Tuesday 24 September 2019 05:24 PM IST : By ശ്രീദേവി

മുറിച്ചു മാറ്റിയില്ല, മനസിലെ വീട് ‘മരത്തിൽ’ കണ്ടു! ഞാവലും നാട്ടുമാവും കാവൽ നിൽക്കുന്ന മാത്യുവിന്റേയും രഞ്ജുവിന്റേയും ട്രീഹൗസ്

tree

‘‘മരത്തിൽ കയറൽ ചെറുപ്പത്തിൽ ഞങ്ങൾ സഹോദരങ്ങളുടെ ഹോബിയായിരുന്നു, ഇപ്പോൾ ഞങ്ങളുടെ കുട്ടികളുടെയും. വീടു ഡിസൈൻ ചെയ്യാൻ തീരുമാനിച്ചപ്പോൾ ആദ്യം മനസ്സിലേക്കു വന്നത് പ്ലോട്ടിലെ മരങ്ങൾ ആയിരുന്നു. ഞാവലും നാട്ടുമാവുകളും പുളിയുമൊക്കെ കളഞ്ഞ് എങ്ങനെ വീടുപണിയും. ഒടുവിൽ ഞാവളും മാവും വീടിനുള്ളിൽ വരുന്ന വിധത്തിൽ പ്ലാൻ വരച്ചു. പുളി അടുക്കളയുടെ പിറകിലാണ്. പുളിയിൽ ഒരു ട്രീഹൗസ് നിർമിച്ച് ഞങ്ങളുടെ മരം കയറ്റം തുടരാനാണ് പ്ലാൻ,’’ കൊച്ചിയിലാണ് ജോലിയും താമസവുമെങ്കിലും വീടുപണിയുന്നത് മുഹമ്മയിലെ തറവാട്ടു പറമ്പിലാകണമെന്ന് മാത്യുവിന്റെയും രഞ്ജുവിന്റെയും സ്വപ്നമായിരുന്നു. റിസോർട്ടുകളുടെയും ഹൗസ്ബോട്ടുകളുടെയുമെല്ലാം ഇന്റീരിയർ ചെയ്തു പരിചയമുള്ള മാത്യു തന്നെയാണ് വീടിന്റെ ഡിസൈനും തയാറാക്കിയത്.

t6

സിറ്റ്ഔട്ടിന്റെ അർദ്ധവൃത്താകൃതി വീടിന്റെ എക്സ്റ്റീരിയറിനും പിൻതുടർന്നു. സ്വീകരണമുറിയോടു ചേർന്ന ആദ്യത്തെ കോർട്‌യാർഡിലാണ് ഞാവൽ. താഴത്തെ ശാഖകൾ മുറിച്ച് വീടിനു മുകളിലേക്ക് പടർന്നു നിൽക്കുന്നവിധത്തിലാണ് മരത്തിന്റെ നിൽപ്.

t5

പഴയ നാലുകെട്ടുകളിലേതുപോലെ കോർട്‌യാർഡിനോടു ചേർന്ന ഒരു കോറിഡോറാണ് സ്വീകരണമുറിയെയും ഊണുമുറിയെയും തമ്മിൽ ബന്ധിപ്പിക്കുന്നത്. കോറിഡോറിൽനിന്ന് മൂന്ന് കിടപ്പുമുറികളിലേക്കും പ്രവേശിക്കാം.

t2

വാകയുടെ തടികൊണ്ടാണ് പന്ത്രണ്ട് പേർക്ക് ഒരേസമയം ഉണ്ണാനിരിക്കാവുന്ന ഈ മേശ. കസേരയും ഡിസൈൻ കൊടുത്തു നിർമിക്കുകയായിരുന്നു. മാത്യുവിന് അഞ്ച് സഹോദരന്മാരാണ്. അവരെല്ലാം കുടുംബമൊത്തു വരുമ്പോൾ ഒരുമിച്ച് ഭക്ഷണം കഴിക്കാനാണ് വലിയ ഡൈനിങ്. ഡൈനിങ്ങിനോടു ചേർന്ന കോർട്‌യാർഡിനെ കോംപൗണ്ട് വാളുകൊണ്ട് അതിരിട്ടു. റസ്റ്റിക് ഫിനിഷിനോട് ഇഷ്ടക്കൂടുതൽ ഉണ്ടായിരുന്നതിനാൽ ഈ ഭിത്തി തേക്കാതെ, ഇഷ്ടിക കാണുന്ന രീതിയിൽ നിലനിർത്തിയിരിക്കുകയാണ്.

t10

ആലുവയിലെ എഫ്എസിടിയിൽ നിന്ന് ജിഎഫ്ആർജി പാനലുകൾ വാങ്ങി അതുകൊണ്ടാണ് ഭിത്തികൾ നിർമിച്ചത്. 12 മീറ്റർ നീളവും 10 അടി വീതിയുമുള്ള പാനലുകളായാണ് ജിഎഫ്ആർജി ലഭിക്കുന്നത്. കൊണ്ടുവരാനുള്ള സൗകര്യത്തിന് 6 മീറ്റർ നീളത്തിൽ ഓരോ പാനലും രണ്ടാക്കി മുറിച്ചു.

t4
t8

പ്ലാൻ കൃത്യമായി വേണം ജിഎഫ്ആർജി പാനൽകൊണ്ടു പണി തുടങ്ങാൻ. ജനൽ–വാതിലുകൾ പാനലിൽ അടയാളപ്പെടുത്തി അവിടം മുറിച്ചുമാറ്റി പകരം ജനലോ വാതിലോ വച്ച് പൂർത്തീകരിക്കാം. പണി പെട്ടെന്ന് തീരുമെന്നു മാത്രമല്ല, ഭിത്തികളുടെ കനം കുറവായതിനാൽ വീട്ടിനുള്ളിൽ കൂടുതൽ സ്ഥലം ലഭിക്കുകയും ചെയ്യും.

t3
tree