങിയാൽ വീടിനുള്ളിൽ സീലിങ്ങിലും ഭിത്തിയിലും വെ ള്ളത്തിന്റെ പാടുകൾ വീഴും. ക്രമേണ ഭിത്തി മോശമാകുകയും ചെയ്യും.

∙ ടെറസ് കൃഷിക്ക് ഡ്രിപ് ഇറിഗേഷനാണ് നല്ല വഴി. ഒരു ടാ പ് തുറന്നാൽ എല്ലാ പച്ചക്കറിയുടെയും ചുവട്ടിലേക്കും തുള്ളിയായി വെള്ളം എത്തുന്ന ഇറിഗേഷൻ മാർഗമാണിത്. വെ ള്ളം താഴെ വീഴാത്തതിനാൽ  ഈർപ്പത്തെയും പേടിക്കേണ്ട. അതല്ലെങ്കിൽ രണ്ടു പൈപ്പ് ഒരറ്റം മുതൽ അടുത്ത അറ്റം വരെ ടെറസ് ഫ്ലോറിൽ നിന്നുയർത്തി പിടിപ്പിച്ച ശേഷം അതിൽ പച്ചക്കറി നട്ട ഗ്രോ ബാഗോ, ചാക്കോ, ടബ്ബോ വയ്ക്കാം. വെള്ളം കെട്ടിക്കിടക്കുന്ന പ്രശ്നുമുണ്ടാകില്ല.

∙ മത്സ്യകൃഷിയും പച്ചക്കറികൃഷിയും ഒന്നിച്ചു ചെയ്യുന്ന അക്വാപോണിക്സ് സംവിധാനം ടെറസിൽ ചെയ്യാം. ഒറ്റ യൂണി റ്റായി തന്നെ ഇവ വാങ്ങാൻ ലഭിക്കും. കൃഷിയുപകരണങ്ങളും വളങ്ങളുമൊക്കെ സൂക്ഷിക്കാനുള്ള ഇടവും ടെറസില്‍ ഒരുക്കണം.

∙ ഏതു പൂച്ചെടികൾ നട്ടും ടെറസ് സുന്ദരമാക്കാം. ഭംഗിക്കൊപ്പം വരുമാനം കൂടിയാഗ്രഹിക്കുന്നവർക്ക് ഓർക്കിഡ് ഗാർഡൻ ടെറസില്‍ ഒരുക്കാം. ഗ്രീൻ നെറ്റ് ഇട്ടു മറച്ചശേഷം ഇവ വ ളർത്താം. വെള്ളം അധികം വേണ്ടി വരില്ലെന്നതും തറയിൽ വെ ള്ളം കെട്ടിനിൽക്കാനുള്ള സാഹചര്യം കുറവാണെന്നുള്ള തും ഓർക്കിഡ് ഗാർഡന്റെ പ്ലസ് പോയിന്റാണ്.

∙ അരുമ മൃഗങ്ങളെയും പക്ഷികളെയും വളർത്താൻ ടെറസ് തിരഞ്ഞെടുക്കാം. ലവ് ബേർഡ്സ്, പ്രാവ്, ഫിഞ്ചസ്, മുയൽ, കോഴി, കാട എന്നിവയ്ക്കൊന്നും അധികം ഇടവും സൗകര്യ വും വേണ്ട. ഇവയുടെ വിസർജ്യം നീക്കം ചെയ്യാനുള്ള സൗ കര്യം വേണമെന്നു മാത്രം. അരുമകളെ ആദായമാക്കി മാറ്റുക യും ചെയ്യാം.

terr3

ബിസിനസ് ഐഡിയ വിടരട്ടെ

∙ ‘ഒരു തയ്യൽക്കട തുടങ്ങണമെന്നുണ്ട്. പക്ഷേ, മുറി വാടകയൊക്കെ ബുദ്ധിമുട്ടാണെന്നേ...’ സമാന പല്ലവികൾ പലപ്പോഴും നമ്മൾ കേൾക്കാറുണ്ട്. സ്വന്തമായൊരു ടെറസ് ഉള്ളപ്പോൾ എന്തിനാണ് വാടകമുറിയെ കുറിച്ച് ചിന്തിക്കുന്നത്. ടെറസ് സ്പേസ് ഇത്തരം ബിസിനസ് യൂണിറ്റിനായി മാറ്റി വയ്ക്കാം.

∙ സ്ത്രീ സുഹൃത്തുകൾ ചേർന്ന് ചെറു സംരഭങ്ങൾ തുടങ്ങാൻ ഇ ത്രയും സുരക്ഷിതവും സൗകര്യപ്രദവുമായ മറ്റൊരിടമില്ല. അച്ചാർ, ജാം, ചിപ്സ് എന്നു തുടങ്ങി കേറ്ററിങ് യൂണിറ്റ് പോലും സജ്ജീകരിക്കാം. കരകൗശല വസ്തുക്കളുണ്ടാക്കി വിൽക്കുകയുമാകാം.

∙ വീട്ടിൽ തന്നെ ഓഫിസ് സ്പേസ് ഒരുക്കുന്നവരും ടെറസി ലേക്ക് പോന്നോളൂ. വീടിനുള്ളിലൂടെ അല്ലാതെ പുറത്തുനിന്നും കയറാവുന്ന വിധം ഒരു സ്റ്റെയർകെയ്സ് നൽകണമെന്നു മാത്രം. ഓഫിസ് മുറിക്കു പുറമേ വരുന്ന കസ്റ്റമേഴ്സിനുള്ള ഇരിപ്പിടവും ആവശ്യമെങ്കിൽ ഒരുക്കാം.

വ്യായാമം, വിനോദം, സന്തോഷം...

∙ ഹോം ജിം ഒരുക്കാൻ യോജിച്ച സ്ഥലം ടെറസ് തന്നെ. ട്രെഡ് മില്ലും എക്സർസൈസർ സൈക്കിളുമൊക്കെ ഇവി ടെ വാങ്ങിവയ്ക്കാം. അതിരാവിലെ എഴുന്നേറ്റ് ജിമ്മിൽ പോ കാൻ മടിക്കുന്നവരും ടെറസിൽ ജിം സജ്ജീകരിച്ചോളൂ. സമയം കിട്ടുന്നതു പോലെ വ്യായാമം ചെയ്യാമല്ലോ. ‘കഠിന വ്യായാമമൊന്നും വയ്യേ’ എന്നുള്ളവർക്ക് ജിമ്മിനു പകരം യോഗ ചെയ്യാനായി മെഡിറ്റേറ്റിങ് സ്പേസ് ഒരുക്കാം.

∙ ബാർ ബി ക്യൂ ഏരിയ ടെറസിന്റെ ഒരു കോണിൽ വയ് ക്കാം. സ്ലാബ് വാർത്ത് ഇഷ്ടിക ചതുരത്തിൽ അടുക്കിയാൽ മതി. പാർട്ടികൾ നടക്കുമ്പോഴും ഈ ഇടം ഉപയോഗപ്രദമാകും.

∙ ബാർ കൗണ്ടർ ഒരുക്കാനും ടെറസ് തിരഞ്ഞെടുക്കാം. കുപ്പികളും ഗ്ലാസുകളും വയ്ക്കാനുള്ള സ്റ്റാൻഡ് സെറ്റ് ചെയ്യണം. ലൈറ്റിങ്ങും ഭംഗിയാക്കണം. അയൽവീടുകളുടെ സ്വകാര്യതയെ തടസ്സപ്പെടുത്താതെ ശ്രദ്ധിക്കണം.

∙ ലൈബ്രറി ഒരുക്കാനും ടെറസ്സിൽ ഇടം കണ്ടെത്താം. സ്വസ്ഥമായി ഇരുന്നു വായിക്കാനും പുസ്തകങ്ങളെല്ലാം അടുക്കി വയ്ക്കാനും ടെറസ്സിൽ വേണ്ടുവോളം സ്ഥലമു ണ്ടാകും. മഴവെള്ളം പുസ്തകത്തില്‍ വീഴാത്ത വിധം ഈ സ്പേസ് ഒരുക്കാനും ബുക്ക് ഷെൽഫ് വയ്ക്കാനും ഓർക്കുക.

∙ ടെറസിന്റെ ഒരു കോർണർ അടച്ചെടുത്ത് അവിടെ ഒരു കാരം ബോർഡ് വച്ചാൽ വിശ്രമവേളകളിൽ ഗെയിം കളി ക്കാം. ചെസ്, ടേബിൾ ടെന്നീസ് തുടങ്ങിയ ഇൻഡോർ ഗെ യിംസ് ടെറസിലേക്കാക്കാം. കിഡ്സ് പ്ലേ ഏരിയ ടെറിസിൽ ഒരുക്കുമ്പോൾ സുരക്ഷയ്ക്ക് മുൻതൂക്കം നൽകണം.

നേരത്തേ ചിന്തിച്ചാൽ

∙ വീടു പണിയുമ്പോൾ തന്നെ ടെറസ് ഏതു കാര്യത്തിനായി ഉപയോഗിക്കണമെന്ന് തീരുമാനിക്കുന്നതാണ് നല്ലത്. ആവശ്യമനുസരിച്ച് പ്ലംബിങ് സൗകര്യം ഒരുക്കാം. എത്ര ഇ ലക്ട്രിക്കൽ പോയിന്റ്സ് വേണം, എവിടെല്ലാം ഇവ പിടിപ്പി ക്കണം എന്നെല്ലാം കണക്കുകൂട്ടി വീടുപണിയുമ്പോൾ തന്നെ ചെയ്യാനാകും. പണിക്കൂലിയും ലാഭിക്കാം.

∙ വീടുപണി കഴിയുമ്പോൾ ഉപയോഗശൂന്യമായതും പൊ ട്ടിപ്പോയതുമായ ടൈലുകൾ ധാരാളമുണ്ടാകും. ഇതു കളയ‌ാതെ ടെറസിലേക്ക് ഉപയോഗിക്കാം. ഫോർമൽ സ്റ്റൈലിൽ ഓഫിസ് സ്പേസ് ഒരുക്കണമെങ്കിൽ പോലും പൊട്ടിയ ഈ ടൈൽസ് ഉപയോഗിച്ച് വ്യത്യസ്തമായി ഫ്ലോറിങ് ചെയ്താൽ മതിയാകും.

∙ ടെറസല്ലേ, ചൂടല്ലേ എന്നു ചോദിച്ചാൽ അതിനല്ലേ ഫോ ൾസ് സീലിങ് എന്നാണ് മറുപടി. വിലകുറഞ്ഞ തെർമോക്കോൾ, പിവിസി പോലുള്ള മെറ്റീരിയൽ ഉപയോഗിച്ചാൽ മതി ഇതിന്.

∙ വീടിന്റെ ഭാഗമായ പൂൾ പണിയുന്നവർ ഏറിവരികയാണ്. ഉള്ളിലെ ഇടം മെനക്കെടുത്താതെ ടെറസ് ഇതിനായി തി രഞ്ഞെടുക്കുന്നവരും കൂടുതലാണ്. പൂൾ ഒരുക്കാൻ പ്ലാൻ ഉള്ളവർ നേരത്തേ തന്നെ ഇതിനുള്ള മാർഗങ്ങൾ തേടണം.  ടെറസ് പണിതശേഷം ഇത് അത്ര പ്രായോഗികമല്ല.

∙ ഏതു ആവശ്യത്തിനായി ടെറസ് മാറ്റി വച്ചാലും അവിടെയൊരു ഫോൾഡബിൾ മേശയും കസേരയും വയ്ക്കാം. ഒരാൾ ജോലിത്തിരക്കുകളിൽ മുഴുകുമ്പോൾ മറ്റു കുടുബാംഗങ്ങൾക്ക് അവർക്കൊപ്പം ഇരിക്കാൻ ഈ കസേര ഉപയോഗിക്കാം. വീട്ടുജോലിക്കിടയിൽ മക്കളെ പഠിപ്പിക്കാനും ഈ ഫർണിച്ചർ ഉപകരിക്കും.

വിവരങ്ങൾക്കു കടപ്പാട്: രഞ്ജിത് പുത്തൻപുരയിൽ, ഇന്റീരിയർ ഡിസൈനർ, രഞ്ജിത് അസോഷ്യേറ്റ്സ്, എറണാകുളം

terras2