റോഡ് നിരപ്പിൽ നിന്ന് ആറ് മീറ്ററോളം ഉയരത്തിൽ കിടക്കുന്ന 50 സെന്റോളം വരുന്ന പ്ലോട്ടിൽ സാമ്പ്രദായിക രീതിയിലുള്ള വീട് അല്ല വീട്ടുകാർ ആവശ്യപ്പെട്ടത്. പ്രകൃതിയുടെ ഭാവങ്ങൾ ആസ്വദിക്കാൻ പാകത്തിൽ കോട്ടേജ് രീതിയിലുള്ള വീടായിരുന്നു അവരുടെ മനസ്സിൽ. പ്ലോട്ടിനു പിറകിലെ പാറയുള്ള കുന്നിൻചരിവ്, ടൂറിസ്റ്റ് കേന്ദ്രമായ ചെമ്പ്ര മലനിരകളുടെ കാഴ്ച, പ്ലോട്ടിനു മുൻവശത്തുള്ള വീട്ടി... ഇതു മൂന്നും പരിഗണിച്ചാണ് ഡിസൈൻ.
ബുദ്ധിമാൻ പാറമേൽ വീടുപണിയും
പാറയുള്ള സ്ഥലത്തു വീടു പണിയുമ്പോൾ ഒരായിരം കാര്യങ്ങൾ നോക്കണം. അതിനുവേണ്ടി ആർക്കിടെക്ട് ടീം ഇവിടെ ആറ് മാസത്തോളമാണ് പഠനം നടത്തിയത്. പാറയ്ക്കു പുറമേ, നല്ല മഴക്കാലത്ത് പ്ലോട്ടിന്റെ പിറകിൽ ഉത്ഭവിക്കുന്ന വെള്ളച്ചാട്ടവും ആർക്കിടെക്ട് ടീമിന് ആശങ്കകൾ ഉണ്ടാക്കി. ആ സമയത്ത് സൈറ്റിലൂടെ കല്ലുകൾ ഒലിച്ചുവരും. ഏത് വഴിയിലൂടെയാണ് വെള്ളം ഒലിച്ചു വരുന്നതെന്നു മനസ്സിലാക്കിയ ടീം, മണ്ണ് കുഴിച്ച് ഒരു കൃത്രിമ ഡ്രെയിനേജ് സംവിധാനം സൃഷ്ടിച്ചു. അങ്ങനെ മുളയും ചേർത്ത് മണ്ണിനെ ബലവത്താക്കി. പുറകിലായി ഒരു ‘ബഫർ സ്പേസ്’ സൃഷ്ടിച്ച് സംരക്ഷണഭിത്തി കെട്ടിപ്പൊക്കി. കല്ലുകൾ പതിക്കുകയാണെങ്കിൽ ഇൗ ‘ബഫർ സ്പേസ്’അതിനുപകാരപ്പെടും.
സ്പേസ് പ്ലാനിങ്
വീടിന്റെ ഏതു ഭാഗത്ത് നിന്നാലും ചെമ്പ്ര മലനിരകളുടെ കാഴ്ച കിട്ടണം എന്ന വീട്ടുകാരുടെ ആവശ്യപ്രകാരമാണ് ഇടങ്ങളുടെ പ്ലാനിങ്. ലിവിങ്, മാസ്റ്റർ ബെഡ്റൂം എന്നിവയ്ക്കപ്പുറം 1.6 മീറ്റർ വീതിയുള്ള ബാൽക്കണി മലനിരകളുടെ കാഴ്ച തരും. ഇൗ രണ്ട് ഏരിയകൾക്കും കൊടുത്തിരിക്കുന്ന ഗ്ലാസ് ഭിത്തിയിലൂടെ അകത്തുനിന്നും പ്രകൃതിഭംഗി ആസ്വദിക്കാം. ഭിത്തിയിൽ നിന്ന് വിട്ടുനിൽക്കുന്നതിനാൽ ഭിത്തിക്ക് ഷേഡിങ് നൽകുന്നുണ്ട് ഇൗ ബാൽക്കണി. കാന്റിലിവർ ചെയ്ത് പ്രകൃതിയെ അധികം ദോഷകരമായി ബാധിക്കാത്ത രീതിയിലാണ് ബാൽക്കണിയുടെ നിൽപ്.
വലതു വശത്തു നിന്നാണ് വീട്ടിനകത്തേക്കു കയറുന്നത്. ‘സി’ ആകൃതിയിൽ ഒരു കറുത്ത ബ്ലോക്ക് പോലെയാണിവിടം. അവിടെയുള്ള വലിയ വൃത്തത്തിലൂടെ നോക്കിയാൽ ചെമ്പ്ര പീക്കിന്റെ കാഴ്ച എല്ലാവർക്കും സ്വാഗതമോതും.
സാൻഡ്‌വിച്ച് പാനൽ ചെയ്ത മേൽക്കൂര വീടിന് വ്യത്യസ്തമായ മുഖഛായ നൽകുന്നു. ജാപ്പനീസ് ആർക്കിടെക്ചറിലെ ചില അനുകരണങ്ങൾ ഇതിൽ കാണാനാവും.
ഇന്റീരിയറിലെ വയനാടൻ കാഴ്ചകൾ
ലളിതമായ ഘടകങ്ങളിലൂടെ ഇന്റീരിയർ ആരുടെ മനസ്സിലും കുളിരു കോരും. ലിവിങ്ങും അടുക്കളയും തമ്മിൽ ഒരു പാലം വഴിയാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ഇതിലെ ഗ്ലാസ് ഭിത്തിയിലൂടെ കാണുന്ന കാഴ്ചയും വയനാടിന്റെ മനോഹാരിത ഒപ്പിയെടുക്കുന്ന തരത്തിലാണ്. ഗോവണിയുടെ ഗ്ലാസ് മേൽക്കൂര, പാറ നിറഞ്ഞ ഭൂപ്രകൃതിയിലേക്കു കണ്ണെത്തിക്കും.
സ്റ്റീൽ സ്ട്രക്ചറിലാണ് ഗോവണി. അതിന്റെ സെക്‌ഷനുകൾ താഴെ ലിവിങ് ഏരിയയിൽ പില്ലറുകളായി പരിണമിച്ചിട്ടുണ്ട്. ഫ്ലോട്ടിങ് രീതിയിലാണ് സ്റ്റെയർകെയ്സ്. വയനാട്ടിലെ പ്രകൃതി വിഭവങ്ങളെയും ഇന്റീരിയറിൽ നല്ല രീതിയിൽ ഉപയോഗിച്ചിട്ടുണ്ട്. സ്റ്റെയറിന്റെ ഗ്ലാസ് മേൽക്കൂരയ്ക്കു കീഴെയും ലിവിങ്ങിലെ സീലിങ്ങിലുമുള്ള കഴകൾ അത്തരത്തിലൊന്നാണ്. അതിനടിയിലൂടെ സൂര്യരശ്മികൾ ഒളിച്ചുകളി നടത്തും. ‘‘പ്രകാശം കണ്ടാൽ തന്നെ ഏതു സമയമാണെന്ന് തിരിച്ചറിയാനാവും’’ എന്നു പറയുന്നു ബോബിയും ധന്യയും.
അടുക്കളയുടെ ഭാഗമായാണ് ഡൈനിങ് ടേബിളും ഇട്ടിരിക്കുന്നത്. ഒരു മരത്തിന്റെ വേരു ഭാഗമാണ് ടേബിളിന്റെ അടിഭാഗം. അതിനു മുകളിൽ ഗ്ലാസ് ഇട്ട് ഡൈനിങ് ടേബിൾ ആക്കി. അരിയാനും മറ്റും സഹായിക്കുന്ന രീതിയിൽ അതിനോട് ചേർന്ന് തടിയുടെ ബോർഡും ഇരിപ്പിടങ്ങളുമൊക്കെയായി ഇൗ വീട്ടിലെ അടുക്കള വേറിട്ടു നിൽക്കുന്നു. പ്രാദേശിക കലാകാരന്മാർ ചെയ്ത മുളയുടെ അലങ്കാരങ്ങൾ ചുമരുകളിലും ലാംപ്ഷേഡുകളിലും മുന്തിനിൽക്കുന്നു.
നിറങ്ങൾ പറയുന്നത്
ഭിത്തിയുടെ ആകർഷകമായ മസ്റ്റർഡ് നിറത്തിനു പിറകിലുള്ളത് കൂട്ടായ്മയും ആവേശവും ചേരുന്നൊരു കഥയാണ്. ഭിത്തികൾക്ക് നിറം പകരുന്നത് മഡ് പ്ലാസ്റ്ററിങ് ആണ്. സൈറ്റിലെ മണ്ണ് തന്നെ പ്രത്യേക കൂട്ടിൽ ചെയ്തെടുത്താണ് പ്ലാസ്റ്ററിങ് തയാറാക്കിയിരിക്കുന്നത്. പ്രത്യേകമായി ഗവേഷണം ചെയ്തതിനുശേഷമാണ് ഇൗ കൂട്ട് ആർക്കിെടക്ട് ടീം തയാറാക്കിയത്. മാത്രമല്ല, കൈ കൊണ്ടാണ് പ്ലാസ്റ്ററിങ് ചെയ്തിരിക്കുന്നത്. അടുത്തുവന്നാൽ കൈകളുടെ ചലനവും പാടും തിരിച്ചറിയാം. ഏറ്റവും തനിമയോടെ, വയനാടൻ പ്രാദേശിക ഗോത്രരീതിയിലാണ് ഇൗ വർക് ചെയ്തെടുത്തത്. ആർക്കിടെക്ടിന്റെ ഭാഷയിൽ, ‘‘വലിയൊരു ആഘോഷമായിരുന്നു ഇതു ചെയ്തു തീർത്തപ്പോൾ.’’ കൂട്ടായ്മയുെട വിജയം കൂടിയാണ് ഇവിടെ അനുവർത്തിച്ച മഡ് പ്ലാസ്റ്ററിങ്. പ്രകൃതിയെ ഇഷ്ടപ്പെടുന്ന വീട്ടുകാർക്കു വേണ്ടി പ്രകൃതിഭംഗിയും കൂട്ടി തയ്ച്ചെടുത്ത രണ്ട് ബെഡ്റൂം വീടാണിത്. മണ്ണിൽ നിന്നു തന്നെ സ്ഫുടം ചെയ്തെടുത്ത, പ്രകൃതിയും ഡിസൈനും ചേരുന്ന നേർസാക്ഷ്യമാണ് ‘ഉരുൾ’ എന്ന ഇൗ വീട്.
ചിത്രങ്ങൾ: പ്രശാന്ത് മോഹൻ, അൽതാഫ് റഷീദ്
Area: 1600 sqft Owner: ബോബി രഞ്ജിത് & ധന്യ എൻ. വി. Location: ചുണ്ടേൽ, വയനാട്
Design: റോഷിത് ഷിബു , പ്രിൻസിപ്പൽ ആർക്കിടെക്ട് Studio Terratects, കൊച്ചി Email: studioterratects@gmail.com