Tuesday 04 February 2020 06:35 PM IST

വവ്വാലിനെ പോലെ തലതിരിഞ്ഞ ചെടികൾ, തൂങ്ങിക്കിടക്കുന്ന അക്വേറിയം; പൂന്തോട്ടങ്ങൾ പോയ പോക്കേ

Sreedevi

Sr. Subeditor, Vanitha veedu

garden

മുറ്റത്ത് ചെമ്പരത്തിയും റോസും നട്ടുപിടിപ്പിക്കുന്നതു മാത്രമല്ല പൂന്തോട്ടം. തലതിരിഞ്ഞ ചെടികളും തല തിരിഞ്ഞ കൃഷിയുമൊക്കെയാണ് ഇപ്പോഴത്തെ ട്രെൻഡ്. പൂന്തോട്ടത്തിലെ പുതുമ തന്നെയാണ് ലക്ഷ്യം.

1. Upside down Garden

ചെടി തലകീഴായി തൂക്കിയിടുന്ന‘അപ്സൈഡ് ഡൗൺ ഗാർഡൻ’ പൂന്തോട്ടത്തിലെ താരമാണ്.. വെള്ളവും പോഷകവും ആഴ്ചകളോളം സൂക്ഷിച്ചുവയ്ക്കാൻ കഴിയുന്ന പോട്ടുകളാണ് ഇത്തരം ഗാർഡന്റെ ജീവൻ. ഒന്നിൽകൂടുതൽ തണ്ടുകളായി വളരുന്ന (sympodial) ഏതു ചെടിയും ഇങ്ങനെ വളർത്താം. ഒറ്റത്തണ്ടായ ചെടികൾ കൂടുതൽ വളരുമ്പോൾ മുകളിലേക്കു വളയാം. കോർട്‌യാർഡിലേക്കും ബാൽക്കണിയിലേക്കും പാഷ്യോയിലേക്കും ഇത് അനുയോജ്യമാണ്.

garden

2. Sitout Garden

സിറ്റ്ഔട്ടിലെ ഇത്തിരി സ്ഥലത്തും പൂന്തോട്ടം ക്രമീകരിക്കാം. പടികളിലും ഇരിപ്പിടത്തോടു ചേർന്ന സ്ഥലത്തും സ്റ്റാൻഡ് സ്ഥാപിച്ച് അതിൽ ചട്ടി വയ്ക്കാം. വെയിലിന്റെ ലഭ്യത നോക്കി വേണം ചെടികൾ തിരഞ്ഞെടുക്കാൻ. വെയിൽ കിട്ടുമെങ്കിൽ പൂക്കളുണ്ടാകുന്ന ചെടികൾ തിരഞ്ഞെടുക്കാം. ഇലച്ചെടികളാണെങ്കിൽ നിറവ്യത്യാസമുള്ള ഇലകളുള്ള ചെടികൾ തിരഞ്ഞെടുക്കുക. ടെറാക്കോട്ട, ബ്ലൂ പോട്ടറി, സെറാമിക്... എന്നിങ്ങനെ ചട്ടിയിൽ ഒരേ പാറ്റേൺ പിന്തുടരുന്നതും ഭംഗിയായിരിക്കും.

garden-3

3. Balcony Garden

ബാൽക്കണിയുടെയും പാഷ്യോയുടെയും വലുപ്പമനുസരിച്ച് നിലത്തും ഭിത്തിയിലും തൂക്കിയിട്ടുമൊക്കെ ചെടികൾ ക്രമീകരിക്കാം. കോഫിടേബിളിനു മുകളിൽ കാക്റ്റസും സക്കുലന്റുമെല്ലാം ക്രമീകരിക്കാം. പല ഉയരമുള്ള, അല്ലെങ്കിൽ പല ഉയരത്തിൽ ചെടികൾ ക്രമീകരിച്ചാൽ കൂടുതൽ ചെടികളുള്ളതായി അനുഭവപ്പെടും. ഹാങ്ങിങ് പോട്ടുകൾ ബാൽക്കണിക്ക് ഇണങ്ങും. പരിപാലന സമയം കുറവുള്ളവർ ചെറിയ പ്രതിമകളും ശിൽപങ്ങളും കൂടുതൽ ചേർത്ത് ചെടികൾ കുറയ്ക്കുക.

4. Aquarium Garden

മീനുകളെ വളർത്താൻ ഇഷ്ടമുള്ളവർക്ക് ചെടികൾക്കിടയിൽ മിനി അക്വേറിയംകൂടി സ്ഥാപിക്കാം. നിലത്തോ ഭിത്തിയിലോ തൂക്കിയിട്ടോ അക്വേറിയം സ്ഥാപിക്കാം എന്നതാണ് പുതിയ വാർത്ത. ചെടികളോട് താൽപര്യമില്ലെങ്കിൽ പലതരം മിനിയേച്ചർ അക്വേറിയങ്ങൾ മാത്രവുമാകാം. മീനിന്റെ നിറവും അക്വേറിയത്തിലിടുന്ന കല്ലിന്റെ നിറവുമെല്ലാം നിറപ്പകിട്ടേകാൻ സഹായിക്കും. വെള്ള പെബിൾസ് മാത്രമിട്ട് നിറമുള്ള മീനിനെ ഇടുന്നതും ഭംഗിയാണ്.

garden-4

5. Hanging Terrarium

പരിചരണം ഏറ്റവും കുറവുമതി ടെററിയത്തിന്. വായുവിൽനിന്ന് പോഷകങ്ങൾ സ്വീകരിച്ച് ജീവിക്കുന്ന എയർപ്ലാന്റെസ് ആണ് ഇതിൽ ഉപയോഗിക്കുന്നത് എന്നതാണു കാരണം. തൂക്കിയിടാവുന്ന ടെററിയങ്ങൾ കൊണ്ടുമാത്രം അകത്തളത്തിൽ ഒരിടം അലങ്കരിക്കാം. സെറാമിക്, കയർ,സ്റ്റോൺ ഹാങ്ങിങ്ങുകൾ ഇതിനു കൂട്ടായി ചേർക്കാം. ഭംഗിയുള്ള കുപ്പിയോ ഗ്ലാസ് പാത്രങ്ങളോ ഉണ്ടെങ്കിൽ അതിൽ ടെററിയം നിർമിക്കുകയുമാകാം.

garden-1

കടപ്പാട്:

ക്രിസ് ബോട്ടിൽ ക്രാഫ്ടേഴ്സ് ഇന്റീരിയർ ഗാർഡൻ,

വാളകം, മൂവാറ്റുപുഴ

chrisbottlecrafters@gmail.com