ഒറ്റനില വീട്ടിലെ രണ്ട് കിടപ്പുമുറികൾ പോരാതെ വന്നതുകൊണ്ടാണ് ഗൃഹനാഥനും റിട്ടയേർഡ് സീനിയർ ബാങ്ക് മാനേജരുമായ ബാബു രണ്ടു മുറികൾ കൂടി മുകളിൽ ചേർക്കാൻ ആഗ്രഹിച്ചത്. കുന്നംകുളം പാറേമ്പാടത്താണ് 25 വർഷത്തോളം പഴക്കമുള്ള വീട്. അഞ്ചു കിലോമീറ്റർ അപ്പുറത്ത് ചാലിശ്ശേരിയിലുള്ള എൻജിനീയർ വിവേകിനോട് ആവശ്യപ്പെട്ടതും ഇത്ര മാത്രം. പക്ഷേ, വിവേകിൻ്റെ മനസ്സിൽ വിരിഞ്ഞത് കൻ്റെംപ്രറി ശൈലിയിലുള്ള എക്സ്റ്റീരിയർ ആണ്. ഏച്ചുകെട്ടലുകളായി തോന്നരുത് എന്നായിരുന്നു ബാബുവും കുടുംബവും ആഗ്രഹിച്ചത്. പക്ഷേ, ഇന്ന് പരിചയക്കാർക്കെല്ലാം ഇത് ഗംഭീര മേക്ഓവർ ആയി.

'പുതിയ ' വീട് കണ്ടിട്ട് മനസ്സിലാവുന്നേയില്ലയെന്നാണ് പലരുടെയും കമൻ്റ്. അധികം പൊളിച്ചുപണികളില്ലാതെ ഏകദേശം 20 ലക്ഷം രൂപയിലാണ് പണികൾ തീർത്തത്. ചരിഞ്ഞ സൺഷേഡുകൾ ഫ്ളാറ്റ് ആയതോടെ വീട് സമകാലിക ശൈലിയിലേക്ക് പിച്ചവയ്ക്കാൻ തുടങ്ങി. മുകളിലെ മുറികളും ഹാളും ഫ്ളാറ്റ് ആയി വാർത്തതോടെ വീടിൻ്റെ തലമുറമാറ്റം ശ്രദ്ധേയമായി. മുകളിലെ ടെറസിൽ സ്റ്റീൽ കൊണ്ടുള്ള പർഗോളകൾ സ്ഥാനം പിടിച്ചതോടെ കാൽ നൂറ്റാണ്ട് പഴമയുടെ ചിത്രമേ ഇല്ലാതായി.

ഇടതു വശത്ത് ഒരു ഷോവോൾ നീട്ടിയെടുത്ത് ക്ലാഡിങ് ടൈൽ ഒട്ടിച്ചു. മതിലും ഗെയ്റ്റും ന്യൂ ജെൻ രീതിയിലേക്ക് മാറ്റി. അകത്തും ചെറിയ പരിഷ്കാരങ്ങൾ വരുത്തി. "ആറ് അടി പൊക്കമുള്ള മക്കൾക്ക് തല മുട്ടാത്ത രീതിയിൽ ആർച്ച് ബീ മിനെ സ്ക്വയർ ആക്കി, '' എന്നു തമാശ പറയുന്നു ബാബു. അടയ്ക്കാ മരങ്ങളും തെങ്ങും അതിരിടുന്ന പാറേമ്പാടത്തിൻ്റെ ആകാശക്കാഴ്ചയിലേക്ക് ബാബുവിൻ്റെ വീടും ഉയർന്നു നിൽക്കുന്നു.
ഡിസൈനർ: വിവേക് പി. എസ്. എഞ്ചിനീയർ, വിഷ്വൽ ലൈൻസ്, ചാലിശ്ശേരി ഫോൺ: 97448 64563