Thursday 23 May 2019 05:00 PM IST : By സ്വന്തം ലേഖകൻ

ഭംഗി മാത്രം പോരല്ലോ...; പ്രായോഗികതയുടെ സൗന്ദര്യമാണ് ഈ വീടിനെ വേറിട്ടു നിർത്തുന്നത്

elba

ഫർണിഷിങ്, ഇന്റീരിയർ രംഗത്ത് മുദ്ര പതിപ്പിച്ച കോട്ടയത്തെ എൽബ ട്രേ‍‍ഡേഴ്സ് ഉടമ പി.എസ്. കുര്യച്ചന്റെ പുതിയ വീട്ടിലേക്ക്

ഒരുപാടു വീടുകളുടെ ഭംഗിക്കു പിന്നിൽ ‘എൽബ’യുടെ സജീവ സാന്നിധ്യമുണ്ട്. ഫർണിഷിങ് രംഗത്ത് വർഷങ്ങളായി കയ്യൊപ്പ് പതിപ്പിച്ച എൽബ ട്രേഡേഴ്സ് ഉടമ കുര്യച്ചന്റെ സ്വന്തം വീട് എങ്ങനെയുണ്ടാവുമെന്ന് അപ്പോൾപ്പിന്നെ പറയേണ്ട കാര്യമില്ലല്ലോ. ഭംഗിയോടൊപ്പം പ്രായോഗികതയ്ക്കും മുൻതൂക്കം നൽകിയാണ് കുര്യച്ചനും ഭാര്യ സാലിയും മക്കൾ പ്രശാന്തും പ്രിൻസും മരുമകൾ രാഖിയും ചേർന്ന ടീം വീടൊരുക്കിയത്. വീടിന്റെ ആശയവും പ്ലാനും ഇന്റീരിയർ ഡിസൈനുമെല്ലാം വീട്ടുകാർ തന്നെയാണ് നിർവഹിച്ചത്.

എംടെക്കുകാരിയായ രാഖിയുടെ സാങ്കേതിക പരിജ്ഞാനവും വിദേശത്തുനിന്ന് ഇന്റീരിയർ ഡിസൈനിങ് പഠനം പൂർത്തിയാക്കിയെത്തിയ ഇളയമകൻ പ്രിൻസിന്റെ നിർദേശങ്ങളും മുതൽക്കൂട്ടായി. മൂന്ന് വർഷം കൊണ്ടാണ് പണി പൂർത്തിയാക്കിയത്. ‘‘ഞങ്ങൾ തന്നെ പണിതതുകൊണ്ടാണ് സമയമെടുത്തത്. ഇടയ്ക്ക് ബിസിനസിൽ കൂടുതൽ ശ്രദ്ധ ആവശ്യം വരുമ്പോൾ പണി വൈകും. പക്ഷേ, ആ സമയങ്ങൾ ലാൻഡ്സ്കേപ് ചെയ്യാൻ പ്രയോജനപ്പെടുത്തി. ആദ്യം തന്നെ ചെടികളെല്ലാം പിടിപ്പിച്ചതിനാൽ വീട് പൂർത്തിയായപ്പോൾ ലാൻഡ്സ്കേപ്പും റെഡി,’’ കുര്യച്ചൻ വീടുപണിക്കാലം ഓർക്കുന്നു.

വഴിയിൽനിന്ന് അകത്തേക്കു കയറി, മൂന്നേക്കറിൽ മരങ്ങൾക്കു നടുവിലാണ് 10,000 ചതുരശ്രയടിയുള്ള വീട്. വഴിയുടെ സമീപമല്ലാത്തതിനാൽ പൊടിശല്യം ഇല്ലെന്ന് വീട്ടുകാർ. വീടുപണിയിൽ ഇവർ സ്വീകരിച്ച പല മാർഗങ്ങളും മാതൃകയാക്കാവുന്നതാണ്. വീടിനു മുന്നിലെ വഴിക്കു വേണ്ടി മണ്ണ് നീക്കിയപ്പോൾ 30,000 വെട്ടുകല്ല് ലഭിച്ചു. മെഷീൻകൊണ്ട് വെട്ടിയെടുക്കുകയായിരുന്നു. ഈ കല്ലുകൊണ്ടാണ് വീടും മതിലും പണിതത്. രണ്ടുതട്ടായുള്ള സ്ഥലത്ത് അതിനനുസരിച്ച് വീട് ഡിസൈൻ ചെയ്തു.

മോട്ടോറൈസ്ഡ് കർട്ടൻ

പടിഞ്ഞാറ് അഭിമുഖമായാണ് വീട്. അതുകൊണ്ട് വീടിനുള്ളിൽ ചൂട് കുറയ്ക്കാൻ ഡബിൾ ഗ്ലേസ്ഡ് ഗ്ലാസാണ് ജനലുകൾക്ക് ഉപയോഗിച്ചിട്ടുള്ളത്. കർട്ടനുകളെല്ലാം മോട്ടോറൈസ്ഡ് ആണ്. റിമോട്ടോ മൊബൈലോ വഴി ഇവ പ്രവർത്തിപ്പിക്കാം. കൈകൊണ്ട് കർട്ടൻ നീക്കാനും പ്രയാസമില്ല. കർട്ടൻ ഇടാനും തുറക്കാനും വെറുതെ ഒന്നു തൊട്ടാൽ മതി, തനിയെ നീങ്ങിക്കൊള്ളും.

യുപിവിസി ഫ്രെയിം ആണ് ജനലുകൾക്കെല്ലാം. യുപിവിസിയുടെ പതിവു വെള്ളനിറത്തിൽ നിന്നു മാറി തടി പോലെ തോന്നിക്കുന്ന ഫ്രെയിമിന് അൽപം ചെലവു കൂടുതലാണ്

e3

വാതിലിനെ വെല്ലാനാവില്ല

. ഫാമിലി ലിവിങ്ങിൽ നിന്ന് പുറത്തേക്കിരിക്കാം. ഇവിടെ ഡബിൾ ഗ്ലേസ്ഡ് ഗ്ലാസ് കൊണ്ടുള്ള ഫോൾഡിങ് വാതിലാണ്. അഞ്ചടി വീതി വരുന്ന ഈ വാതിലിന് ഇംപോർട്ടഡ് ചാനലുകളാണ്. ഗ്രൗണ്ട്‌ലെവലിനു താഴെ നിൽക്കുന്ന രീതിയിലുള്ള ചാനൽ പറഞ്ഞുചെയ്യിച്ചതാണ്.

വാതിലുകളാണ് ഇവിടത്തെ മറ്റൊരു ഹൈലൈറ്റ്. ട്രീറ്റഡ് പാർട്ടിക്കിൾ ബോർഡ് കൊണ്ടുള്ള വാതിലിന് പുറമേക്ക് വെനീർ ഒട്ടിച്ചു. കൂടാതെ നാല് വശങ്ങളിലും ഒൻപത് ഇഞ്ച് കനത്തിൽ പൈൻതടിയും അതിനും പുറമേ തേക്കും നൽകി. ‘‘സാധാരണ വാതിലുകൾക്ക് കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വികാസവും ചുരുങ്ങലും ഇവയ്ക്കില്ല എന്നതാണ് മെച്ചം. തേക്കിനേക്കാൾ കനമുള്ള വാതിലുകൾക്ക് അതിനേക്കാൾ ചെലവു കുറവുമാണ്,’’ പ്രശാന്ത് വാതിലിന്റെ മേന്മകൾ നിരത്തുന്നു.

വെർട്ടിക്കൽ വെനീർ ഷീറ്റ് തിരശ്ചീനമായാണ് വാതിലിൽ നൽകിയിരിക്കുന്നത്. ഷീറ്റിന്റെ വേസ്റ്റേജ് കുറയ്ക്കാമെന്നതാണ് ഇങ്ങനെ നൽകുന്നതുകൊ ണ്ടുള്ള ഗുണം.

വീടിനു മുന്നിൽ ഉഗ്രൻ ജലധാരയുണ്ട്. ഒരടി താഴ്ചയിൽ ഉറവയുള്ള പാടമായിരുന്നു ഇവിടം. ആ വെള്ളം ഫെറോസിമന്റിൽ നിർമിച്ച പാറക്കെട്ടുകളിലൂടെ കുളത്തിലേക്കെത്തിക്കുകയാണ്. കളകളാരവത്തോടെ വെള്ളം ഒഴുകിയിറങ്ങുന്നതു തന്നെ ഒരു കാഴ്ചയാണ്. വെള്ളം ഒഴുകിയിറങ്ങുന്ന ശബ്ദവിന്യാസത്തിനായി കല്ലുകൾ ഇടയ്ക്കിടെ കൊടുത്തിരിക്കുന്നതു പോലും ശാസ്ത്രീയമായാണ്.

റിസോർട്ടുകളിലും മറ്റും ജലധാര ഒരുക്കുന്ന വിദഗ്ധരാണ് ഇതിനു പിന്നിൽ. ലൈറ്റ് നൽകിയിട്ടുള്ളതിനാൽ ജലധാരയുടെ രാത്രിക്കാഴ്ച മാസ്മരികമായ അനുഭവമാണെന്ന് വീട്ടുകാർ ഒരേ സ്വരത്തിൽ പറയുന്നു. കടുത്ത വേനലിൽ കിളികൾക്ക് ആശ്വാസം കൂടിയാണ് ഈ വെള്ളച്ചാട്ടം. ഒരുപാട് പക്ഷികൾ ദാഹമകറ്റാൻ ദിവസവും ഇവിടെ എത്തുന്നു. പറമ്പിലെ മാവും പ്ലാവും നിലനിർത്തിക്കൊണ്ടാണ് കുളം പണിതത്. അക്വാപോണിക്സ് ആണ് ലക്ഷ്യം. നാട്ടിൽ കിട്ടാവുന്ന ഫലവൃക്ഷങ്ങളെല്ലാം തന്നെ ലാൻഡ്സ്കേപ്പിലുണ്ട്. കൂടാതെ, എൺപതോളം ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിച്ച ഹെർബൽ പാർക്കും. ശ്രദ്ധയോടെ പാർട്ടിഏരിയ

e2

പാർട്ടി ഏരിയ ഒരുക്കിയതും വളരെ ശ്രദ്ധിച്ചാണ്. അടുക്കളയോടു ചേർന്നുള്ള യൂട്ടിലിറ്റി ഏരിയയിൽനിന്ന് ടെറസിലേക്കു കയറാം. ഇവിടമാണ് പാർട്ടി ഏ രിയ. ചടങ്ങുകൾ നടത്തുമ്പോൾ അടുക്കളയിൽ നിന്ന് എളുപ്പത്തിൽ ഇവിടേക്ക് ഭക്ഷണം എത്തിക്കാമെന്ന ഗുണമുണ്ട്. വീടിനുള്ളിലൂടെ അല്ലാതെ പുറത്തുനിന്ന് നേരിട്ട് ടെറസിലേക്ക് എത്താനുള്ള സംവിധാനവുമുണ്ട്. ടെറസിൽ വാഷ് ഏരിയയും ടോയ്‌ലറ്റും ക്രമീകരിച്ചിട്ടുണ്ട്.

e1

മേൽക്കൂരയുടെ കുറച്ചു ഭാഗം വാർത്തിട്ടില്ലെന്നതും സവിശേഷതയാണ്. ജിെഎ ഷീറ്റും ഗ്ലാസ്‌വൂളും ഫോൾസ് സീലിങ്ങുമാണ് അത്രയും ഭാഗത്ത് നൽകിയിട്ടുള്ളത്. ഡബിൾ സൈഡ് കാബിനുള്ള ലിഫ്റ്റും സിനിമാതിയറ്ററിനെ വെല്ലുന്ന ഹോംതിയറ്ററുമാണ് ഈ വീട്ടിലെ എടുത്തുപറയേണ്ട മറ്റു രണ്ടു കാര്യങ്ങൾ. കാർപെറ്റും ഹോം ലാമിനേറ്റഡ് ഷീറ്റും ഉപയോഗിച്ചാണ് ഹോംതിയറ്റിന്റെ തറയും ചുമരുകളും ഒരുക്കിയത്.

ഫർണിഷിങ്ങിലും ഫർണിച്ചർ, ഇന്റീരിയർ രംഗത്തും പ്രാവീണ്യം തെളിയിച്ച അനുഭവക്കരുത്തിലൂന്നിയാണ് കുര്യച്ചനും കുടുംബവും ഈ വീട് പണിതത്. ഈ അനുഭവങ്ങൾ ആവശ്യക്കാർക്കു പകർന്നു കൊടുക്കാൻ ഇവർക്കു സന്തോഷമേയുള്ളൂ. ■

ചിത്രങ്ങൾ: നെയ്തൻ