Tuesday 07 July 2020 03:09 PM IST : By സ്വന്തം ലേഖകൻ

വീടു വയ്ക്കുന്നതിൽ കാണിക്കുന്ന ശുഷ്കാന്തി അറ്റകുറ്റപ്പണികളിലും വേണം; മഴക്കാല പരിചരണത്തിന് വേണ്ട മാർഗനിർദേശങ്ങൾ അറിയാം

rain-protection3343544

വീടുകൾ നമുക്ക് അഭയസ്ഥാനങ്ങളാണ്. കോവിഡ്  പോലുള്ള മഹാമാരികൾ നടമാടുന്ന സന്ദർഭങ്ങള്‍ ആ തിരിച്ചറിവിന്റെ കാലമാകണം. മാതൃസംരക്ഷണം പോലെ അഭയം തരാൻ വീടുകൾക്കാവുമ്പോൾ തിരിച്ചും പരിചരണം േവണ്ടേ?

വീടിന്റെ ഉള്ളിൽ സുരക്ഷിതരായി ഇരുന്ന് വീടിനെ അടുത്തറിഞ്ഞ സമയമാണ് ഈ ലോക്ഡൗൺ കാലം. വീടിനെ ഇത്ര അടുത്തു കാണാൻ ഇതുപോലൊരു അവസരം മുൻപൊരിക്കലും കിട്ടിക്കാണില്ല. ഇപ്പോൾ വീട് എന്താണെന്നും എങ്ങനെയാണെന്നും നമുക്ക് അറിയാം. ഇത് പരിചരണത്തിനുള്ള എളുപ്പവഴിയായി. വീടുകൾക്ക് പരിചരണം പല വിധത്തിലാണ് ആവശ്യമായി വരിക, പ്രത്യേകിച്ച് മഴക്കാല പരിചരണം.  

വീടു വയ്ക്കുന്നതിൽ കാണിക്കുന്ന ശുഷ്കാന്തിയും ഉത്തരവാദിത്തവും അവയുടെ സമയാസമയങ്ങളിലുള്ള അറ്റകുറ്റപ്പണികളിൽ പലരും കാണിക്കാറില്ല. വേണ്ട വിധത്തിൽ കരുതൽ നൽകിയാൽ ഏത് ദുരവസ്ഥയിലും വീട് സംരക്ഷണം നൽകും. വീടിന്റെ ആയുസ് നിർണയിക്കുന്നതിൽ പരിചരണത്തിന് മുഖ്യമായ പങ്കുണ്ട്. വീടിന്റെ പരിചരണത്തിന് വേണ്ട ചില മാർഗനിർദേശങ്ങൾ ഇതാ...

∙ ആദ്യമായി  വീടിന് പരിചരണം വേണ്ട ഏരിയകൾ കണ്ടെത്തി മുൻഗണനാ ക്രമത്തിൽ കുറിപ്പ് തയാറാക്കണം.

∙ മഴവെള്ളം ഒലിച്ച് പുറത്തേക്കു പോകുന്ന രീതിയിലോ മഴക്കുഴികളിലേക്കോ സംഭരണികളിലേക്കോ എളുപ്പത്തിൽ എത്തുന്ന രീതിയിലോ വീടിന്റെ പരിസരം സെറ്റ് ചെയ്യണം.

∙ വീടിനോട് ചേർന്ന് നിൽക്കുന്ന മരങ്ങളുടെയും െചടികളു ടെയും കൊമ്പുകളും മറ്റും വെട്ടി വൃത്തിയാക്കണം.

∙ മഴവെള്ള ചാലുകളിൽ അടിഞ്ഞിരിക്കുന്ന മണ്ണും മാലിന്യ  ങ്ങളും നീക്കം ചെയ്യണം.

∙ മണ്‍നിരപ്പിന് താഴെയുള്ള കുടിവെള്ള സംഭരണി, സെപ്റ്റിക് ടാങ്ക് എന്നിവയുടെ മൂടികളിലും വശങ്ങളിലും ഉള്ള വിള്ളലുകൾ അടച്ച് മഴവെള്ളം അതിനകത്തേക്ക് കടക്കുന്നത് പൂർമമായും തടയുക.

∙ വീടിന്റെ അസ്ഥിവാരത്തിനോട് ചേർന്ന് കാണുന്ന കുഴികൾ അടച്ച് മഴവെള്ളം ഭൂമിയിലേക്ക് ഒലിച്ച് ഇറങ്ങുന്നത് പൂർണമായും തടയുക.

∙ വീടിന്റെ ചുമരിനോട് ചേർത്തിട്ടിരിക്കുന്ന മണ്ണ്, മണൽ, മറ്റു മാലിന്യങ്ങൾ എന്നിവ നീക്കം ചെയ്യണം.

∙ വീടിന്റെ പരിസരത്ത് പായൽ പിടിക്കാൻ സാധ്യതയുള്ള ഇ ടങ്ങൾ കണ്ടെത്തി ചരലോ ആന്റി സ്കിഡ് ടൈലുകളോ വിരിച്ച് വഴുക്കൽ ഒഴിവാക്കുക.

∙ മേൽക്കൂരകളിൽ നിന്നും സൺഷേഡുകളിൽ നിന്നും വെള്ളം പുറത്തു പോകുന്ന സംവിധാനങ്ങൾക്കടുത്തുള്ള മാലിന്യങ്ങളും ചെടികളും നീക്കം ചെയ്ത് മേൽക്കൂരയിലെ വെള്ളത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് ഉറപ്പു വരുത്തുക.

∙ മേൽക്കൂരയിൽ അനാവശ്യമായി കൂട്ടിയിട്ടിരിക്കുന്ന വസ്തുക്കൾ മാറ്റുക. മേൽക്കൂരകളിലെ മഴവെള്ളക്കുഴലുകളിൽ സ്ഥാപിച്ചിരിക്കുന്ന അരിപ്പകൾ വൃത്തിയാക്കി വയ്ക്കുക.

∙ വീടിന് പുറത്തുള്ള കുടിവെള്ള പൈപ്പ് ലൈനുകളുടെയും സാ‌നിറ്ററി പൈപ്പ് ലൈനുകളുടെയും ഒട്ടിപ്പുകൾ വഴി മഴവെള്ളം കടക്കുന്നില്ല എന്ന് ഉറപ്പു വരുത്തണം. പൈപ്പ് ലൈനുകളുടെയും മറ്റും അടുത്തുള്ള ചെടികളും കളകളും നശിപ്പിക്കുക.

∙ മേൽക്കൂരകളിലും ഭിത്തിപ്പുറങ്ങളിലും കാണുന്ന വിള്ളലുകളിലെ മാലിന്യം നീക്കം ചെയ്ത് വിള്ളലുകൾ അടയ്ക്കുക.

∙ വീടിന്റെ ടെറസുകളിൽ കുഴിവുകൾ ഉള്ള ഭാഗങ്ങൾ വെള്ളം കെട്ടിനിൽക്കാതെ സിമന്റോ മറ്റോ ഉപയോഗിച്ച് നികത്തണം.

∙ ബാൽക്കണിയിൽ വീഴുന്ന വെള്ളം പുറത്തേക്ക് പോകുന്നതിനു വേണ്ടിയുള്ള പൈപ്പ് സംവിധാനങ്ങൾ ഒരുക്കുക.

അകറ്റണം ഈർപ്പവും പായലും

∙ പുറംഭിത്തിയോടു ചേർന്നുള്ള സ്റ്റെയർകെയ്സുകളുടെ ഭിത്തിയോട് ചേരുന്ന ഭാഗത്തെ വിള്ളലുകൾ അടച്ച് ഭിത്തിയിൽ ഈർപ്പം കടക്കാതെ സംരക്ഷിക്കുക.

∙ വീടിന്റെ കൂട്ടിച്ചേർക്കലുകൾ നടത്തിയിട്ടുള്ള ഭാഗങ്ങളിൽ ചോർച്ചയും മറ്റും തടയാനുള്ള സംവിധാനം ഉറപ്പു വരുത്തണം.

∙ വീടിന്റെ വാതിലുകളുടെയും ജനലുകളുടെയും മറ്റു തുറപ്പുകളുടെയും കൊതുകു സംരക്ഷണ വലകൾ വൃത്തിയാക്കി വായു സഞ്ചാരം സുഗമമാക്കുക.

∙ വീടിന്റെ ജനൽ, വാതിൽ ഉൾപ്പെടെയുള്ള ഇരുമ്പു നിർമിതഭാഗങ്ങൾ പെയിന്റ് ചെയ്തും ഗ്രീസ് ഉപയോഗിച്ചും സംരക്ഷിക്കുക.

∙ വീടിന്റെ വൈദ്യുതി, പ്ലമ്മിങ്, സാനിറ്ററി സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികൾ എന്നിവ ചെയ്യണം.

∙ മഴക്കാലത്ത് വായുസഞ്ചാരത്തിനും ഈർപ്പരഹിതമാകാനും വീടിനുള്ളിലെ അലമാരകളുടെയും മറ്റും ഷട്ടറുകൾ ഇടയ്ക്കിടയ്ക്ക് തുറന്നു വയ്ക്കണം.

∙ ചുമരിൽ ഈർപ്പം പിടിക്കുന്ന ഇടങ്ങളിൽ നിന്ന് വീട്ടിലെ അലമാരകൾ തുടങ്ങിയ ഫർണിച്ചർ  മാറ്റി സ്ഥാപിച്ച് ചുമരുകൾക്ക് വായുസഞ്ചാരം ഉറപ്പു വരുത്തുക.

∙ ബേസ്മെന്റിന്റെ പൊക്കം വളരെ കുറഞ്ഞ സ്ഥലങ്ങളിൽ  വീടിന് ചുറ്റിലും രണ്ടടി മാറി ചാല് കോരി മഴവെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കേണ്ടതാണ്.

∙ വീടിനോടു ചേർന്നുള്ള കോൺക്രീറ്റ്, കരിങ്കൽ നിർമിതമായ  മണ്ണ് സംരക്ഷണ ഭിത്തികൾ, മൺതിട്ടകൾ എന്നിവയ്ക്കടുത്തു കൂടിയുള്ള മഴവെള്ള ഒഴുക്ക് തടസ്സപ്പെടുത്തുക.

∙ ജീർണിച്ചിരിക്കുന്ന പഴയ കെട്ടിടഭാഗങ്ങൾ  മഴക്കാലത്തിന് മുൻപേ പൊളിച്ച് മാറ്റുന്നതാണ് നല്ലത്.

ഷോക് അടിക്കാതെ

∙ എര്‍ത്തിങ് പൈപ്പുകളുടെ പരിസരം വൃത്തിയാക്കി ശരിയായി  എർത്തിങ്  നടക്കുന്നുവെന്ന് ഉറപ്പാക്കണം.

∙ വീടിനു പുറത്തേക്കു തുറക്കുന്ന വൈദ്യുത പൈപ്പുകൾ മഴവെള്ളം കടക്കാതെ അടച്ചു സംരക്ഷിക്കണം.

∙ വെള്ളം പമ്പ് ചെയ്യുന്നതിനുള്ള മോട്ടറിന്റെ ചുറ്റുപാടുകൾ വൃത്തിയാക്കി അതിലേക്കുള്ള വൈദ്യുതി സംവിധാനം സുരക്ഷിതമാക്കുക.

∙ സാനിറ്ററി ലൈനുകളുടെ ബെന്റ്  പൈപ്പുകൾ കൊതുകുവലകൾ ഉപയോഗിച്ച് സുരക്ഷിതമാക്കുക.

∙ ചുമരിലെ കുമിളിച്ച ഭാഗങ്ങൾ തൽക്കാലം ചുരണ്ടി വൃത്തിയാക്കി ചുമരുകളെ ഈർപ്പരഹിതമാക്കുക.

∙ വൈദ്യുതി, ടിവി, ടെലഫോൺ എന്നിവയുടെ സർവീസ് ലൈനുകൾക്കടുത്തുള്ള  മരങ്ങളും  മറ്റു തടസ്സങ്ങളും ഒഴിവാക്കണം.

കടപ്പാട്: ടി. പി. മധുസൂദനൻ, ചീഫ് കൺസൽറ്റന്റ്, ഹാബിറ്റാറ്റ്

Tags:
  • Vanitha Veedu