വാസ്തുശാസ്ത്രാനുസാരം വീട് രൂപകൽപന ചെയ്യുമ്പോൾ ഏറ്റവും അധികം തെറ്റിദ്ധാരണകൾ ഉണ്ടാകുന്ന ഒരു ഭാഗമാണ് ഗോവണിയുടെ രൂപകൽപന. ശാസ്ത്രാനുസരണം ഗോവണി പ്രദക്ഷിണമായി വേണം മുകളിലേക്ക് പോകാൻ. അതായത്, വാച്ചിന്റെ സൂചി തിരിയുന്ന പോലെ ഇടത്തുനിന്ന് വലത്തോട്ട് വളയുന്ന രീതിയിൽ വേണം സ്റ്റെയർകെയ്സ് പണിയാൻ.
സ്റ്റെയർകെയ്സിന്റെ പടികൾ ഒറ്റസംഖ്യയിൽ അവസാനിക്കത്തക്ക വിധത്തിൽ വേണം നൽകാൻ. പരമ്പരാഗത വാസ്തു കൈകാര്യം ചെയ്യുന്നവർ ഇത് പ്രാവർത്തികമാക്കാൻ ലാഭം, നഷ്ടം, ലാഭം, നഷ്ടം എന്നിങ്ങനെ പടികൾക്ക് സങ്കൽപം നൽകി അവസാനം ലാഭത്തിൽ വന്ന് അവസാനിക്കണം എന്ന ഒരു ചെപ്പടിവിദ്യ ഉപയോഗിച്ചുവന്നിരുന്നു. ഇന്ന് ഇത് തെറ്റിദ്ധരിക്കപ്പെട്ട് ലാഭത്തിൽ വന്നില്ലെങ്കിൽ ധനസ്ഥിതി മോശമാവും എന്നുവരെ തെറ്റായി വ്യാഖ്യാനിക്കാറുണ്ട്.
ശരിയായി പറഞ്ഞാൽ ഭാരതീയ വിചാരധാരയിൽ എല്ലാ ശുഭകാര്യങ്ങളും വലതുകാൽ വച്ചാണ് കയറേണ്ടത്. ആ നിലയ്ക്ക് വലതുകാലിൽ തുടങ്ങി വലതുകാലിൽ അവസാനിക്കുന്ന ക്രമം പാലിക്കാനാണ് ഇങ്ങനെ പറഞ്ഞിരുന്നത്.
സ്റ്റെയർകെയ്സ് സാധാരണ ഗൃഹത്തിന്റെ തെക്കു വശത്തോ പടിഞ്ഞാറു വശത്തോ നൽകുന്നതാണ് അഭികാമ്യം. വടക്കോ കിഴക്കോ വന്നതുകൊണ്ട് അപാകതകൾ ഒന്നും തന്നെ ഇല്ല, എന്നാൽ വടക്കുകിഴക്കേ കോണിൽ വരുന്നത് നല്ലതല്ല എന്നും അഭിപ്രായമുണ്ട്. ഒരു ഗൃഹത്തിന്റെ ആകെക്കൂടിയുള്ള സ്വരൂപം തെക്കുപടിഞ്ഞാറ് ഏറ്റവും ഉയർന്ന് വടക്കുകിഴക്ക് ഏറ്റവും താഴ്ന്ന് ഇരിക്കത്തക്ക വിധമാണ് വേണ്ടത് എന്ന് ശാസ്ത്രം പറയുന്നു. ആ നിലയ്ക്ക് സ്റ്റെയർകെയ്സിന് ഏറ്റവും അഭികാമ്യമായ സ്ഥാനം തെക്കുപടിഞ്ഞാറായി കാണുന്നു. ഗൃഹത്തിന്റെ മധ്യഭാഗത്ത് സ്റ്റെയർകെയ്സ് നൽകുന്നത് അത്ര നല്ലതല്ല. കാരണം, ഇത് ജീവസൂത്രവേധം ഉണ്ടാക്കാനുള്ള സാധ്യത അധികമാണ്.
വാതിലിലൂടെ നോക്കുമ്പോൾ സ്റ്റെയർകെയ്സ് കാണാൻ കൂടി പാടില്ല എന്നൊക്കെ ചില ശാസ്ത്രവിരുദ്ധമായ കാര്യങ്ങൾ പ്രചാരത്തിലുണ്ട്. ഇതിൽ യാതൊരു അടിസ്ഥാനവുമില്ല. പല ആകൃതിയിലും പ്രകാരത്തിലുമുള്ള സ്റ്റെയർകെയ്സുകൾ ഇന്ന് നിലവിലുണ്ട്. ഇന്ന് സ്റ്റെയർകെയ്സ് അലങ്കാരത്തിന്റെ അടയാളമായാണ് കണക്കാക്കുന്നത്. ഗൃഹാന്തർഭാഗം മാറ്റു കൂട്ടാനുള്ള ഉപാധിയാണ് ഗോവണിയുടെ രൂപകൽപന. സാധാരണയായി തടിയിലും കോൺക്രീറ്റിലും സ്റ്റീൽ ട്യൂബുകളിലുമാണ് ചെയ്യാറുള്ളത്. എന്നാൽ ആനുകാലികമായി പല തരത്തിലും ഭാവത്തിലുമുള്ള സ്റ്റെയർകെയ്സുകൾ നിലവിലുണ്ട്. ഏതു തരത്തിലുള്ള സ്റ്റെയർകെയ്സ് ഉപയോഗിച്ചാലും പ്രദക്ഷിണമായിരിക്കുകയും ഒറ്റ സംഖ്യയിൽ ലാൻഡിങ് ഉൾപ്പെടെ പടികൾ വരുകയും വേണം എന്ന കാര്യം ശ്രദ്ധിക്കുക.
കടപ്പാട്: ഡോ. മനോജ് എസ്. നായർ, സ്ഥപതി, തിരുവിതാംകൂർ ദേവസ്വം ബോർഡ്