ഓഫിസ് കെട്ടിടത്തിന്റെ ടെറസിൽ ചെറിയ അപാർട്മെന്റ് ഒരുക്കി അവിടെ താമസിച്ചാൽ ഓഫിസ് കാര്യവും വീട്ടുകാര്യവും സുഖമായി നടക്കും. കൊച്ചിയിലെ എക്സൽ ഇന്റീരിയേഴ്സിലെ സിന്ധ്യ അലക്സിന്റെ ഓഫിസും അപാർട്മെന്റും ഇതിനു തെളിവ്. സിന്ധ്യയുടെ ഓഫിസ് കം വീട്ടുവിശേഷങ്ങൾ അറിയാം.

ഒൻപത് വർഷം മുൻപാണ് ഡിസൈനർ ദമ്പതികളായ അലക്സും സിന്ധ്യയും മൂന്ന് സെന്റിൽ കിടിലനൊരു വീട് വച്ചത്. സ്ഥലവിനിയോഗത്തിന് ഉത്തമ ഉദാഹരണമായിരുന്നു ആ വീട്. ആ വീട് ശ്രദ്ധ നേടിയതോടെ പലരും വീട് കാണാനും അതേപോലൊരു വീട് ഡിസൈൻ ചെയ്തുകിട്ടാനുമായി എത്താൻ തുടങ്ങി. അങ്ങനെയാണ് ഇവർ വീട് ഓഫിസാക്കി മാറ്റി ഫ്ലാറ്റിലേക്ക് താമസം മാറുന്നത്. അതോടെ വീട് കാണാനെത്തുന്നവർക്കും സൗകര്യമായി; വീട്ടുകാർക്കും സ്വകാര്യത ലഭ്യമായി.

അങ്ങനെ കാര്യങ്ങൾ സുഖമായി മുന്നോട്ടു പോകുമ്പോഴാണ് കോവിഡ് വരുന്നത്. കുട്ടികൾക്ക് സ്കൂളിൽ പോകേണ്ടാത്തതിനാൽ അവരെ തനിയെ വീട്ടിലിരുത്തി സിന്ധ്യയ്ക്ക് ഓഫിസിൽ വരേണ്ട അവസ്ഥയായി. അതൊഴിവാക്കാൻ സിന്ധ്യയും അലക്സും ഓഫിസിലേക്ക് താമസം മാറ്റാൻ തീരുമാനിച്ചു. അതിനായി ഓഫിസും വീടും ഒന്നാക്കിമാറ്റി. ഇരുനില കെട്ടിടത്തിന്റെ മുകളിലെ നിലയിലെ രണ്ടു മുറികൾ കിടപ്പുമുറികളാക്കി. ബാൽക്കണി വോക് ഇൻ വാഡ്രോബ് ആയി മാറ്റിയെടുത്തു.

മുകളിലെ ഓപൻ ടെറസിനെ മനോഹരമായ അപാർട്മെന്റ് ആക്കി മാറ്റി. ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിവയാണ് ഇവിടെയുള്ളത്. പാർട്ടീഷനുകളൊന്നും ഇല്ലാതെ തന്നെ ലിവിങ്, ഡൈനിങ്, അടുക്കള, വാഷ് ഏരിയ എന്നിവ കൃത്യമായി നിർവചിച്ചിരിക്കുന്നു. മൾട്ടിവുഡ് കൊണ്ടാണ് കിച്ചൻ കാബിനറ്റുകൾ. വോൾ പേപ്പർ ഉപയോഗിച്ച് ചിലയിടങ്ങളിൽ ഭിത്തി മനോഹരമാക്കിയിട്ടുണ്ട്. രണ്ടുനില കെട്ടിടത്തിന്റെ താഴത്തെനില ഓഫിസ് ആയി തന്നെ പ്രവർത്തിക്കുന്നു.

ഇതുപോലെ ഓഫിസിന്റെ ടെറസ് വീടാക്കി മാറ്റാം. ഓഫിസോ വീടോ പ്രത്യേകമായി വാടകയ്ക്ക് എടുത്തിട്ടുള്ളവർക്കെല്ലാം ഈ മാർഗം പരീക്ഷിക്കാം. ഇവ രണ്ടും ഒന്നാക്കുന്നതോടെ വാടക ലാഭം കിട്ടും. എന്നു മാത്രമല്ല, വീടിന്റെ ടെറസ് ഇതുപോലെ മാറ്റിയെടുത്ത് വാടകയ്ക്ക് നൽകുകയുമാകാം. അതുമൊരു വരുമാനമാർഗമാണ്.
1.

2.
