ഇവിടെയെത്തുന്ന ആരും ഒരു കലാകാരനായി മാറും. മൂവാറ്റുപുഴയാറിന്റെ തീരത്തുള്ള ഒന്നരയേക്കർ സ്ഥലത്ത് നിർമിച്ചിരിക്കുന്ന ‘Solitude’ എന്ന ഇൗ വാരാന്ത്യഗൃഹം അത്രമേൽ കലയോടും പ്രകൃതിയോടും ചേർന്നുകിടക്കുന്നു.

നേർദിശയിലൊഴുകുന്ന മൂവാറ്റുപുഴയാറ് കടാത്തി ഭാഗത്ത് ഏകദേശം 90 ഡിഗ്രിയിൽ തിരിഞ്ഞൊഴുകുന്ന സുന്ദരസുരഭിലമായ ഭാഗത്താണ് ഇൗ പ്ലോട്ടിരിക്കുന്നത്. പുഴയെ അലോസരപ്പെടുത്താതെ, കയറിയിറങ്ങാൻ അനുവദിച്ച്, പുഴയെയും പ്രകൃതിയെയും ആവോളം ആസ്വദിക്കാവുന്ന രീതിയിലാണ് വീടിന്റെ ഡിസൈൻ.
കലയെയും കലാകാരന്മാരെയും സ്നേഹിക്കുകയും േചർത്തുപിടിക്കുകയും ചെയ്ത സൗഹൃദക്കൂട്ടായ്മയുടെ അമരക്കാരനായിരുന്നു ഇതിന്റെ ഉടമസ്ഥനായ മനോജ്. ആർട്ടിസ്റ്റ് നമ്പൂതിരിയുടെ അപൂർവമായ പെയിന്റിങ്ങുകൾ ഉൾപ്പെടെ വലിയൊരു കലാശേഖരം മനോജിനു സ്വന്തമായിരുന്നു.
കലയുടെ സ്വച്ഛന്ദ ഗേഹം

‘‘കലാകാരന്മാർക്ക് വരാനും ഒത്തുകൂടാനും പറ്റിയ ശാന്തസുന്ദരമായ ഒരിടമായിരുന്നു മനോജ് ആഗ്രഹിച്ചത്. ഇതിന്റെ നിർമാണസമയത്തു തന്നെ കലാകാരന്മാരെ താമസിപ്പിച്ച് മൂന്നാഴ്ച നീണ്ടുനിൽക്കുന്ന ക്യാംപ് മനോജ് സംഘടിപ്പിച്ചു. അന്നുണ്ടാക്കിയ ശില്പങ്ങളൊക്കെ ലാൻഡ്സ്കേപ്പിൽ തന്നെ ശില്പിയുടെ പേര് സഹിതം സ്ഥാപിച്ചു,’’ നിർമാണവഴികളെക്കുറിച്ചും വീട്ടുകാരനും സുഹൃത്തുമായിരുന്ന മനോജിനെക്കുറിച്ചും ആർക്കിടെക്ട് ജേക്കബ് ചെറിയാൻ പറയുന്നു.
നമ്പൂതിരി, ഷാജി എൻ. കരുൺ, കലാധരൻ തുടങ്ങി വൻ സൗഹൃദക്കൂട്ടായ്മ ഉണ്ടായിരുന്നു മനോജിന്. വിശാലമായ പ്ലോട്ടിൽ വലിയൊരു വീട് എന്നതിനുപരി കലാഹൃദയങ്ങളുടെ സമന്വയമാണ് വീട്ടുകാരൻ ആഗ്രഹിച്ചത്.
വീതി കുറഞ്ഞ ഇടറോഡിലൂടെ വരുമ്പോൾ ഇടതൂർന്ന മരങ്ങൾ ഇൗ വീടിനെപ്പറ്റി ഒരു സൂചന പോലും തരില്ല. പടിപ്പുര കടന്നാൽ പച്ചപ്പിനകത്തെ മരത്തണലിലൂടെ കല്ലുപാകിയ നടപ്പാതയും ഡ്രൈവ്‍വേയും ചുറ്റുപാടുകളിൽ മുങ്ങിനിൽക്കുന്ന പോലെ. പാതയ്ക്കപ്പുറം ഒരു വീടും ഒരു ആറും കാത്തിരിക്കുന്നുണ്ടെന്ന യാഥാർഥ്യം അപ്പോഴും വിരുന്നുകാരൻ അറിയുന്നില്ല എന്നതാണ് വിസ്മയിപ്പിക്കുന്ന കാര്യം.
കൽഭിത്തികൾക്കു മേലെ മേൽക്കൂരയിട്ട പോർച്ചിന് കൂടുത ൽ അലങ്കാരങ്ങളൊന്നുമില്ല. പോർച്ചിൽ നിന്ന് കടക്കുന്നത് ഒരു ആംഫി തിയറ്ററിലേക്കാണ്. കലാകൂട്ടായ്മകൾക്കു വേദിയാകുന്ന ആംഫി തിയറ്ററിന് അതിരിടുന്നത് അലുമിനിയം ഷീറ്റ് കൊണ്ട് മേൽക്കൂരയുള്ള നടപ്പാതയാണ്. അങ്ങനെ ആംഫിതിയറ്റർ വലിയൊരു വൃത്തംപോലെ ആകാശക്കാഴ്ചയിൽ അമ്പരപ്പിക്കും. ഇരിക്കാനും കൂട്ടായ്മകൾ ആസ്വദിക്കാനുമുതകുന്ന ആംഫി തിയറ്ററിന്റെ പടവുകൾ വീടിനകത്തേക്കു നയിക്കും.
കല്ലുകൾ കൊണ്ടൊരു കവിത

വീടിന്റെ ഡിസൈനിൽ ഏറ്റവുമധികം സ്വാധീനം െചലുത്തിയത് കല്ലുകൾ ആയിരിക്കാം. ലാൻഡ്സ്കേപ്പിെല കൽശിൽപങ്ങൾ, മിനുസപ്പെടുത്തിയതും അ ല്ലാത്തതുമായ സ്റ്റോൺ ഫ്ലോറിങ്, കരിങ്കല്ലിന്റെ സംരക്ഷണഭിത്തികൾ, വേലിക്കല്ലുകൊണ്ടുള്ള അതിര്.. അങ്ങനെ കല്ലിൽ കൊത്തിവച്ചൊരു കവിതയാണ് ‘സോളിറ്റ്യൂഡ്’. ബെംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന ‘സെറ സ്റ്റോൺ’ ആണ് അതിന്റെ റസ്റ്റിക് ഭാവത്തോടെ തറയിൽ പാകിയിരിക്കുന്നത്.
സ്വീകരണമുറിയും ഉൗണിടവും കൂടി യോജിക്കുന്ന ഒരു ഹാൾ ആണ് ഇന്റീരിയറിന്റെ ഹൃദയം. ഇവിടെ നിന്ന് പുറത്തെ സിറ്റ്ഒൗട്ടിലേക്ക് ഇറങ്ങുമ്പോൾ മാത്രമാണ് പുഴയുടെ മാസ്മരിക കാഴ്ച വിരുന്നുകാരനു മുന്നിൽ അനാവരണം ചെയ്യപ്പെടുക. പിൻവലിയാനാവാത്ത രീതിയിൽ പുഴയും ആകാശവും ഏത് സഹൃദയനെയും കോർത്തുനിർത്തുന്ന അനുഭൂതിയാണ് ഇവിടം സമ്മാനിക്കുന്നത്!
പെയിന്റിങ്ങുകളും ശില്പങ്ങളും സമ്പന്നമാക്കുന്ന ഇന്റീരിയറിന് പൊതുവേ റസ്റ്റിക് ഭംഗിയാണ്. രണ്ട് കിടപ്പുമുറികളും ‘എൽ’ ആകൃതിയിൽ പുഴയുടെ അതിമനോഹരമായ കാഴ്ചയെ സ്ഫുടം ചെയ്തെടുക്കുന്നു. പുറത്തേക്കു തള്ളിനിൽക്കുന്ന കിടപ്പുമുറികൾ, തൂണുകൾ ഇല്ലാത്ത രീതിയിൽ പണിത്, ചില്ലു ജാലകങ്ങളിലൂടെ പുഴയുടെ കാഴ്ച തടസ്സമില്ലാതെ നൽകുന്നു. ഗ്ലാസ്സിനപ്പുറം മുളയുടെ തട്ടികൾ സ്വകാര്യതയ്ക്ക് കുടപിടിക്കുന്നു.
പുഴയ്ക്കപ്പുറത്ത് വരാനിരുന്ന പാലത്തെക്കൂടി മുന്നിൽക്കണ്ടാണ് ആർക്കിടെക്ട് വീട് ഡിസൈൻ ചെയ്തത്. പുഴയോരത്തായി കുട ചൂടി നിൽക്കുന്ന വൻമരം നിഴൽ മാത്രമല്ല, വീടിനെ മറയ്ക്കുന്ന തിരശ്ശീല കൂടിയായി വർത്തിക്കുന്നു. ലിവിങ് ഹാളിന്റെ മറുഭാഗത്തുള്ള സ്വിമിങ് പൂളിനും ഡെക്കിനും സ്വകാര്യത പടർത്താനും ഇൗ മരത്തിനാവുന്നുണ്ട്. തിരിഞ്ഞുവരുന്ന പുഴയുടെ അപൂർവസുന്ദര ഭാവങ്ങൾ ഡെക്കിലിരുന്നാൽ ആസ്വദിക്കാനാവും.
നിർമാണത്തിലെ സൂക്ഷ്മതകൾ
ശാന്തഗംഭീരമായി ഒഴുകുന്ന പുഴ ശക്തമായ അടിയൊഴുക്കുകൾക്കു പേരുകേട്ടതാണ്. അതിനാൽ, പുറത്തുനിന്ന് കാണുന്ന സൗന്ദര്യത്തിനപ്പുറം ‘സോളിറ്റ്യൂഡി’ന് ബലവത്തായ അടിത്തറ ആർക്കിടെക്ട് ഒരുക്കിയിട്ടുണ്ട്. ഒരു കിലോമീറ്റർ അപ്പുറത്തുള്ള പ്രധാന റോഡിൽ നിന്ന് വാട്ടർ ലെവൽ കണക്കാക്കിയാണ് ഇന്റീരിയറിന്റെ തറ വിഭാവനം ചെയ്തത് എന്നത് ആർക്കിടെക്ടിന്റെ ദീർഘവീക്ഷണത്തെ എടുത്തുകാണിക്കുന്നു. 2018 ലെ മഹാപ്രളയത്തിൽ ലാൻഡ്സ്കേപ്പും ചുറ്റുപാടും മൂവാറ്റുപുഴയാറ് വെള്ളത്തിൽ മുക്കിയെങ്കിലും ഇന്റീരിയറിലേക്ക് കടക്കാതെ വെള്ളം ചിറപോലെ നിന്നു. ചുറ്റുപാടുമുള്ളവർ അവരുടെ പൈക്കളെ ഹാളിൽ കൊണ്ടുവന്നു കെട്ടി രക്ഷിച്ചപ്പോൾ കലാഹൃദയനായ മനോജ് പറഞ്ഞു, ‘‘ ഇതും ഒരു അനുഗ്രഹമാണ്.’’
അഞ്ചടിയോളം പൊക്കിയാണ് വീട് വച്ചത്. ഉയർന്നും താഴ്ന്നുമിരിക്കുന്ന ലാൻഡ്സ്കേപ് നാടകീയത പകരുന്നു. കരിങ്കല്ലു കൊണ്ടുള്ള രണ്ട് സംരക്ഷണ ഭിത്തികൾ വീടിന് ബലം ഉറപ്പുവരുത്തുന്നു. തള്ളിനിൽക്കുന്ന കിടപ്പുമുറികളുടെ താഴ്ഭാഗത്തും പുഴയെ കണ്ടിരിക്കാം. വേലിക്കല്ലുകൾ അതിരിടുമ്പോഴും മഴക്കാലത്ത് പുഴ അതിരു ഭേദിക്കും, ചുറ്റും നിറയും. കുറുമ്പ് കഴിയുമ്പോൾ വീണ്ടും പുഴ ശാന്തമായി ഒഴുകും...
എല്ലാ ഋതുഭേദങ്ങളുടെയും ആസ്വാദനമാണ് സോളിറ്റ്യൂഡിന്റെ മായക്കാഴ്ച. വീടിനെ തനിച്ചാക്കി വീട്ടുകാരൻ അനന്തമായ ശാന്തതയിൽ ലയിച്ചിട്ട് ഒരു വർഷം തികയുകയാണ്...
‘‘വനിത വീട് വളരെ ഇഷ്ടമായിരുന്നു. നിർമാണ സമയത്ത് ഒരുപാട് വായിക്കുമായിരുന്നു മനു,’’ ഭാര്യ രശ്മി ഒാർമകളിലേക്ക് ഉൗഴിയിട്ടു. സ്വർഗങ്ങളിലെവിടെയോ ഒരാത്മാവ് സന്തോഷപ്പൂക്കൾ വിതറുന്ന പോലെ തോന്നിച്ചു.