Saturday 05 September 2020 10:28 AM IST

മൂന്ന് സെന്റ്, 500 സക്വയര്‍ ഫീറ്റ്! ലുക്കും സൗകര്യങ്ങളും കണ്ടാല്‍ അങ്ങനെ തോന്നുകയേ ഇല്ല

Sunitha Nair

Sr. Subeditor, Vanitha veedu

1

ചെറുതെങ്കിലും സ്വന്തമായി ഒരു വീട് എന്ന സ്വപ്നം താലോലിക്കുന്നവർക്ക് ഇതാ ഒരു സന്തോഷ വാർത്ത! 500 ചതുരശ്രയടിയിലും എല്ലാ സൗകര്യങ്ങളോടും കൂടി വീടു പണിയാം. പാലക്കാട് കുളപ്പുള്ളിയിലെ രവീന്ദ്രനാഥിന്റെ  വീട് തന്നെ അതിനു തെളിവ്. മൂന്ന് സെന്റിലാണ് വീട് സ്ഥിതി ചെയ്യുന്നത്. ലിവിങ് - ഡൈനിങ് ഏരിയ, രണ്ട് ബെഡ്റൂം, കോമൺ ടോയ്ലറ്റ്, അടുക്കള എന്നിവയടങ്ങിയ വീടിനു ചെലവായത് 12 ലക്ഷം രൂപയാണ്. ചെറുതുരുത്തിയിലെ ബീപീസ് ഡിസൈൻസിലെ ബി.പി. സലിം ആണ് രവീന്ദ്രനാഥിന്റെയും കുടുംബത്തിന്റെയും സ്വപ്നം സാക്ഷാത്കരിച്ചു നൽകിയത്. ഇതിനു മുൻപ് 650 ചതുരശ്രയടിലുള്ള വീടും സലിം ഡിസൈൻ ചെയ്തിരുന്നു.

2

വീട്ടിലേക്കു പ്രവേശിക്കുന്നയിടത്ത് ചെറിയ ഇരിപ്പിടവും അതിനു താഴെ ഷൂറാക്കും നൽകി. WPC കൊണ്ടാണ് ജനലുകളും വാതിലുകളും നിർമിച്ചത്. ചിതൽ പിടിക്കില്ല, കാലാവസ്ഥാ വ്യതിയാനം മൂലം തടിയിൽ ഉണ്ടാകുന്നതു പോലെയുള്ള മാറ്റങ്ങൾ സംഭവിക്കുന്നില്ല എന്നിവയെല്ലാമാണ് ഇതിന്റെ ഗുണങ്ങൾ. അടുക്കളയിലെ കാബിനറ്റുകൾക്കും കിടപ്പുമുറികളിലെ വാഡ്രോബുകൾക്കും ഫെറോസിമന്റ് കൊണ്ടുള്ള തട്ടുകളും അലുമിനിയം ലാമിനേറ്റഡ് ഷട്ടറുകളുമാണ്. പ്ലൈവുഡ് കൊണ്ടാണ് കട്ടിലുകൾ പണിതത്. അടുക്കളയിൽ കൗണ്ടർ ടോപ്പിനു താഴെയും മുകളിലുമായി നിറയെ കാബിനറ്റുകൾ നൽകിയിട്ടുണ്ട്. ബിൽറ്റ് ഇൻ ഊണുമേശയാണ്. ഊണുമേശയെ അയണിങ് ടേബിളായും സ്റ്റഡി ടേബിളായും ഉപയോഗിക്കാനുള്ള സൗകര്യമുണ്ട്.

3

ചതുരശ്രയടിക്ക് 40 രൂപ വിലയുള്ള ടൈൽ കൊണ്ടാണ് ഫ്ലോറിങ്. ജൂട്ട് മെറ്റീരിയൽ കൊണ്ടാണ് സോഫ. മാച്ചിങ് കർട്ടനുകളും ബെഡ് ഷീറ്റും നൽകി. സാനിറ്ററി ഉൽപന്നങ്ങളെല്ലാം ഗുണമേന്മയുള്ളവയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കടപ്പാട്: ബീപീസ് ഡിസൈൻസ്, ഫോൺ: 9847155166

4