പ്രകൃതിയുമായി ചേർന്നു ജീവിക്കാനാണ് ആറ്റിങ്ങൽ സ്വദേശി വിനോദിന് ഇഷ്ടം. ലാറി ബേക്കറിന്റെ ആരാധകനായതിനാൽ ആറ്റിങ്ങൽ അവനവഞ്ചേരിയിൽ തറവാടിനോടു ചേർന്ന് വീടുണ്ടാക്കാൻ കോസ്റ്റ്ഫോർഡിനെയാണ് വിനോദ് ഏൽപിച്ചത്. കോസ്റ്റ്ഫോർഡ് ചീഫ് ആർക്കിടെക്ട് പി.ബി. സാജന്റെ മേൽനോട്ടത്തിൽ വീടുവച്ചത്. ഓപൻ രീതിയിലുള്ള പ്ലാനിൽ 1650 ചതുരശ്രയടിയിലാണ് കൗമൂദി എന്ന വീട്. അടുക്കളയിലോ ലിവിങ് റൂമിലോ നിന്നാൽ വീടിന്റെ മുക്കും മൂലയും കാണാം. സ്വകാര്യത ബെഡ്റൂമിലും ബാത്റൂമിലും മാത്രം ഒതുക്കി. പുറത്തുനിന്നും തുറന്ന് ഉപയോഗിക്കാവുന്ന ബാത്റൂം വേണമെന്നത് വീട്ടുകാരുടെ ആവശ്യമായിരുന്നു. സ്റ്റഡിറൂമിനു സമീപം ഭാവിയിൽ ഒരു ബെഡ്റൂം നിർമിക്കാനുള്ള സൗകര്യം ചെയ്തിട്ടുണ്ട്. മാത്രമല്ല, മൂന്ന് നിലയുള്ളതിനാൽ ഗോവണി കയറുമ്പോൾ ആയാസം കുറവുമാണ്.

സാധാരണ ഇഷ്ടിക ഉപയോഗിച്ച് റാറ്റ് ട്രാപ് രീതിയിലാണ് ഭിത്തി കെട്ടിയത്. പ്ലമിങ് സുഗമമാക്കാൻ ബാത്റൂമിന്റെ ഭിത്തികൾ മാത്രം പതിവു രീതിയിൽ കെട്ടി. ഭിത്തി കെട്ടാൻ മണലും പാറപ്പൊടിയും ഇടകലർത്തി ഉപയോഗിച്ചു. സിറ്റ്ഔട്ടിലും വീടിന്റെ മൂലകളിലും കരിങ്കല്ല് കൊണ്ടു കെട്ടി. കാർ പോർച്ചിന്റെ തൂണും കല്ലുകൊണ്ടാണ്. ഫില്ലർ സ്ലാബ് രീതിയിൽ പഴയ ഓടുവച്ചാണ് വീടു വാർത്തത്. വീടിനുള്ളിൽ ചൂട് കുറയുമെന്നതും വാർക്കലിന്റെ ചെലവു ചുരുക്കാമെന്നതുമാണ് ഫില്ലർ സ്ലാബിന്റെ ഗുണം.

പകുതിയിലധികം തടി പുതിയതു വാങ്ങി. പ്ലാവ്, ആഞ്ഞിലി, അക്കേഷ്യ, മഹാഗണി എന്നീ തടികൾ ഉപയോഗിച്ചു. വളരെ കുറച്ചു സ്ഥലത്തുമാത്രമാണ് തേക്ക്. ബുക്ക് ഷെൽഫുകളും കിടപ്പുമുറികളിലെ അലമാരയും ഡൈനിങ് ടേബിളും നിർമിക്കാൻ തിരഞ്ഞെടുത്തത് പഴയ തടിയാണ്. ലിവിങ്ങിന്റെ പ്രധാന ആകർഷണമായ ഗോവണി അക്കേഷ്യകൊണ്ടുള്ളതാണ്. വാതിൽ മുൻവശത്തേതു മാത്രം പ്ലാവും ബാക്കിയുള്ളവ അക്കേഷ്യയുമാണ്. മുൻവശത്തെ വാതിലിന് പഴയ തടികൊണ്ടുള്ള ബോർഡർ വച്ചിട്ടുണ്ട്. തടിമില്ലിൽ ഉപയോഗിക്കാതെക്കിടന്ന ഒരു കഷണം മുറിച്ചാണ് നെയിംബോർഡ് ഉണ്ടാക്കിയത്. അങ്ങനെ ഉപയോഗശൂന്യമെന്നു കരുതുന്ന പലതും ഇവിടെ ഉപയോഗിച്ചിട്ടുണ്ട്.

എണ്ണത്തിൽ കുറവാണെന്ന കാരണത്താൽ കടയിൽ മാറ്റിവച്ച ടൈലാണ് ഫ്ലോറിങ്ങിന് ഉപയോഗിച്ചത്. അവ പകുതി വിലയ്ക്കു കിട്ടി. സിറ്റ്ഔട്ടിലും അടുക്കള സ്‌ലാബിനും ഗ്രാനൈറ്റാണ്. ട്രെൻഡ് പരിഗണിക്കാതെ, ഗുണമേന്മ മാത്രം നോക്കിയാണ് സാനിറ്ററി, പ്ലമിങ്, ഇലക്ട്രിക്കൽ ഉൽപന്നങ്ങൾ തിരഞ്ഞെടുത്തത്. ആന്റിക് ശൈലിയിലുള്ള ഫാൻസി ലൈറ്റുകൾ ഉപയോഗിച്ചു. ഭാവിയിൽ സൗരോർജപ്ലാന്റ് സ്ഥാപിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

മൂത്ത തെങ്ങിൻതടിയുടെ പുറംതൊലി ചെത്തിമാറ്റി ട്രീറ്റ് ചെയ്താണ് സിറ്റ്ഔട്ടിലും ബാൽക്കണിയിലും തൂണുകളാക്കിയത്. ആക്രിക്കടയിൽനിന്നു വാങ്ങിയ പഴയ ഗ്രൈൻഡറിന്റെ കല്ലിൽ അത് ഉറപ്പിച്ചു. ഇത്തരം കല്ലുകൾ വീടിന്റെ പലയിടത്തും അലങ്കാരത്തിന് ഉപയോഗിച്ചിട്ടുണ്ട്. ഗ്രൈൻഡർ കല്ലുകൾ ഒരു വശം മുറിച്ചുകളഞ്ഞ്, ഒന്നിനു മുകളിൽ ഒന്നായി അടുക്കി നിർമിച്ച തൂൺ ബാൽക്കണിയിലെ പ്രധാന അലങ്കാരമാണ്. വലിയ ജനാലകൾ നിർമിച്ചതിനാൽ കാറ്റിനും വെളിച്ചത്തിനും യാതൊരു കുറവുമില്ല. വെളിച്ചത്തിന്റെ ശത്രുവായതിനാൽ വീട്ടിൽ കർട്ടന് സ്ഥാനം കൊടുത്തിട്ടുമില്ല.

വേലിക്കല്ല് ഉണ്ടാക്കുന്ന സ്ഥലത്തുനിന്ന് വാങ്ങിയ ഉപയോഗശൂന്യമായ (നിർമാണത്തിനിടയിൽ മുറിഞ്ഞവ) കല്ലാണ് മതിൽ നിർമാണത്തിന് ഉപയോഗിച്ചത്. ആന്റിക് കരകൗശല വസ്തുക്കളോടുള്ള താൽപര്യം മൂലം കാൽപെട്ടി, ആമാടപ്പെട്ടി, പറ, ഭരണികൾ, ഗ്രാമഫോൺ, പത്തായം, വാൽവ് റേഡിയോ, റാന്തലുകൾ, പഴയ ഫോൺ, കോളാമ്പിപാത്രം, തിരികല്ല്, ഹാർമോണിയം, തബല, വിളക്കുകൾ, കലാവസ്തുക്കൾ എന്നിവയെല്ലാം വീടിന്റെ ഓരോ ഭാഗത്തായി സ്ഥാനം പിടിച്ചിരിക്കുന്നു. നിർമാണസമയത്ത് വീടിനു ചുറ്റുമുള്ള മരങ്ങൾ വെട്ടിയില്ല. പഴച്ചെടികളും തണൽമരങ്ങളുമെല്ലാം പുതിയതായി നട്ടു പിടിച്ചു.