Wednesday 24 January 2018 02:40 PM IST : By സിനു കെ. ചെറിയാൻ

രാജ്യത്തെ ഏറ്റവും വലിയ വഞ്ചിവീടിന്റെ വിശേഷങ്ങളിലൂടെ...

samudra-royal.jpg.image.784.410.jpg.image.784.410

ഇവന്റെ വരവ് കണ്ടാൽ ആരും നോക്കി നിന്നു പോകും. ഉളളിൽ കയറിയാലോ.. സൗകര്യങ്ങൾ കണ്ട് കണ്ണുതളളിപ്പോകും ! അക്ഷരാർഥത്തിൽ ഓളപ്പരപ്പിലെ വിസ്മയക്കാഴ്ചയാണ് ആലപ്പുഴയിലെ ‘സമുദ്ര റോയൽ’ എന്ന വഞ്ചിവീട്. നൂറ്റിപ്പതിനാലരയടിയാണ് ഇഷ്ടന്റെ നീളം. മൂന്ന് കെഎസ്ആർടിസി ബസിന്റെ അത്രയും വരുമിത്. പൊക്കം ഒരു രണ്ടുനില വീടിന്റെ അത്രയുണ്ട്. പതിനെട്ടര അടി. വീതിയും ഒട്ടും കുറവല്ല ; ഇരുപത് അടി.

എയർ കണ്ടീഷനിങ് ചെയ്ത ഒൻപത് കിടപ്പുമുറികൾ, ലിവിങ് റൂം. മോഡുലാർ കിച്ചൻ. 290 പേർക്കിരിക്കാവുന്ന വമ്പൻ കോൺഫറൻസ് ഹാൾ........ ഉളളിലെ സൗകര്യങ്ങളുടെ കാര്യത്തിലും സമുദ്ര തീർത്തും ‘റോയൽ’ തന്നെ.

വലുപ്പത്തിൽ മുൻപൻ

3500 ചതുരശ്രയടിയാണ് ഈ ഇരുനില വഞ്ചി വീടിന്റെ വിസ്തൃതി. രാജ്യത്തെ ഏറ്റവും വലിയ വഞ്ചിവീടാണ് ഇതെന്ന് ഉടമ പി. ടി. സാബു പറയുന്നു. കേരളത്തിനു പുറമേ ഗോവയിലും സാബു നേരിട്ടെത്തി അന്വേഷിച്ചു. അവിടെയും ഇത്രയും വലിയ വഞ്ചിവീടില്ല.

samudra-royal7.jpg.image.784.410.jpg.image.784.410



നാനൂറ് പേരെ ഉൾക്കൊളളാവുന്ന വിശാലമായ ഹാൾ ആണ് ഈ വഞ്ചിവീടിന്റെ പ്രധാന ആകർഷണം. 63 X 20 അടിയാണ് ഇതിന്റെ വലുപ്പം. ഇത്രയും വലുപ്പമുളള ഹാളും മറ്റൊരു വഞ്ചിവീടിലുമുണ്ടാകില്ല. ബിസിനസ് മീറ്റിങ്ങുകൾക്കും കോൺഫറൻസിനും മറ്റുമായി 290 ഇരിപ്പിടങ്ങൾ ഇവിടെ ക്രമീകരിക്കാനാകും. കമ്പനികൾ സംഘടപ്പിക്കുന്ന കൂടിച്ചേരലുകൾക്കാണ് ഇവിടം കൂടുതലായും ഉപയോഗിക്കുന്നത്. അതല്ല, കുടുംബങ്ങളാണ് എത്തിയിരിക്കുന്നത് എങ്കിൽ ഇവിടം വലിയ ഡൈനിങ് ഹാൾ ആയി മാറും. അല്ലെങ്കിൽ കുട്ടികളുടെ കളിസ്ഥലമാകും.

ഒരു വർഷത്തിലധികമെടുത്തു വഞ്ചിവീടിന്റെ നിർമാണം പൂർത്തിയാകാൻ. അരൂരിനടുത്ത് പൂച്ചാക്കലിലുളള കേന്ദ്രത്തിലായിരുന്നു നിർമാണം. തടിക്കു പകരം ഇരുമ്പുകൊണ്ടാണ് വഞ്ചി നിർമിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇരുമ്പാകുമ്പോൾ സുരക്ഷയും ഉറപ്പും കൂടും ; മെയ്ന്റനൻസ് കുറയുകയും ചെയ്യും. ഇതിന് മുപ്പത് ടണ്ണോളം ഇരുമ്പ് വേണ്ടി വന്നു.

സൗകര്യങ്ങൾ ‘രാജകീയം’ തന്നെ

പഞ്ചനക്ഷത്ര ഹോട്ടലിനോട് കിടപിടിക്കുന്ന സൗകര്യങ്ങളോടെയാണ് സമുദ്ര റോയൽ നീറ്റിലിറക്കിയിരിക്കുന്നത്. പൂർണമായും ശീതീകരിച്ചവയാണ് ഒൻപത് കിടപ്പുമുറികളും. 17 എയർകണ്ടീഷനാണ് ഇതിനു വേണ്ടി വന്നത്. ഇന്റീരിയർ അലങ്കാരങ്ങളും ഗംഭീരം തന്നെ. വശങ്ങളിലെ ഗ്ലാസ് ജനാലകളടച്ച് കർട്ടനിട്ടു കഴിഞ്ഞാൽ ആഡംബര വീട്ടിലെ മുറിക്കുളളിലാണെന്നേ ആർക്കും തോന്നൂ.

samudra-royal11.jpg.image.784.410.jpg.image.784.410



വീടുകളിലേതുപോലെ ലിവിങ് റൂമിലൂടെയാണ് വഞ്ചിവീടിനുളളിലേക്ക് പ്രവേശനം. ഇറക്കുമതി ചെയ്ത ഒറിജിനൽ തടികൊണ്ടാണ് ഇവിടത്തെ ഫ്ലോറിങ്. ചുവരിൽ ത്രീഡി ഡിസൈനിലുളള എംഡിഎഫ് വേവ് ബോർഡ് പതിപ്പിച്ചിരിക്കുന്നു. ഫോൾസ് സീലിങ്ങും അതിനുളളിലെ എൽഇഡി ലൈറ്റുകളുമായി നല്ല ഗമയിലാണ് മേൽക്കൂരയും. ഇരിക്കൻ തേക്കിൽ കടഞ്ഞെടുത്ത കസേരകളുമുണ്ട്.

ഏറ്റവും മുന്നിൽ ലിവിങ് റൂം. പിന്നിൽ അടുക്കള. ഇവയെ ബന്ധിപ്പിച്ചുകൊണ്ടുളള ഇടനാഴിയോട് ചേർന്ന് നിരയായ് ആറ് കിടപ്പുമുറികൾ. ഇതാണ് വഞ്ചിവീടിന്റെ ഒന്നാംനിലയിലെ കാഴ്ച. വെവ്വേറെ നിറങ്ങളാണ് ഓരോ കിടപ്പുമുറിക്കും. ആഡംബരത്തിന് ഒരിടത്തും കുറവില്ല. മറൈൻ പ്ലൈവുഡും വെനീറും കൊണ്ടാണ് കട്ടിൽ നിർമിച്ചിരിക്കുന്നത്. വാഷ്ബേസിൻ, ബാത്റൂം എന്നിവ എല്ലാ കിടപ്പുമുറികളിലുമുണ്ട്.

സ്ലേറ്റ് സ്റ്റോണും എംഡിഎഫ് ബോർഡും പതിപ്പിച്ച് പൊലിമ കൂട്ടിയതാണ് ഇടനാഴിയുടെ ചുവരുകൾ. കണ്ടാൽ വീടുകളുടേത് പോലെ തന്നെ തോന്നും. പുറത്തേക്ക് തുറക്കുന്ന ഭാഗത്ത് നീളത്തിലുളള നിരക്കി നീക്കാവുന്ന ഗ്ലാസ് ജനാലകളാണുളളത്.

കാബിനറ്റും കുക്ക് ടോപ്പുമൊക്കെയായി മോഡുലാർ സ്റ്റൈലിലാണ് വഞ്ചിവീടിന്റെ അടുക്കള. ലാമിനേറ്റഡ് എംഡിഎഫ് കൊണ്ടാണ് കാബിനറ്റുകൾ. അടുക്കളയ്ക്ക് അടുത്തുകൂടിയാണ് തടിയും സ്റ്റെയിൻലെസ് സ്റ്റീലും കൊണ്ടുളള സ്റ്റെയർ കെയ്സ്. മൂന്ന് കിടപ്പുമുറികളും ഹാളുമാണ് മുകളിൽ.

samudra-royal9.jpg.image.784.410.jpg.image.784.410



അണുവിട തെറ്റാതെ രൂപകൽപന

വളളത്തിന്റെ ‘ഹൾ’(Hull) നിർമിക്കുന്ന സമയത്തുതന്നെ ലൈറ്റ് പോയ്ന്റ് പോലുളള ചെറിയ കാര്യമടക്കം എല്ലാം പ്ലാൻ ചെയ്തിരിക്കണമെന്ന് സാബു പറയുന്നു. കണിശതയും കൃത്യതയുമാണ് രൂപകൽപനയിൽ പ്രധാനം. ഇല്ലെങ്കിൽ വഞ്ചിപാളും ! 20 വർഷത്തിലേറെയായി ഈ രംഗത്തുളള സാബു തന്നെയാണ് വഞ്ചിവീട് ഡിസൈൻ ചെയ്തത്.

ഹൾ(വളളത്തിന്റെ ബോഡി) പൂർത്തിയായശേഷം അതിനു മുകളിൽ ‘ജിഐ ആങ്ക്ലെയർ’ കൊണ്ടുളള തട്ട് അഥവാ പ്ലാറ്റ് ഫോം പിടിപ്പിച്ച് വഞ്ചിവീടിന്റെ തറയൊരുക്കും. ജിഐ ഫ്രെയിമിൽ ഫൈബർ സിമന്റ് ബോർഡ് പിടിപ്പിച്ച് അതിനു മുകളിലായാണ് തടിയോ ടൈലോ ഒട്ടിക്കുന്നത്. തറയ്ക്ക് അടിയിലായാണ് എൻജിൻ, ജനറേറ്റർ, വാട്ടർ ടാങ്ക്, ബയോസെപ്റ്റിക് ടാങ്ക്, സ്റ്റോർ മുറി എന്നിവയുടെയെല്ലാം സ്ഥാനം. 120 ബിഎച്ച്പിയാണ് എൻജിന്റെ ശേഷി.

ജിഐ സ്ക്വയർ പൈപ്പിന്റെ ഫ്രെയിം പിടിപ്പിച്ച് മുറികൾ വേർതിരിക്കുന്നതാണ് നിർമാണത്തിന്റെ മൂന്നാംഘട്ടം. ഇതിനൊപ്പം തന്നെ മേൽക്കൂരയുടെ ഫ്രെയിമും പിടിപ്പിക്കുന്നതോടെ വഞ്ചി വീടിന്റെ അസ്ഥികൂടം തയാറാകും. പിന്നെയാണ് യഥാർഥ പണി. ഇരുമ്പ് ചട്ടക്കൂടിനെ വീട്ടകത്തിന്റെ തഞ്ചത്തിലും പരുവത്തിലുമാക്കിയെടുക്കണം. ഭാരം കുറവുളളതും തീപിടിക്കാത്തതുമായ വസ്തുക്കൾക്കാണ് ഈ ഘട്ടത്തിൽ പ്രഥമ പരിഗണന.

samudra-royal8.jpg.image.784.410.jpg.image.784.410



ജിഐ ഫ്രെയിമിന്റെ രണ്ടു വശത്തും സിമന്റ് ബോർഡോ ബൈസൺ പാനലോ പിടിപ്പിച്ചാണ് ഭിത്തി നിർമിക്കുന്നത്. ഇതിന് നടുവിലൂടെ വയറിങ് ചെയ്ത ലൈറ്റ് പോയിന്റുകളും നൽകിയിടും. ഭിത്തി ഒഴിവാക്കി തറയിൽ നിന്ന് നേരേ മുകളിലേക്ക് വരുംവിധമാണ് കഴിവതും പൈപ്പ് പോയിന്റുകൾ നൽകുക.

ഇരുമ്പ് ഫ്രെയിമിൽ പനമ്പ് വിരിച്ച് അതിനു മുകളിൽ ചൂട് കുറയ്ക്കാനുളള കൂൾ ഫോം, വെളളം നനയാതിരിക്കാനുളള പ്ലാസ്റ്റിക് ഷീറ്റ് എന്നിവ പിടിപ്പിച്ച ശേഷം മുകളിൽ വീണ്ടും പനമ്പ് വിരിച്ചാണ് മേൽക്കൂരയുടെ നിർമാണം. ആവശ്യമുളള ഇടങ്ങളിൽ ജിപ്സം ബോർഡോ കാൽസ്യം സിലിക്കേറ്റ് ബോർഡോ ഉപയോഗിച്ച് ഫോൾസ് സീലിങ്ങും നൽകും.

ലൈറ്റും പൈപ്പുമൊക്കെ പിടിപ്പിച്ച് വോൾ ക്ലാഡിങ്ങും പെയിന്റിങ്ങും പൂർത്തിയാക്കി കർട്ടനും ബ്ലൈൻഡുമൊക്കെ ഇടുന്നതോടെ ഇന്റീരിയർ നല്ല കുട്ടപ്പനാകും. 17 ജീവനക്കാരാണ് വഞ്ചിവീടിലുളളത്. ആലപ്പുഴയിലെയും കൊച്ചിയിലെയും കായൽ പരപ്പിലൂടെയാണ് ഇപ്പോഴത്തെ സഞ്ചാരം. വലുപ്പത്തിന്റെ ഗിന്നസ് റെക്കോർഡിലേക്ക് തുഴഞ്ഞെത്താനുളള ഒരുക്കങ്ങളും തകൃതിയായി നടക്കുന്നു.

ASK AN EXPERT

You can ask your questions regarding construction.

ASK NOW
POST YOUR 3D PLAN
POST YOUR 3D PLAN

Can view 3 dimensional view of plans by prominent architects.

POST NOW

VIEW GALLERY

U & YOUR HOME
U & YOUR HOME

Share your own experiance

POST NOW

View Gallery