Saturday 16 January 2021 04:58 PM IST

ഇനി അടുക്കും ചിട്ടയിലുമാവട്ടെ കാര്യങ്ങൾ, മനം നിറച്ച് ‘സ്മാർട്ട് വാഡ്രോബ്’, എവിടെ നൽകണം എങ്ങനെ ക്രമീകരിക്കണം! അറിയേണ്ടതല്ലാം

Sunitha Nair

Sr. Subeditor, Vanitha veedu

sunitha w

രാവിലെ ഓഫിസിലേക്കിറങ്ങുമ്പോൾ ഉടുപ്പ് തപ്പിയായിരിക്കും മിക്കവരുടെയും സമയം പോവുക. ചുരിദാറിന്റെ ടോപ്പും ബോട്ടവും ഷോളും പലയിടത്തായിരിക്കും. അടുക്കും വൃത്തിയുമുള്ള വാഡ്രോബ് ജീവിതം തന്നെ മാറ്റിമറിക്കും. ഇതാ, അതിനായി ചില പൊടിക്കൈകൾ...ഉടുപ്പ്, അടിയുടുപ്പ്, ചെരിപ്പ് എന്നു വേണ്ട ബാഗ് മുതൽ കമ്മൽ വരെ ന്യൂജെൻ വാഡ്രോബിൽ ഇരിപ്പിടം നേടിക്കഴിഞ്ഞു. ബെഡ്റൂമിനും ടോയ്‍‌ലറ്റിനും ഇടയിൽ ഡ്രസിങ് ഏരിയ നൽകി അവിടെ വാഡ്രോബുകൾ കൊടുക്കുന്നതാണ് നല്ലത്. കാരണം, തുണികൾ വലിച്ചുവാരി കട്ടിലിൽ ഇടാതിരിക്കാനും അധികം വലുപ്പമില്ലാത്ത കിടപ്പുമുറികളിൽ സ്ഥലം ലാഭിക്കാനും ഇതുപകരിക്കും. ഡ്രസിങ് ഏരിയയ്ക്ക് സ്ലൈഡിങ് ഡോറുകൾ കൊടുക്കുന്നതാണ് നല്ലത്.വലിയ തട്ടുകൾ നൽകുന്നതിനു പകരം ചെറിയ ഡ്രോയറുകളാണ് സൗകര്യപ്രദം. വലുപ്പവും ആഴവും ഉള്ള തട്ടുകൾ ഉപയോഗിക്കുമ്പോൾ വസ്ത്രങ്ങൾ പിന്നിലേക്കു മറിഞ്ഞ് കണ്ണിൽ പെടാതെ കിടന്നു പോകാം. ഒരു ഹാങ്ങറിന്റെ അളവിൽ മാത്രം വീതിയുണ്ടായാൽ മതി തട്ടുകൾക്ക്. ഉപയോഗിക്കുന്നവരുടെ ജീവിതരീതിയനുസരിച്ച് ഇതിൽ മാറ്റങ്ങളാകാം.

വാഡ്രോബിൽ സാരി, പാന്റ്സ്, ടൈ, ടവൽ എന്നിവയൊക്കെ സൂക്ഷിക്കാൻ പ്രത്യേകം ഫിറ്റിങ്സുകള്‍ ലഭ്യമാണ്. അതുകൊണ്ട്  അടുക്കിവച്ചിരിക്കുന്ന വസ്ത്രങ്ങളിലൊന്ന് വലിച്ചെടുക്കുമ്പോൾ അവയെല്ലാം കൂടി ചീട്ടുകൊട്ടാരം പോലെ തകിടംമറിയുന്ന അവസ്ഥയോടു ഗുഡ് ബൈ പറയാം. സാരി/ ഷർട്ട് ഹോൾഡർ പുറത്തേക്കു വലിച്ചെടുത്ത് ആവശ്യമുള്ള വസ്ത്രം മാത്രം എടുക്കാം. ചെരിപ്പ് കൈകൊണ്ട് എടുക്കുകപോലും വേണ്ട. കാലുകൊണ്ട് തട്ടിയാൽ ചെരിപ്പ് സൂക്ഷിച്ചിരിക്കുന്ന വലിപ്പുകൾ തുറന്നുവരും.സൗന്ദര്യവർധക വസ്തുക്കളും ആഭരണങ്ങളും സൂക്ഷിക്കാൻ ചെറിയ ചെറിയ അറകളുള്ള ഡ്രോയർ പണിയിക്കാം. ഓരോരോ വിഭാഗങ്ങളായി ഓരോ അറകളിൽ ക്രമീകരിച്ചാൽ കണ്ടുപിടിക്കാൻ എളുപ്പം കിട്ടും.

sunitha w 1

മുഷിഞ്ഞ വസ്ത്രങ്ങൾക്കായി വാഡ്രോബിന്റെ താഴത്തെ തട്ട് നീക്കിവയ്ക്കാം. ഒരിക്കൽ ഉപയോഗിച്ചതിനു ശേഷം വീണ്ടും ഉപയോഗിക്കാനുള്ള വസ്ത്രങ്ങൾ തൂക്കിയിടാനുള്ള സൗകര്യവും ഇവിടെ നൽകാം. ഈ ഷട്ടറുകൾക്ക് ലൂവർഡിസൈൻ നൽകിയാൽ വായുസഞ്ചാരം ലഭിക്കുന്നതുകൊണ്ട് ദുർഗന്ധം ഉണ്ടാവുകയില്ല. മുഷിഞ്ഞ തുണികൾ സൂക്ഷിക്കാൻ ചക്രമുള്ള വലിച്ചുകൊണ്ടു പോകാൻ സാധിക്കുന്ന സ്റ്റീൽ, പ്ലാസ്റ്റിക് ബാസ്കറ്റുകൾ നൽകിയാൽ വാഷിങ്മെഷീന്റെ അടുത്തേക്ക് അവ വാരിക്കൊണ്ടുപോകുന്നത് ഒഴിവാക്കാം.ചെരിപ്പുകൾ സൂക്ഷിക്കുന്ന ഡ്രോയറിന്റെ ഷട്ടറിനും ലൂവർ ഡിസൈനോ സുഷിരങ്ങളുള്ള ഡിസൈനോ നൽകാം.ഉപയോഗിക്കുന്ന ആളുകളുടെ രീതിക്കനുസരിച്ചുവേണം വാഡ്രോബിന്റെ ഡിസൈൻ. ചിലർ ദിവസവും തേച്ചു മടക്കി വയ്ക്കുന്നവരാകാം, ചിലർ ആഴ്ചയിലൊരിക്കൽ തേച്ചു മടക്കി വയ്ക്കുന്നവരാകാം. അതുപോലെ ഏതു തരം വസ്ത്രം ഇഷ്ടപ്പെടുന്നവരാണെന്നതും സൗന്ദര്യവർധകവസ്തുക്കളുടെയും ആഭരണങ്ങളുടെയുമെല്ലാം ഉപയോഗ രീതി വാഡ്രോബ് ഡിസൈനെ സ്വാധീനിക്കേണ്ടതാണ്.കബോർഡുകൾ അടുക്കിവയ്ക്കുന്നതും ഒരു കലയാണ്. വസ്ത്രങ്ങൾ അടുക്കുമ്പോൾ ഭാര്യയുടെ, ഭർത്താവിന്റെ, കുട്ടികളുടെ... എന്നിങ്ങനെ തരംതിരിച്ച് വയ്ക്കുക. കാഷ്വൽവെയറിനും  പാർട്ടിവെയറിനും പ്രത്യേകം സ്ഥാനം നൽകുക.

കണ്ടെടുക്കാൻ വിഷമമുള്ളവയാണ് ടൈ, സോക്സ്, സ്റ്റോളുകൾ എന്നിവ. സ്റ്റോളുകളും ടൈയും വാഡ്രോബിലെ റോഡിൽ ക്ലിപ് ചെയ്തിടാം. സോക്സുകൾ ഒന്നിനുള്ളിൽ ഒന്ന് തിരുകി വച്ചാൽ ജോടി മാറിപ്പോകില്ല.കുട്ടികളുടെ വസ്ത്രങ്ങൾ രണ്ടാഴ്ച കൂടുമ്പോൾ സ്ഥാനം മാറ്റി അടുക്കണം. പെട്ടെന്നു കണ്ണിൽപെടുന്ന ഒന്നോ രണ്ടോ ഉടുപ്പുകൾ വലിച്ചെടുത്ത് വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് കുട്ടികളുടെ ശീലമാണ്. കുട്ടികളുടെ വാഡ്രോബിന്റെ ഒരു ഭാഗം കളിപ്പാട്ടങ്ങൾ സൂക്ഷിക്കാൻ നീക്കിവയ്ക്കാം.വലിയ വാഡ്രോബുകളിൽ ആറടി ഉയരം വരെ മാത്രം വസ്ത്രങ്ങൾ സൂക്ഷിക്കുക. അതിനു മുകളിലേക്കുള്ള സ്ഥലം കർട്ടനുകൾ, തലയിണകൾ, സ്വെറ്ററുകൾ, സ്യൂട്ട്കേസുകൾ, ട്രാവൽ ബാഗുകൾ തുടങ്ങി എപ്പോഴും ആവശ്യമില്ലാത്തവ സൂക്ഷിക്കാൻ ഉപയോഗിക്കാം.അടിവസ്ത്രങ്ങൾ, ടവൽ, സോക്സ് മുതലായവ സൂക്ഷിക്കാൻ ചൂരൽ ബാസ്കറ്റുകളെ കൂട്ടുപിടിക്കാം. ഓരോന്നിനും ഓരോ ബാസ്കറ്റ് നൽകാം. ചൂരൽ ബാസ്കറ്റിനു പകരം കുറഞ്ഞ ചെലവിൽ  പ്ലാസ്റ്റിക് ട്രേകളും ഉപയോഗിക്കാം.

വാഡ്രോബിന്റെ വാതിലിന്റെ ഉൾവശവും ഉപയോഗപ്രദമാക്കാം. ബെൽറ്റ്, ബാഗുകൾ, ടൈ, കുട എന്നിവ ഇവിടെ സൂക്ഷിക്കാം.സ്വർണം, പണം തുടങ്ങിയ വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിക്കാൻ ഒരു തട്ട് നൽകണം. പെട്ടെന്ന് കണ്ണിൽപെടാത്ത രീതിയിലായിരിക്കണം ഇതിന്റെ ഡിസൈൻ. ഇതിന് ഉറപ്പുള്ള പൂട്ടുമുണ്ടായിരിക്കണം. നമ്പർ ലോക്കുള്ള റെഡിമെയ്ഡ് ലോക്കറുകൾ വാങ്ങി വാഡ്രോബിനുള്ളിൽ സുരക്ഷിതമായി വയ്ക്കുകയും ചെയ്യാം.വാഡ്രോബിന് ബലമുള്ള പിടികൾ നൽകാൻ ശ്രദ്ധിക്കണം. പതിയെ തൊട്ടാൽ അടയുന്ന സോഫ്റ്റ് ക്ലോസിങ് ഡോറുകളും നൽകാം.അൽപം ചെലവു കൂടിയാലും  ഗുണമേന്മയുള്ള വസ്തുക്കൾകൊണ്ടുള്ള നല്ല വാഡ്രോബ് സ്വന്തമാക്കുക.

Tags:
  • Vanitha Veedu