Wednesday 19 August 2020 04:36 PM IST

പുതിയ വൈദ്യുതി കണക്ഷൻ ലഭിക്കാൻ എന്തെല്ലാം രേഖകൾ വേണം... എത്ര ദിവസത്തിനുള്ളിൽ കണക്ഷൻ കിട്ടും; അറിയേണ്ടതെല്ലാം

Sona Thampi

Senior Editorial Coordinator

kseb

പുതിയ വീട് പണിയുന്ന സമയത്ത് തന്നെ വൈദ്യുതി കണക്ഷൻ ആവശ്യമാണ്. ഇതിനായി അപേക്ഷിക്കാൻ രണ്ട് രേഖകൾ കൈവശം ഉണ്ടായാൽ മതി. തിരിച്ചറിയൽ കാർഡും ബിൽഡിങ് പെർമിറ്റും. ആധാർ, പാസ്പോർട്ട്, റേഷൻ കാർഡ്, പാൻകാർഡ് തുടങ്ങി എട്ട് തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്ന് മതിയാകും. വയർമാൻ നൽകുന്ന സർട്ടിഫിക്കറ്റ് കൈവശം സൂക്ഷിച്ചാൽ മതി. അപേക്ഷയോടൊപ്പം നൽകേണ്ടതില്ല.
അപേക്ഷയിൽ 200 രൂപയുടെ സ്പെഷൽ അഡ്ഹസീവ് സ്റ്റാംപ് ഒട്ടിക്കണം. 61 രൂപയാണ് അപേക്ഷാ ഫീസ്. ഇലക്ട്രിസിറ്റി ബോർഡിൽ നിന്നും ഉദ്യോഗസ്ഥരെത്തി പരിശോധിച്ച ശേഷം ആവശ്യമായ പോസ്റ്റ്, സർവീസ് വയർ എന്നിവയുടെ കണക്കനുസരിച്ച് കണക്ഷൻ ചാർജ് നിശ്ചയിക്കും. പുതിയതായി പോസ്റ്റ് ഇടേണ്ട ആവശ്യമില്ലെങ്കിൽ അപേക്ഷ നൽകി രണ്ട് ദിവസത്തിനുള്ളിൽ തന്നെ വൈദ്യുതി കണക്ഷൻ ലഭിക്കും.
പുതിയ പോസ്റ്റ് ആവശ്യമില്ലാത്ത സാഹചര്യങ്ങളിൽ ഓൺലൈൻ വഴിയും അപേക്ഷിക്കാം. ഉദ്യോഗസ്ഥർ എത്തുമ്പോൾ രേഖകൾ കൈമാറിയാൽ മതിയാകും.

www.kseb.in എന്ന സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
വീട് പൂർത്തിയായ ശേഷം താരിഫ് മാറ്റാനുള്ള അപേക്ഷ നൽകണം. വീടുപണിയുടെ സമയത്ത് നിർമാണാവശ്യത്തിനുള്ള നിരക്കിലായിരിക്കും വൈദ്യുതി ബിൽ വരിക. വീട് പണിത് താമസം തുടങ്ങുന്നതോടെ ഗാർഹിക നിരക്കിലേക്ക് മാറാം. ഇതിനാണ് താരിഫ് മാറ്റുക എന്നു പറയുന്നത്. തിരിച്ചറിയൽ രേഖ, കെട്ടിടത്തിൻ്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതമാണ്‌ ഇതിന് അപേക്ഷിക്കേണ്ടത്.
നിർമാണ ആവശ്യത്തിനുള്ള വൈദ്യുതിയുടെ പ്രതിമാസ യൂണിറ്റ് നിരക്ക് ഇപ്രകാരമാണ്:

kseb 1

നൂറ് യൂണിറ്റ് വരെ - 5.80 രൂപ
101-200 യൂണിറ്റ് വരെ - 6.50 രൂപ
201-300 യൂണിറ്റ് വരെ - 7.20 രൂപ
301-500 യൂണിറ്റ് വരെ - 7.80 രൂപ
500 യൂണിറ്റിന് മുകളിൽ - 9 രൂപ
ഇതിനൊപ്പം സിംഗിൾ ഫേസിന് പ്രതിമാസം 70 രൂപയും ത്രീ ഫേസിന് 140 രൂപയും ഫിക്സഡ് ചാർജും നൽകണം. നൂറ് യൂണിറ്റിൽ കൂടുതലായി ഒരു യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചാൽ പോലും 6.50 രൂപ നിരക്കിലായിരിക്കും ബിൽ അടയ്ക്കേണ്ടി വരിക എന്ന കാര്യം പ്രത്യേകം ഓർക്കണം.

വിവരങ്ങൾക്കു കടപ്പാട്:

എസ്. ബാബുജാൻ,
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, ഇലക്ട്രിക്കൽ സബ് ഡിവിഷൻ,
കെ.എസ്.ഇ.ബി ലിമിറ്റഡ്, ഈരാറ്റുപേട്ട