Saturday 17 April 2021 12:27 PM IST : By സ്വന്തം ലേഖകൻ

പൊടിശല്യമുള്ള വീടാണോ നിങ്ങളുടേത്?: എങ്കിൽ ദേ ഇങ്ങനെ വീടുവയ്ക്കണം, റോഡരികത്തെ ശാന്തമായ വീട്

alley 1

തിരക്കേറിയ തൃശൂർ കുട്ടനെല്ലൂർ ബൈപാസിന് അരികിലുള്ള 14 സെന്റിലാണ് വീടു വയ്ക്കേണ്ടിയിരുന്നത്. വാഹനത്തിരക്കും റോഡുപണി നടക്കുന്നതിനാലുള്ള പൊടിശല്യവുമായിരുന്നു പ്രധാന വെല്ലുവിളി. തിരക്കിൽ നിന്ന് മാറി, പരമാവധി സ്വകാര്യത ലഭിക്കുന്ന രീതിയിലാകണം വീട് എന്നായിരുന്നു വീട്ടുകാരുടെ ആഗ്രഹം. ഇവിടെയിങ്ങനെയൊരു വീടുണ്ട് എന്ന് എടുത്തറിയിക്കുന്ന യാതൊന്നും വേണ്ട എന്നാണ് വീട്ടുകാർ ആവശ്യപ്പെട്ടത്. പരസ്പരം ബന്ധമുള്ള (Interconnected) രീതിയിലാകണം മുറികളുടെ വിന്യാസമെന്നതായിരുന്നു ഇന്റീരിയർ സംബന്ധിച്ച മുഖ്യ നിർദേശം. വീടിനുള്ളിൽ ആവശ്യത്തിന് കാറ്റും വെളിച്ചവും എത്തണമെന്ന കാര്യത്തിലും നിർബന്ധമുണ്ടായിരുന്നു.

alley 3

റോഡിന് വീതികൂട്ടുമ്പോൾ മൂന്ന് സെന്റ് നഷ്ടപ്പെടും എന്നത് മുൻകൂട്ടിക്കണ്ടാണ് വീടിനു സ്ഥാനം കണ്ടത്. വഴിയിൽ നിന്ന് ആറ് മീറ്റർ ഒഴിച്ചിട്ടു. മൂന്ന് മീറ്റ‍ർ വീതിയിൽ സ്ഥലം നഷ്ടപ്പെട്ടാലും ആവശ്യത്തിനു മുറ്റം കിട്ടാൻ ഇതു സഹായിക്കും.നിശബ്ദമായി സാന്നിധ്യമറിയിക്കുന്ന രീതിയിലാണ് വീടിന്റെ രൂപഘടന. പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റുന്ന ഒന്നും എലിവേഷനിൽ ഉൾപ്പെടുത്തിയില്ല. രൂക്ഷമായ പൊടിശല്യം കാരണം പുറംചുമരിൽ പെയിന്റ് ഒഴിവാക്കി. പകരം ബെയ്ജ് നിറത്തിലുള്ള സാൻഡ് സ്റ്റോൺ ആണ് പുറംചുമരിൽ മുഴുവൻ പതിപ്പിച്ചിട്ടുള്ളത്. ഇതിൽ പൊടിപിടിച്ചാലും കഴുകി വൃത്തിയാക്കാം.

alley 5

റോഡിലെ തിരക്കും പൊടിയും കാരണം വീടിന്റെ മുൻഭാഗത്ത് ഒരു ജനാല പോലും നൽകിയില്ല! എന്നുകരുതി വീടിനുള്ളിൽ വെളിച്ചത്തിനോ വായുസഞ്ചാരത്തിനോ ഒട്ടും കുറവില്ല. പിൻഭാഗത്ത് പരമാവധി ജനാലകൾ വരുംവിധമാണ് വീടിന്റെ ഡിസൈൻ. വീതി കുറഞ്ഞ് നീളം കൂടിയ രീതിയിലാണ് പ്ലോട്ട്. അതിനാൽ ഇരുവശങ്ങളിലും അധികം ഓപനിങ്ങുകൾ നൽകുന്നത് പ്രായോഗികമായിരുന്നില്ല. എങ്കിലും ക്രോസ് വെന്റിലേഷൻ ഉറപ്പാക്കും വിധം ചെറിയ വെന്റിലേഷനുകൾ ഈ ഭാഗത്ത് നൽകി.

alley 2

സ്വീകരണമുറിക്കും സ്റ്റെയർഏരിയയ്ക്കും അടുത്തുള്ള കോർട്‌‌യാർഡ് കൂടി വരുന്നതോടെ വീടിനുള്ളിൽ വെളിച്ചത്തിന്റെ കുറവ് പൂർണമായി പരിഹരിക്കപ്പെടുന്നു. മുകളിൽ പർഗോള വരുന്ന രീതിയിലാണ് കോർട്‌യാർഡിന്റെ ഡിസൈൻ. പുറംചുമരിന്റെ നടുവിലായി വലിയ ഗ്ലാസ് പാളി പിടിപ്പിച്ചതിനാൽ അതുവഴിയും വെളിച്ചമെത്തും. കറുപ്പുനിറത്തിലുള്ള സ്ലേറ്റ് സ്റ്റോൺ പാളികൾ വിരിച്ച കോർട്‌യാർഡിന്റെ മൂന്നു ചുറ്റും ചെടികൾ പിടിപ്പിച്ചിട്ടുണ്ട്. പൂക്കളുടെ ഭംഗിയാസ്വദിച്ച് ഇവിടെയുള്ള സ്റ്റോൺ ബെഞ്ചിലിരിക്കാം.

alley 4

എന്തെങ്കിലും ആവശ്യമുണ്ടായാൽ അറിയാൻ പാകത്തിന് പരസ്പരം ബന്ധപ്പെടുത്തിയാണ് താഴത്തെ നിലയിലെ രണ്ട് പേരന്റ്സ് ബെഡ്റൂമുകളും നിർമിച്ചിരിക്കുന്നത്. മുകൾനിലയിലുള്ള മാസ്റ്റർ ബെഡ്റൂമും മകളുടെ കിടപ്പുമുറിയും ഇത്തരത്തിൽ തന്നെയാണ്. ആകെ അഞ്ച് കിടപ്പുമുറികളാണ് ഇവിടെയുള്ളത്.മേൽക്കൂരയിൽ സ്ഥാപിച്ചിട്ടുള്ള നാല് കിലോവാട്ട് േശഷിയുള്ള സൗരോർജ പാനലിൽ നിന്നാണ് വീട്ടിലേക്കാവശ്യമായ മുഴുവൻ വൈദ്യുതിയും ലഭിക്കുന്നത്. ഊർജത്തിന്റെ കാര്യത്തിൽ സ്വയംപര്യാപ്തമാണ് ഈ വീട്.

alley 6

ഡിസൈൻ:  അല്ലി ലത്തീഫ്

സ്പേസ്മേക്കർ

കൊച്ചി

allylatheef@gmail.com

Tags:
  • Vanitha Veedu