Wednesday 07 July 2021 11:57 AM IST

വിശാലമായ സുഖകരമായ അകത്തളമുള്ള മൂന്ന് കിടപ്പുമുറി വീടാണോ മനസ്സിൽ, ഈ വീട് നിങ്ങൾക്കിഷ്ടമാവും

Sreedevi

Sr. Subeditor, Vanitha veedu

manu 1

‍തൃശൂർ അവണിശ്ശേരിയിലാണ് ‘ഇൻക്ലൈൻഡ് ഹൗസ്’ എന്ന് വാസ്തുശാസ്ത്ര പ്രത്യേകതകൾക്ക് അനുസൃതമായി പേരുകൊടുത്ത ഈ വീട് സ്ഥിതി ചെയ്യുന്നത്. ഇൻക്ലൈൻഡ് ഹൗസ് എന്ന പേരിടാനുള്ള കാര്യം ഈ വീട് കാണുന്ന എല്ലാവർക്കും പെട്ടെന്ന് പിടികിട്ടും. ചരിഞ്ഞ മേൽക്കൂര തന്നെ. എല്ലാ പ്ലോട്ടുകൾക്കും ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമല്ലോ. പിറകിലേക്ക് നീണ്ട ഈ പ്ലോട്ട് റോഡരികിൽ അല്ല, പ്രത്യേക ശ്രദ്ധയൊന്നും കിട്ടില്ല എന്ന ചെറിയ നിരാശയൊഴിച്ചാൽ മറ്റു പ്രശ്നങ്ങൾ ഒന്നും ഇവിടെയില്ല. ചെറിയൊരു ഇടവഴിയിലൂടെ പ്ലോട്ടിലെത്താം. അതുകൊണ്ടുതന്നെ കാർ നേരിട്ട് ഈ വഴിയിലേക്ക് എടുക്കാവുന്ന രീതിയിലാണ് പോർച്ചിന് സ്ഥാനം കൊടുത്തത്.

manu 2

മൂന്ന് കിടപ്പുമുറികളുള്ള വീട് നിശ്ചിത ബജറ്റിൽ ഒതുങ്ങണം എന്നൊരു ഡിമാൻഡേ വീട്ടുകാരനായ സുബീഷിനും ഭാര്യ അഞ്ജുവിനും ഉണ്ടായിരുന്നുള്ളൂ. മറ്റ് പ്രോജക്ടുകളിലെല്ലാം ചെയ്യാറുള്ളതുപോലെത്തന്നെ ആഡംബരങ്ങൾ പൂർണമായി ഒഴിവാക്കി, മിനിമലിസ്റ്റിക് ശൈലിയിൽ ഈ വീടും ഡിസൈൻ ചെയ്യാൻ തീരുമാനമായി. വീടിന്റെ പുറംകാഴ്ചയിലാകട്ടെ, അകത്തളത്തിന്റെ സവിശേഷതകളിലാകട്ടെ, വ്യക്തവും സ്പഷ്ടവുമായ നേർരേഖകളിലൂടെയാണ് ഡിസൈൻ മുന്നോട്ടുപോകുന്നത്.

manu 3

ഒരു മേൽക്കൂര 90 ഡിഗ്രി ചരിഞ്ഞതും മറ്റൊരു ഭാഗം ക്യൂബ് ആകൃതിയിലുള്ളതുമാണ്. കാർപോർച്ചിനും സിറ്റ്ഔട്ടിനും പൊതുവായുള്ള മേൽക്കൂരയും ചരിഞ്ഞതാണ്. ഇൻബിൽറ്റ് ഇരിപ്പിടത്തോടു കൂടിയ ചെറിയ സിറ്റ്ഔട്ട് ആണ്. സിറ്റ്ഔട്ടിനോടു ചേർന്ന് ഒരു ചെറുജലാശയം സജ്ജീകരിച്ചിട്ടുണ്ട്. സിറ്റ്ഔട്ടിന്റെയും പൂജാമുറിയുടെയും ഇടയിലാണ് ജലാശയം എന്നു പറയാം. എല്ലാ മുറികളിൽ നിന്നും ഈ ജലാശയത്തിലേക്ക് കണ്ണെത്തണം എന്നതാണ് ലക്ഷ്യം. പൂജാമുറിയിൽ വിഗ്രഹങ്ങൾ വച്ച ഭിത്തിയുടെ എതിർ ചുമരിൽ ജനലിനോടു ചേർന്ന് ഒരു ഇൻബിൽറ്റ് ഇരിപ്പിടം നിർമിച്ചിട്ടുണ്ട്. മഴ പെയ്യുമ്പോൾ മേൽക്കൂരയിൽ നിന്ന് ജലാശയത്തിലേക്ക് വെള്ളത്തുള്ളികൾ വീഴുന്നതു കണ്ടിരിക്കാം. ഈ വീട്ടിൽ വരുമ്പോളെല്ലാം ഞങ്ങൾ ഏറ്റവുമധികം ഇഷ്ടപ്പെടുന്നത് ഇവിടെയിരിക്കാനാണ്.

manu 7

ഗെസ്റ്റ് ലിവിങ്ങും ഫാമിലി ലിവിങ്ങും പ്രത്യേകം വേണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴത്തെ മിക്ക വീടുകളുടെ ഡിസൈനിലും പിൻതുടരുന്നതുപോലെത്തന്നെ വീടിന്റെ കേന്ദ്രമായി ഡൈനിങ് ഏരിയയെയാണ് സ്വീകരിച്ചത്. വീടിന്റെ എല്ലാ ഭാഗത്തുനിന്നും ഏറ്റവും എളുപ്പത്തിൽ വന്നെത്താവുന്ന സ്ഥലമായിരിക്കണം ഡൈനിങ്. പ്രായമായവർക്കും കുട്ടികൾക്കുമെല്ലാം ഏറ്റവും സൗകര്യപ്രദമായ രീതിയിലാകണം ഊണുമുറിയുടെ സ്ഥാനം. ഡൈനിങ്ങിന്റെ സ്ഥാനം തീരുമാനിച്ചപ്പോൾ ഇതെല്ലാം ഞങ്ങൾ മനസ്സിൽ വച്ചിരുന്നു. അടുക്കള, ഫാമിലി ലിവിങ്, ഗോവണി ഇതെല്ലാം ഡൈനിങ്ങിന്റെ ചുറ്റുമാണ്. പച്ചപ്പ് നിറഞ്ഞ കോർട്‌യാർഡും ഡൈനിങ്ങിലെ കുടുംബകൂട്ടായ്മകൾക്കു നിറം പകരുന്നു. ഇവിടത്തെ ഡബിൾഹൈറ്റ് ഉള്ള എക്സ്പോസ്ഡ് റൂഫ് അതായത്, ട്രസ്സിൽ നേരിട്ട് ഓട് പതിച്ചു നിർമിച്ച മേൽക്കൂര, അകത്തളത്തിന് ഔപചാരികതയില്ലാത്ത അഴകു നൽകാൻ കൂടി ഉദ്ദേശിച്ചാണ് നിർമിച്ചത്.

manu 4

മുകളിലെ കിടപ്പുമുറിയിൽ നിന്ന് ബാൽക്കണി വേണം എന്ന് വീട്ടുകാർക്ക് ആഗ്രഹമുണ്ടായിരുന്നു. പടിഞ്ഞാറ് ദർശനമായ വീടിന്റെ പടിഞ്ഞാറ് ദിശയിലേക്ക് നോക്കി നിൽക്കുന്ന മുറിയാണിത്. ഇവിടെ പുറത്ത് പ്രത്യേകമായി ഒരു ബാൽക്കണി കൊടുക്കുന്നതിനേക്കാൾ നല്ലത് അടഞ്ഞ ബാൽക്കണി (covered balcony) എന്ന സങ്കൽപമാണെന്നു തോന്നി. കാൻഡിലിവറിന്റെ സഹായത്തോടെ കിടപ്പുമുറി അൽപം പുറത്തേക്ക് നീട്ടിയെടുത്താണ് ഈ ‘കവേർഡ് ബാൽക്കണി’ നിർമിച്ചത്. വൈകിട്ട് പടിഞ്ഞാറൻ വെയിലിന്റെ ഊഷ്മളത ഇവിടെയിരുന്ന് ആസ്വദിക്കാൻ സിറ്റിങ്ങും ക്രമീകരിച്ചിട്ടുണ്ട്. ഇന്റീരിയർ ഡിസൈനിന്റെ പേരുപറഞ്ഞ് ഒന്നും കുത്തിനിറയ്ക്കാൻ ശ്രമിച്ചില്ല. സ്പേസിന്റെ ഗുണം കൂട്ടാനുള്ള ചില പൊടിക്കൈകൾ മാത്രമാണ് അകത്തളത്തിൽ സ്വീകരിച്ചത്. പ്രധാനമായും പച്ചപ്പ്.

manu 5

അകത്തേക്ക് വെളിച്ചമെത്തിക്കാൻ ജനലുകളെ കൂടാതെ ഗ്ലാസ് ഇട്ട സ്ലിറ്റുകളെയും ആശ്രയിച്ചിട്ടുണ്ട്. ജനലുകൾ ജിഐ ട്യൂബുകൾ കൊണ്ടു നിർമിച്ചു. മെറ്റൽ ട്യൂബുകൾ ഉപയോഗിച്ച എല്ലായിടത്തും ഇളം പച്ച നിറമാണ് നൽകിയത്. ഇത് അകത്തളത്തിൽ ഉപയോഗിച്ചിരിക്കുന്ന മറ്റു നിറങ്ങളോടു ചേർന്നു നിൽക്കും. മഞ്ഞ,ഗ്രേ തുടങ്ങിയ നിറങ്ങളുടെ ഷേഡുകളിലുള്ള അപ്ഹോൾസ്റ്ററിയുള്ള ഫർണിച്ചർ ഞങ്ങൾ തന്നെ ഡിസൈൻ നൽകി നിർമിച്ചതാണ്. പതിഞ്ഞ എന്നാൽ എനർജറ്റിക് ആയ നിറങ്ങളാണ് വീടിനുള്ളിൽ ഉപയോഗിച്ചവയെല്ലാം. സിംപിൾ വീട് എന്ന നിലയിൽ ഇൻക്ലൈൻഡ് ഹൗസിനെ ഓർക്കാനാണ് ഈ വീടിനു പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം ഇഷ്ടം.

manu 6

ഡിസൈൻ: സി. ആർ. മനുരാജ്, അമൽ സുരേഷ്

i2a ആർക്കിടെക്‌ട്‌സ് സ്റ്റുഡിയോ, തൃശൂർ

info@i2aarchitects.com

Tags:
  • Vanitha Veedu