Wednesday 13 January 2021 05:03 PM IST : By സ്വന്തം ലേഖകൻ

Test ചെറിയത് സിംഗിൾ കോട്ട് വലുത് ഡബിൾ കോട്ട്

dzk2

ചെറിയത് സിംഗിൾ കോട്ട് വലുത് ഡബിൾ കോട്ട്... കട്ടിലിന്റെ അളവിനെപ്പറ്റി പലരുടേയും അറിവ് ഇത്രമാത്രമാണ്. എന്നാൽ, ഇതുകൂടാതെ കിങ്, ക്വീൻ എന്നിങ്ങനെ പല അളവിൽ കട്ടിൽ ലഭിക്കും. അവയുടെ വലുപ്പത്തെപ്പറ്റി വ്യക്തമായ ധാരണയുണ്ടാകുന്നത് എപ്പേഴും ഗുണം ചെയ്യും.

കട്ടിലിന് പൊതുവേ ആറേകാൽ അടി നീളമാണ് ഉണ്ടാകുക. വീതിയിൽ മാറ്റം വരുന്നതനുസരിച്ചാണ് വലുപ്പം വ്യത്യാസപ്പെടുന്നതും പല പേരിൽ അറിയപ്പെടുന്നതും. ആറേകാൽ അടി നീളവും മൂന്ന് അടി വീതിയുമുള്ളതാണ് ഏറ്റവും ചെറിയ കട്ടിൽ.

സിംഗിൾ കോട്ട് എന്നാണിതിന് പറയുക. ഒരാൾക്ക് കിടക്കാനുള്ള സ്ഥലസൗകര്യമേ ഇതിനുണ്ടാകൂ. ആറേകാൽ അടി നീളവും നാല് അടി വീതിയുമുള്ളതാണ് ഡബിൾ കോട്ട്. രണ്ട് പേർക്ക് ഇതിൽ കിടക്കാം. അൽപം കൂടി വലുതാണ് ക്വീൻ സൈസ്. ഇതിന് ആറേകാൽ അടി നീളവും അഞ്ച് അടി വീതിയുമുണ്ടാകും. മാതാപിതാക്കൾക്കും കുട്ടികൾക്കും കിടക്കാം എന്നതിനാൽ ക്വീൻ സൈസിനെ ‘ഫാമിലി കോട്ട്’ എന്നും വിളിക്കാറുണ്ട്.

ഏറ്റവും വലുപ്പമുള്ളതാണ് കിങ് സൈസ്. ആറേകാൽ അടി നീളവും ആറ് അടി വീതിയും ഇതിനുണ്ടാകും. സാധാരണയായി 14– 16 ഇഞ്ച് പൊക്കത്തിലാണ് റെഡിമെയ്ഡ് കട്ടിൽ ലഭിക്കുക.

തറനിരപ്പിൽ നിന്ന് മെത്തയുടെ മുകൾഭാഗം വരെ 18-20 ഇഞ്ച് പൊക്കമുണ്ടാകുന്നതാണ് നല്ലത്. ആയാസം കൂടാതെ ഇരിക്കാൻ ഈ ഉയരം അനിവാര്യമാണെന്നാണ് വിദഗ്ധമതം.

ബോക്സ് ടൈപ്പ് രീതിയിൽ കട്ടിൽ നിർമിക്കുമ്പോഴും പൊക്കത്തിന്റെ കാര്യം ശ്രദ്ധിക്കണം. അല്ലെങ്കിൽ മുതിർന്നവർക്കും മറ്റും കട്ടിൽ ഉപയോഗിക്കാൻ പ്രയാസം നേരിടും. ഉള്ളിൽ സ്റ്റോറേജ് സൗകര്യം ക്രമീകരിക്കാം എന്നതാണ് ബോക്സ് ടൈപ്പ് കട്ടിലിന്റെ മെച്ചം. കട്ടിലിന്റെ വലുപ്പം അനുസരിച്ചു വേണം ഏത് അളവിലുള്ള മെത്ത വേണം എന്നു തീരുമാനിക്കാൻ.